അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 162 ദിവസം

ജീവിതയാത്രയില്‍ ഇന്ന് അനേക സഹോദരങ്ങള്‍ ഭയത്തിന്റെ അഗാധങ്ങളില്‍ക്കൂടി യാനം ചെയ്യുന്നവരാണ്. അനുദിനജീവിതത്തില്‍ ഉരുത്തിരിയുന്ന ആശങ്കകള്‍ മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളര്‍ത്തുന്നു. ദൈവത്തെ ജീവിതത്തില്‍ രുചിച്ചറിഞ്ഞിട്ടുള്ളവരും ദൈവത്തിന്റെ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളവരും അനുദിനം ദൈവം നയിക്കുന്നുവെന്ന് സാക്ഷിക്കുന്നവരുമെല്ലാം പരീക്ഷണങ്ങളുടെയും പ്രതികൂലങ്ങളുടെയും താഴ്‌വാരങ്ങളില്‍ പലപ്പോഴും ഭയവിഹ്വലരായിത്തീരുന്നതായി തിരുവചനം സാക്ഷിക്കുന്നു. ഭയാശങ്കകളില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന തന്റെ ജനത്തിനു ലഭിക്കുന്ന ഉറപ്പാണ് ''ഭയപ്പെടേണ്ട'' എന്ന ദൈവശബ്ദം. തന്നെ മറന്ന്, അന്യദൈവങ്ങളെ ആരാധിക്കുന്ന തന്റെ ജനത്തെ വീണ്ടെടുക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ദൈവം അവരെ ക്രൂരമായ അടിമത്തത്തിലേക്ക് അയച്ച് ശിക്ഷിക്കുന്നതായി തിരുവചനം സാക്ഷിക്കുന്നു. എന്നാല്‍ അടിമത്തത്തിന്റെ നിഷ്ഠൂരമായ താഡനങ്ങളുടെയും പീഡനങ്ങളുടെയും നടുവില്‍ തളര്‍ന്ന്, തകര്‍ന്ന് ഭയവിഹ്വലരായി, തങ്ങള്‍ മറന്നുകളഞ്ഞ ദൈവത്തെ അവര്‍ വിളിച്ചപേക്ഷിക്കുമ്പോള്‍, ഭയപ്പെടേണ്ട! എന്ന് അത്യുന്നതനായ ദൈവം അവരോട് അരുളിച്ചെയ്യുന്നു. നിസ്സഹായരും തന്റെ ശിക്ഷയില്‍ തകര്‍ന്നു തന്നോടു ഭയാശങ്കകളോടെ നിലവിളിക്കുന്നവരുമായ തന്റെ ജനത്തെ കാരുണ്യവാനായ ദൈവം തന്റെ ദാസന്മാരെ അയച്ച് വീണ്ടെടുക്കുന്നു. ദൈവത്തെ മറന്ന് രോഗദു:ഖങ്ങളുടെയും, കഷ്ടനഷ്ടങ്ങളുടെയും അടിമത്തത്തില്‍ വലയുന്നവര്‍, ഒന്നാം യിസ്രായേലിനെപ്പോലെ തങ്ങള്‍ മറന്നുകളഞ്ഞ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോള്‍ ''ഭയപ്പെടേണ്ട'' എന്ന ദൈവശബ്ദം അവര്‍ക്കു കേള്‍ക്കുവാന്‍ കഴിയും. 

             സഹോദരാ! സഹോദരീ! നിന്നെ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ഭയാശങ്കകളോടെയാണോ ഈ സമയത്ത് നീ ഈ വരികള്‍ വായിക്കുന്നത്? എങ്കില്‍ അമ്മയുടെ ഉദരംമുതല്‍ നിന്നെ ഇന്നെയോളം വഴിനടത്തിയ ദൈവത്തിന് നിന്റെ എല്ലാ പ്രതിസന്ധികളില്‍നിന്നും നിന്നെ രക്ഷിക്കുവാന്‍ കഴിയുമെന്ന് നീ ഓര്‍ക്കുമോ? ഈ നിമിഷംതന്നെ നിന്റെ എല്ലാ ഭയങ്ങളെയും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമെങ്കില്‍ ''ഭയപ്പെടേണ്ട'' എന്ന ദൈവശബ്ദം നിനക്കും കേള്‍ക്കുവാന്‍ കഴിയും. 

ഭയപ്പെടേണ്ട ഞാന്‍ നിന്റെ കൂടെയുണ്ട് 

ഭ്രമിക്കേണ്ട ഞാന്‍ നിന്റെ ദൈവമാണ് 

എന്നരുളിയ ദൈവം കൂടെയുണ്ടെന്നും 

കരംപിടിച്ചു നടത്തിടുവാന്‍                             യേശു എന്നെ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com