അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 153 ദിവസം

സ്വത്തുക്കളും സ്ഥാനമാനങ്ങളും സിംഹാസനങ്ങളും സ്വന്തമാക്കുവാനുള്ള അത്യാഗ്രഹങ്ങളാല്‍ അനേക ക്രൈസ്തവ സഭകളും ശുശ്രൂഷകളും പിളരുകയും തളരുകയും ചെയ്യുന്നത് സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. വാശിയും വെറുപ്പും തിങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍, സകല സത്യത്തിലും വഴി നടത്തുന്ന പരിശുദ്ധാത്മാവിനെ സ്വന്തമാക്കുവാന്‍ കഴിയാതെ ക്രൈസ്തവ സമൂഹം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നു. കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം, നിഷ്ഠൂരമായ പീഡനങ്ങളുടെയും കഷ്ടനഷ്ടങ്ങളുടെയും നടുവില്‍ ഒരു ചെറിയ സമൂഹം മാത്രമായിരുന്ന ആദിമസഭയെ വളര്‍ത്തിയത് പരിശുദ്ധാത്മാവ് ആയിരുന്നു. ഭയമില്ലാതെ, ഉറപ്പോടും ധൈര്യത്തോടും കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആ ചെറിയകൂട്ടത്തിന് കഴിഞ്ഞത് പരിശുദ്ധാത്മാവ് അവരെ ശക്തീകരിച്ചതുകൊണ്ടായിരുന്നു. പരിശുദ്ധാത്മാവ് അവരില്‍ വസിച്ച് അവരെ വഴി നടത്തുവാന്‍ കാരണമായ മൂന്നു ഘടകങ്ങള്‍ ശ്രദ്ധേയമാണ്. അവര്‍ ഏകമനസ്സുള്ളവരും ഏകഹൃദയമുള്ളവരും സ്വാര്‍ത്ഥതയില്ലാത്തവരുമായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് കുടുംബമായി കര്‍ത്താവിനുവേണ്ടി പരിശുദ്ധാത്മനിറവില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയണമെങ്കില്‍ അവര്‍ ഏകമനസ്സും, ഏകഹൃദയവും, സ്വന്തമെന്ന ചിന്തയില്ലാത്തവരും ആയിരിക്കണം. കുടുംബജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും വെവ്വേറെയാണ് സമ്പാദ്യങ്ങള്‍ സ്വരൂപിക്കുന്നതെങ്കില്‍ അവര്‍ക്ക് ഏകമനസ്സോടും ഏകഹൃദയത്തോടും ജീവിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ നിര്‍വ്യാജമായ ദൈവസ്‌നേഹത്തില്‍ ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ സമ്പാദ്യം ഒന്നായിരിക്കും. അവരില്‍ സ്വന്തമെന്ന സ്വാര്‍ത്ഥ ചിന്താഗതി ഉണ്ടാകുകയില്ല. അവര്‍ ഒരേ മനസ്സോടും ഹൃദയത്തോടും, സ്വന്തമെന്ന ഭാവമില്ലാതെ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ക്രൈസ്തവ കുടുംബങ്ങളും കൂട്ടായ്മകളും സഭകളും പരിശുദ്ധാത്മാവില്‍ നിറയും! 

                        ദൈവത്തിന്റെ പൈതലേ! സ്വാര്‍ത്ഥതയില്ലാതെ, ഏകമനസ്സോടും ഏകഹൃദയത്തോടുമാണോ ഈ സമയത്ത് നിന്റെ തുണയുമായി നീ ദൈവസന്നിധിയില്‍ വന്നിരിക്കുന്നത്? അല്ലെങ്കില്‍ ഭിന്നതയുടെ കാരണമെവിടെയെന്ന് കണ്ടുപിടിച്ചു തിരുത്തുമോ? ഒരു മനസ്സോടും ഒരു ഹൃദയത്തോടും, സ്വന്തമെന്ന അവകാശവാദങ്ങളോ സ്വാര്‍ത്ഥചിന്താഗതികളോ ഇല്ലാതെ, ഇന്നുമുതല്‍ ജീവിക്കുമെന്ന് നിനക്ക് തീരുമാനിക്കാനാവുമോ? 

തനിക്കായ് കാത്തിരിക്കും തന്‍ ജനത്തെ 

ചേര്‍ക്കുവാനേശു വേഗം വന്നീടും

അവന്‍ വരവിനായൊരുങ്ങീടാം 

വിശുദ്ധിയില്‍ യേശുവില്‍ സമര്‍പ്പിച്ചിടാം.             പുകഴ്ത്തുവിന്‍...

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com