അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവ് ഈ ലോകത്തിലേക്കു കടന്നുവന്നപ്പോള്‍ അവനെ വളരെയധികം വെറുത്ത പരീശന്മാരും, ശാസ്ത്രിമാരും കര്‍ത്താവിനെ കൊല്ലുവാന്‍ പരിശ്രമിച്ചവരില്‍ പ്രമുഖന്മാരായിരുന്നു. പ്രത്യേക വേഷം ധരിച്ച്, തിരുവചനമെഴുതിയ ചെറിയ തുകല്‍ച്ചുരുളുകള്‍ അടങ്ങിയ തുകല്‍പ്പെട്ടികള്‍ മറ്റുള്ളവര്‍ കാണത്തക്കരീതിയില്‍ ശരീരത്തില്‍ ധരിച്ച്, പരസ്യമായി തെരുക്കോണുകളില്‍ പ്രാര്‍ത്ഥിക്കുകയും, തങ്ങളുടെ ഉപവാസങ്ങള്‍ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാന്‍ അലക്ഷ്യമായി വസ്ത്രധാരണം നടത്തി, മുടി ചീകിയൊതുക്കാതെ ആലസ്യത്തിന്റെ മുഖാവരണവുമായി ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നവരായിരുന്നു പരീശന്മാര്‍. ഭക്തിയുടെ വേഷം ധരിച്ച് വിധവമാരെ വിഴുങ്ങുകയും, അനാഥരെയും ആലംബഹീനരെയും ചൂഷണം ചെയ്തു ജീവിക്കുകയും ചെയ്ത പരീശന്മാരെയും ശാസ്ത്രിമാരെയും വെള്ളതേച്ച ശവക്കല്ലറകളെന്നാണ് കര്‍ത്താവ് വിളിച്ചത്. കര്‍ത്താവിന്റെ അടുത്തേക്ക് ആശ്വാസത്തിനായും സമാധാനത്തിനായും സൗഖ്യത്തിനായും കടന്നുവന്നുകൊണ്ടിരുന്ന ജനത്തെ പിന്തിരിപ്പിക്കുവാന്‍ അവര്‍ ആവോളം പരിശ്രമിച്ചു. അതുകൊണ്ടാണ് അവര്‍ മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നുവെന്നും സ്വര്‍ഗ്ഗരാജ്യത്തിലേക്ക് അവര്‍ കടക്കുന്നില്ലെന്നു മാത്രമല്ല, കടക്കുവാന്‍ ആഗ്രഹിക്കുന്നവരെ സമ്മതിക്കുന്നുമില്ല എന്ന് കര്‍ത്താവ് അവരെക്കുറിച്ച് അരുളിച്ചെയ്തത്. സമാധാനത്തിനും സാന്ത്വനത്തിനും സൗഖ്യത്തിനുമായി ജീവജലത്തിന്റെ വറ്റാത്ത ഉറവയായ കര്‍ത്താവിന്റെ അടുത്തേക്ക് കടന്നുപോകുന്നവരെ ഭക്തിയുടെയും നിയമത്തിന്റെയും പാരമ്പര്യത്തിന്റെയും പടവാളുകളുമായി ഇന്നും അനേകര്‍ വിലക്കുവാന്‍ ശ്രമിക്കുന്നു. ഇങ്ങനെയുള്ളവര്‍ കപടഭക്തിക്കാരായ പരീശന്മാരാണെന്നുള്ളതു മനസ്സിലാക്കി യേശുവിനോടൊപ്പമുള്ള പ്രയാണം തുടരുക.
സഹോദരാ! സഹോദരീ! നീ പരിശുദ്ധാത്മശക്തിയില്‍ പ്രവര്‍ത്തിക്കുന്നവരെയും പരിശുദ്ധാത്മാവിനുവേണ്ടി ദാഹിക്കുന്നവരെയും വിമര്‍ശിക്കുകയും അവര്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്ടോ? അങ്ങനെയെങ്കില്‍ നീ യേശുവിനെതിരേയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇനിയെങ്കിലും ഓര്‍ക്കുമോ? നീ യേശുവിനെ വാസ്തവമായി, രുചിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ യേശുവിനെ രുചിച്ചറിയുവാന്‍ ശ്രമിക്കുന്ന മറ്റൊരുവനെ പരീശനെപ്പോലെ തടയുകയില്ലെന്ന് തീരുമാനിക്കുമോ?
യേശുവിന്‍ സന്നിധിയില്‍ വരുവിന്‍ യേശുവിന്‍ സന്നിധിയില്‍
അദ്ധ്വാനിക്കും സോദരരേ! ഭാരം ചുമപ്പവരേ!
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com