അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുവാനും അവരുടെ പാപങ്ങളുടെ പട്ടിക നിരത്തിവയ്ക്കുവാനുമുള്ള പ്രവണത ക്രൈസ്തവ സഹോദരങ്ങളുടെ ഇടയില്‍ ഏറെയാണ്. പാപബോധം നഷ്ടപ്പെട്ട് സ്വയം നീതികരണത്തിലൂടെ മുമ്പോട്ടു പോകുന്ന സഹോദരങ്ങള്‍ക്ക് പാപബോധം വരുത്തുവാന്‍ പരിശുദ്ധാത്മാവിനു മാത്രമേ കഴിയുകയുള്ളു. പലപ്പോഴും അനേക സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് മറ്റുള്ളവരുടെ പാപങ്ങള്‍ ക്ഷമിക്കുവാനാണ്. പാപബോധമില്ലാതെ സ്വയം ന്യായീകരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗം തള്ളിക്കളയുന്നുവെന്ന് ചുങ്കക്കാരന്റെയും പരീശന്റെയും പ്രാര്‍ത്ഥനയുടെ ഉപമയിലൂടെ കര്‍ത്താവ് വ്യക്തമാക്കുന്നു. ദൈവസന്നിധിയില്‍ അനവധിയായ ന്യായീകരണങ്ങളും ചുങ്കക്കാരനെക്കാള്‍ തനിക്കുള്ള ശ്രേഷ്ഠതകളും നിരത്തിവയ്ക്കുന്ന പരീശന്റെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗം തള്ളിക്കളയുന്നതായി കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. പരിശുദ്ധാത്മാവ് നമ്മില്‍ പരിവര്‍ത്തിക്കുമ്പോള്‍ മാത്രമേ വിശുദ്ധനായ ദൈവത്തിന്റെ തിരുമുമ്പാകെയുള്ള നമ്മുടെ അശുദ്ധമായ അവസ്ഥയെക്കുറിച്ച് ബോധം വരികയുള്ളൂ, നാം ചെയ്തുപോയ പാപത്തെക്കുറിച്ച് ബോദ്ധ്യം വരുത്തുന്നതോടൊപ്പം, നമ്മെ ദൈവസന്നിധിയില്‍നിന്നകറ്റുവാന്‍ സാത്താന്‍ ഒരുക്കുന്ന പാപക്കെണികളെക്കുറിച്ചും നമ്മില്‍ വസിക്കുന്ന ദൈവത്തിന്റെ വിശുദ്ധാത്മാവ് ബോദ്ധ്യം വരുത്തും. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ നീതിയെക്കുറിച്ച് ബോധമുള്ളവരായിരിക്കുമെന്നു മാത്രമല്ല, ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള ഭയവും അവര്‍ക്കുണ്ടായിരിക്കും.
സഹോദരാ! സഹോദരീ! നിന്റെ പ്രാര്‍ത്ഥനകള്‍ പരീശനെപ്പോലെ ദൈവസന്നിധിയിലുള്ള നിന്റെ പ്രാഗത്ഭ്യങ്ങളും മറ്റുള്ളവരെക്കാളുപരി നിനക്കുള്ള ശ്രേഷ്ഠതകളും നിരത്തിവച്ചുകൊണ്ടുള്ളതാണോ? എങ്കില്‍ നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തില്‍നിന്നു യാതൊരു മറുപടിയും ലഭിക്കുകയില്ല. ഈ സമയത്ത് പരിശുദ്ധാത്മാവ് നിന്റെ ഹൃദയത്തില്‍ പരിവര്‍ത്തിച്ച് നിന്നെ ഒരു പുതിയ സൃഷ്ടിയാക്കിത്തീര്‍ക്കുവാന്‍ നീ യേശുവിന്റെ സന്നിധിയില്‍ സ്വയം സമര്‍പ്പിക്കുമോ? അപ്പോള്‍ അവന്‍ നിന്നെ സകല സത്യത്തിലും വഴിനടത്തുമെന്ന് നീ ഓര്‍ക്കുമോ?
ക്രിസ്തുവിലായ് നീ ഇന്നൊരു
പുതുസൃഷ്ടിയായി തീരണം
പരിശുദ്ധാത്മാവാല്‍ നീ
യേശുവിന്‍ സാക്ഷിയാകണം. ആശ്വാസമേശു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com