അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിനെയും, കര്‍ത്താവ് നല്‍കുന്ന സൗഖ്യത്തെയും, കര്‍ത്താവില്‍നിന്നും രുചിച്ചറിഞ്ഞിട്ടുള്ള അത്ഭുതങ്ങളെയുംകുറിച്ച് നാം തീക്ഷ്ണതയോടും ആവേശത്തോടുംകൂടി അനേകരോടു പറയാറുണ്ട്. എന്നാല്‍ നാം പ്രതീക്ഷിക്കുന്ന രീതിയിലുള്ള അനുകൂലമായ പ്രതികരണങ്ങള്‍ അവരില്‍നിന്നു ലഭിക്കാതെ വരുമ്പോള്‍ നമ്മുടെ സാക്ഷ്യങ്ങള്‍ തണുത്തുപോകുന്നു. യേശുവിനെക്കുറിച്ച് പലരോടും പറഞ്ഞു എന്ന് ആത്മസംതൃപ്തിയടയുവാന്‍ ഇപ്രകാരമുള്ള ''പറച്ചില്‍'' ധാരാളം മതിയാകും. എന്നാല്‍ യേശുവിനുവേണ്ടി വ്യക്തികളെ നേടുവാന്‍ അന്തര്‍ദാഹമുള്ളവര്‍ പെന്തിക്കോസ്തുനാളില്‍ അപ്പൊസ്തലന്മാരുടെ പ്രസംഗം കേട്ടപ്പോള്‍ ജനങ്ങളില്‍നിന്നുയര്‍ന്ന ''സഹോദരന്മാരായ പുരുഷന്മാരെ, ഞങ്ങള്‍ എന്തു ചെയ്യണം?'' എന്ന ചോദ്യം ശ്രദ്ധിക്കേണ്ടതുണ്ട്. യേശുവിന്റെ മാര്‍ഗ്ഗം അവന്റെ ക്രൂശുമരണത്തോടെ അവസാനിച്ചു എന്ന് യെഹൂദാനേതാക്കന്മാര്‍ പൊതുജനത്തെ വിശ്വസിപ്പിച്ചുതുടങ്ങിയ ദിവസങ്ങളിലാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാക്ഷികളായി എഴുന്നേറ്റ, ലൗകിക പാണ്ഡിത്യമോ, പ്രാഗത്ഭ്യമോ ഇല്ലാത്ത പാവപ്പെട്ട ശിഷ്യന്മാരുടെ വാക്കുകളാല്‍ ജനത്തിന് ഹൃദയത്തില്‍, കുത്തുകൊള്ളുന്നത്. അവര്‍ യെരൂശലേമില്‍ പരിശുദ്ധാത്മാവിനായി കാത്തിരിക്കണമെന്നും, പരിശുദ്ധാത്മാവ് അവരുടെമേല്‍ വരുമ്പോള്‍ അവര്‍ക്കു ശക്തി ലഭിച്ചിട്ട് ഭൂമിയുടെ അറ്റത്തോളം തന്റെ സാക്ഷികള്‍ ആകും (അപ്പൊ. പ്രവൃ. 1 : 4, 8) എന്നും സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് യേശു തന്റെ ശിഷ്യന്മാരോടു കല്പിച്ചിരുന്നു. അങ്ങനെ കാത്തിരുന്ന് പരിശുദ്ധാത്മശക്തി പ്രാപിച്ച ശിഷ്യന്മാരുടെ സാക്ഷ്യം കേട്ടപ്പോഴാണ് ജനത്തിനു ഹൃദയത്തില്‍ കുത്തുകൊണ്ട് മൂവായിരം പേര്‍ സഭയോടു ചേര്‍ന്നത്.
സഹോദരാ! സഹോദരീ! നീ പലരോടും കര്‍ത്താവിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഒരു വ്യക്തിയെപ്പോലും കര്‍ത്താവിങ്കലേക്കു ആകര്‍ഷിക്കുവാന്‍ കഴിയുന്നില്ല എന്നു ഭാരപ്പെടുന്നുവോ? പരിശുദ്ധാത്മനിറവിലുള്ള സാക്ഷ്യങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും മാത്രമേ ശ്രോതാക്കളില്‍ പാപബോധം സൃഷ്ടിച്ച് യേശുവിങ്കലേക്ക് അവരെ ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളു. അതുകൊണ്ട് കര്‍ത്താവിനുവേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ ''പരിശുദ്ധാത്മശക്തിയാല്‍ അടിയനെ നിറയ്ക്കണമേ'' എന്ന പ്രാര്‍ത്ഥനയോടെ പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരിക്കുവാന്‍ നിനക്കു കഴിയുമോ?
സര്‍വ്വഭൂമിയിലും നിന്നെ ഘോഷിപ്പാന്‍
സര്‍വ്വസൃഷ്ടികളും നിന്നെ കേള്‍ക്കുവാന്‍
യേശുവേ നിന്റെ ശബ്ദമായ്
യേശുവേ നിന്നെ കാട്ടുവാന്‍ നിന്റെ കൃപയാല്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com