അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 155 ദിവസം

ബാഹ്യമായ ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് ഭക്തിയുടെ പരിവേഷമണിഞ്ഞു മാനുഷിക ദൃഷ്ടിയില്‍ ഭക്തന്മാരായി ചമഞ്ഞ് ആത്മീയ രംഗങ്ങളില്‍ അധികാരങ്ങളും അംഗീകാരങ്ങളും സ്ഥാനമാനങ്ങളും പിടിച്ചെടുക്കുന്ന അനേകരെ ക്രൈസ്തവ സമൂഹത്തില്‍ കാണുവാന്‍ കഴിയും. തന്റെ ജനത്തെ ഭരിക്കുവാന്‍ ഒരു രാജാവിനെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്യുന്നതിനായി യിശ്ശായിയുടെ ഭവനത്തിലേക്ക് പ്രവാചകനായ ശമൂവേലിനെ യഹോവയാം ദൈവം അയയ്ക്കുമ്പോള്‍ തന്റെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ദൈവം അവനെ അറിയിക്കുന്നു. ''യഹോവയോ ഹൃദയത്തെ നോക്കുന്നു'' എന്നരുളിച്ചെയ്യുന്ന അത്യുന്നതനായ ദൈവം, ബാഹ്യമായ ആരാധനകളെക്കാളും ഭക്തിയുടെ മറ്റു വേഷവിധാനങ്ങളെക്കാളുമുപരി താന്‍ വിലമതിക്കുന്നത് ഹൃദയത്തിന്റെ വിശുദ്ധിയും വിശ്വസ്തതയും വിശ്വാസവുമാണെന്ന് തന്റെ പ്രവാചകന് മനസ്സിലാക്കിക്കൊടുക്കുന്നു. ശൗലിന്റെ സൈന്യത്തില്‍ സ്ഥാനമാനങ്ങളുണ്ടായിരുന്ന യിശ്ശായിയുടെ മൂത്ത പുത്രന്‍ എലീയാബിനെ യിസ്രായേലിന്റെ രണ്ടാം രാജാവായി അഭിഷേകം ചെയ്യുവാന്‍ ഒരുങ്ങുന്ന പ്രവാചകനെ വിലക്കിയ ദൈവം, പല പ്രാഗത്ഭ്യങ്ങളുമുണ്ടായിരുന്ന യിശ്ശായിയുടെ മറ്റു മക്കള്‍ ഓരോരുത്തരെയും തിരസ്‌കരിക്കുന്നു. ലൗകികമായ അവരുടെ യോഗ്യതകളെക്കാള്‍ താന്‍ അവരുടെ ഹൃദയങ്ങളെയാണ് നോക്കുന്നതെന്ന് ശമൂവേലിനോടു ദൈവം വ്യക്തമാക്കി. അവസാനം പ്രവാചകന്റെ നിര്‍ദ്ദേശാനുസരണം ആടുകളെ മേയിച്ചുകൊണ്ടിരുന്ന യിശ്ശായിയുടെ ഇളയ മകനായ ദാവീദിനെ വിളിച്ചു വരുത്തി. വെറും ഇടയച്ചെറുക്കനായിരുന്ന ദാവീദിന് തന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുമ്പില്‍ യാതൊരു യോഗ്യതകളുമില്ലാതിരുന്നിട്ടും, ഹൃദയങ്ങളെയും ഹൃദയേന്ദ്രിയങ്ങളെയും ശോധന ചെയ്യുന്ന സര്‍വ്വശക്തനായ ദൈവം ദാവീദിനെ യിസ്രായേലിന്റെ രാജാവായി തിരഞ്ഞെടുത്തു. 

                     സഹോദരാ! സഹോദരീ! ആത്മിക ശുശ്രൂഷകളിലും ദൈവാലയങ്ങളിലെ ആരാധനകളിലും മുടക്കം കൂടാതെ പങ്കെടുക്കുന്ന നിന്റെ ഹൃദയത്തെ ദൈവം നോക്കുന്നു എന്നു നീ ഓര്‍മ്മിക്കുമോ? നിന്നില്‍ നിഗൂഢമായിരിക്കുന്ന പാപത്തിന്റെ മോഹങ്ങളും പ്രവൃത്തികളും മനുഷ്യന്റെ കണ്‍മുമ്പില്‍നിന്നു കപടഭക്തിയിലൂടെ മറയ്ക്കുവാന്‍ കഴിയുമെങ്കിലും ദൈവത്തിന്റെ മുമ്പില്‍ എല്ലാം നഗ്‌നവും ഗോചരവുമാണെന്ന് നീ മനസ്സിലാക്കുമോ? 

ന്യായാധിപന്മാരെ വിധിക്കുന്നെന്‍ ദൈവം 

നീതിമാന്മാരിന്നപേക്ഷ തള്ളിക്കളയില്ല 

അന്യായത്തിന്‍ നുകത്തെ എന്നെന്നേക്കും തകര്‍ക്കുന്ന 

ദൈവത്തിന്റെ ജയക്കൊടി ഉയര്‍ത്തുന്നു ഞാന്‍.                     കൊടി ഉയര്‍ത്തുന്നു...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com