അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അനുഗ്രഹങ്ങള്‍ക്കായി കേണുകൊണ്ട് കര്‍ത്തൃസന്നിധിയില്‍ എത്തുന്ന അനേക സഹോദരങ്ങള്‍ക്ക് കര്‍ത്താവിനെ സമ്പൂര്‍ണ്ണമായി അനുസരിക്കുവാന്‍ കഴിയാത്തതുകൊണ്ട് അനുഗൃഹീതരായി മടങ്ങിപ്പോകുവാന്‍ കഴിയുന്നില്ല. സ്വന്തം ബുദ്ധിക്കോ യുക്തിക്കോ നിരക്കാത്ത പരിശുദ്ധാത്മ നിര്‍ദ്ദേശങ്ങള്‍ ഉപാധിയില്ലാതെ അനുസരിക്കുവാന്‍ തയ്യാറാകാത്തതിനാലാണ് നമ്മുടെ നിരന്തരമായ പ്രാര്‍ത്ഥനകളുടെ മുമ്പിലും ദൈവത്തിനു പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തതെന്ന് നാം മനസ്സിലാക്കണം. കാനാവിലെ കല്യാണവിരുന്നില്‍ പങ്കെടുത്ത കര്‍ത്താവിനോട് വീഞ്ഞ് തീര്‍ന്നുപോയ വിവരം വിശുദ്ധ മാതാവ് അറിയിക്കുമ്പോള്‍ താന്‍ എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ച് വീഞ്ഞ് ഒരുക്കുമെന്നുള്ള സൂചന കര്‍ത്താവ് നല്‍കിയിരുന്നില്ല. പക്ഷേ തന്റെ മകന്‍ ആരെന്നു ശരിയായി അറിയുന്ന വിശുദ്ധ മാതാവ് ''അവന്‍ എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്യുവിന്‍'' എന്ന് അവിടെയുള്ള ശുശ്രൂഷക്കാരോട് ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന ആറു കല്‍പ്പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുവാന്‍ യേശു ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അവ വക്കോളം നിറച്ചു ''ഇപ്പോള്‍ കോരി കലവറക്കാരനു കൊണ്ടുപോയി കൊടുക്കുവിന്‍'' എന്ന് കര്‍ത്താവ് വീണ്ടും പറയുമ്പോള്‍ കര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് തങ്ങള്‍ കോരിനിറച്ച പച്ചവെള്ളം കലവറക്കാരനു കൊടുക്കുന്നത്. അതിഥികള്‍ക്ക് വീഞ്ഞിന് പകരം പച്ചവെള്ളം കൊടുത്താല്‍ അത് അവരെ അധിക്ഷേപിക്കുന്നതിനു തുല്യമാകും. അങ്ങനെ കല്യാണവിരുന്ന് അലങ്കോലപ്പെടുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടതും തങ്ങളാണെന്ന് ശുശ്രൂഷക്കാര്‍ക്ക് അറിയാമായിരുന്നു. പക്ഷേ അവര്‍ കര്‍ത്താവിനെ സമ്പൂര്‍ണ്ണമായി വിശ്വസിച്ചു... ഉപാധിയില്ലാതെ അനുസരിച്ചു... അതുകൊണ്ട് ദൈവത്തിന്റെ മഹത്ത്വം എല്ലാവര്‍ക്കും കാണുവാനും കഴിഞ്ഞു.
സഹോദരാ! സഹോദരീ! കര്‍ത്താവില്‍നിന്നും അത്ഭുതങ്ങള്‍ അനുഭവിക്കുവാന്‍ നിനക്ക് കഴിയാത്തതിന്റെ കാരണം കര്‍ത്താവിനെ നിനക്ക് സമ്പൂര്‍ണ്ണമായി അനുസരിക്കുവാന്‍ കഴിയാത്തതാണെന്ന് നീ മനസ്സിലാക്കുമോ? യേശുവിനെ സമ്പൂര്‍ണ്ണമായി വിശ്വസിക്കാതെ, ഉപാധിയില്ലാതെ അനുസരിക്കാതെ, യേശുവിന്റെ അത്ഭുതങ്ങള്‍ അനുഭവമാക്കുവാന്‍ നിനക്കു കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? ഈ സമയത്ത് നിന്നെത്തന്നെ യേശുവിന്റെ സന്നിധിയില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുമോ?
അനുസരണത്താല്‍ വിശ്വാസത്താല്‍
ശുശ്രൂഷകരായ് തീരാന്‍
സഹിഷ്ണുതയാലും സ്‌നേഹത്താലും
പാരില്‍നിന്നൊളി വീശാന്‍... ശിഷ്യരാക്കി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com