അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 159 ദിവസം

ന്യായം വിധിക്കുവാന്‍ പലപ്പോഴും നാം ഔത്സുക്യം കാണിക്കാറുണ്ട്. മറ്റുള്ളവരുടെമേല്‍ കുറ്റാരോപണങ്ങള്‍ നടത്തുവാനും അതിന്മേല്‍ ന്യായം വിധിക്കുവാനും മാത്രമല്ല നമ്മോടു തെറ്റു ചെയ്യുന്നവരുടെമേല്‍ നമ്മുടെ ന്യായവിധി അടിച്ചേല്പിക്കുവാനും നാം വളരെ ഉത്സാഹിക്കാറുണ്ട്. ഒരിക്കലും സഹിക്കുവാനോ മറക്കുവാനോ ആവാത്ത അന്യായം തന്നോടു ചെയ്യുകയും ഇരുപതു പ്രാവശ്യം തന്നെ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്ത ശൗലിനെ കൊന്നൊടുക്കുവാന്‍ അവസരം ലഭിക്കുമ്പോള്‍, ''യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ'' എന്നു പറയുന്ന ദാവീദ് നമുക്കു മാതൃകയാകണം. ദാവീദിന്റെ ജീവിതത്തെ തകര്‍ക്കുവാന്‍ ഒരു വേട്ടമൃഗത്തെപ്പോലെ അവനെ പിന്തുടരുന്ന ശൗല്‍, യഹോവ തനിക്കു പകരം യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്ത ദാവീദിനെ കൊല്ലുവാനായി ആവോളം ശ്രമിച്ചു. ദാവീദിനോടുള്ള തീരാത്ത പക കാരണം ദാവീദിന്റെ ഭാര്യയായ തന്റെ മകളെ മറ്റൊരുവനു ഭാര്യയായി കൊടുത്തു. ശൗലിന്റെ കരങ്ങളില്‍നിന്നു രക്ഷപ്പെടുവാനായി മരുഭൂമിയിലും കാടുകളിലും പാര്‍ക്കുന്ന ദാവീദിനെ പടയാളികളുമായി ശൗല്‍ പിന്തുടര്‍ന്നു. അവിടെ ദൈവം ശൗലിനെ ദാവീദിന്റെ കൈയില്‍ ഏല്പിച്ചിട്ടും, ''യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈവയ്ക്കുവാന്‍'' ദാവീദിനു മനസ്സില്ലായിരുന്നു. തന്നോട് അന്യായം ചെയ്യുന്നവരോടു വ്യവഹരിക്കുന്ന ദൈവത്തെയാണ് താന്‍ ആരാധിക്കുന്നതെന്ന ഉറപ്പ് ദാവീദിനുണ്ടായിരുന്നു. അതുകൊണ്ടാണ് യിസ്രായേലിന്റെ രാജാവായ തന്നെ അഭിഷേകം ചെയ്ത ദൈവം, ശൗലിന്റെ സൈന്യത്തില്‍നിന്നും ശക്തിയില്‍നിന്നും തന്നെ രക്ഷിക്കുമെന്നും ''യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ'' എന്നും ദാവീദ് ശൗലിനോടു പറയുന്നത്. 

                        ദൈവത്തിന്റെ പൈതലേ! നിന്നോട് അന്യായം ചെയ്യുന്നവരോടും, നിനക്കെതിരേ ദോഷം പ്രവര്‍ത്തിക്കുന്നവരോടും പ്രതികാരം ചെയ്യാതെ നിന്റെ വ്യവഹാരം ദാവീദിനെപ്പോലെ സങ്കടത്തോടെ യഹോവയെ ഭരമേല്പിക്കുവാന്‍ നിനക്കു കഴിയുമോ? നിനക്കുവേണ്ടി വാദിക്കുവാന്‍ ആരുമില്ലെന്ന് നീ സങ്കടപ്പെടുന്നുണ്ടോ? നീ ആശ്രയിച്ചിരിക്കുന്ന നിന്റെ ദൈവം, നീതിയുടെ ന്യായാധിപതിയാണെന്ന് നീ ഓര്‍മ്മിക്കുമോ? അവന്‍ നിനക്കുവേണ്ടി വ്യവഹരിച്ച് നിന്നെ രക്ഷിക്കും! 

ന്യായാധിപന്മാരെ ന്യായം വിധിക്കുമെന്‍ കര്‍ത്താധികര്‍ത്തനാം യേശു

അന്യായം നീക്കിയെന്‍ ന്യായത്തെ കാട്ടും നീതിയിന്‍ സൂര്യനാമേശു          സ്‌തോത്രഗീതം...                                                                            

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com