അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 152 ദിവസം

ജീവിതയാത്രയില്‍ അനേകര്‍ യേശുവിനെ കണ്ടുമുട്ടാറുണ്ട്. അതിനെ ജീവിതത്തിലെ ഒരവിസ്മരണീയ സംഭവമായി മാത്രം കണക്കാക്കിക്കൊണ്ട് ചിലര്‍ യാത്ര തുടരുന്നു. മറ്റു ചിലര്‍ തങ്ങള്‍ക്ക് സഭയിലും സമൂഹത്തിലുമുള്ള സ്ഥാനമാനങ്ങള്‍ക്കു ക്ഷതമേല്‍ക്കുമെന്ന് കരുതി ആരോടും അതിനെക്കുറിച്ച് പറയാറില്ല. വേറേ ചിലര്‍ യേശുവിന്റെ സ്‌നേഹത്തില്‍ അലിഞ്ഞുചേര്‍ന്ന് അത്യാനന്ദത്തോടെ തങ്ങള്‍ക്കു നേരിടാവുന്ന ഭവിഷ്യത്തുകളെ ഭയപ്പെടാതെ തങ്ങള്‍ കണ്ടുമുട്ടിയ യേശുവിങ്കലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. സുഖാറിലെ യാക്കോബിന്റെ കിണറ്റിനരികെവച്ച് യേശുവിനെ കണ്ടുമുട്ടിയ ശമര്യാക്കാരിസ്ത്രീ അവസാന വിഭാഗത്തില്‍പ്പെടുന്നവളാണ്. യെഹൂദന്മാര്‍ക്കും ശമര്യര്‍ക്കുമിടയില്‍ നാനൂറു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സ്പര്‍ദ്ധയുടെയും ശത്രുതയുടെയും നടുവിലാണ് യേശു അവളുമായി സംഭാഷണത്തിലേര്‍പ്പെടുന്നത്. അവളുടെ കഴിഞ്ഞകാല ജീവിതത്തിന്റെയും ഇപ്പോള്‍ നയിക്കുന്ന ജീവിതത്തിന്റെയും പാളിച്ചകള്‍ കര്‍ത്താവ് അവളെ ചൂണ്ടിക്കാട്ടിയപ്പോള്‍ ജീവിതത്തില്‍ വന്നുപോയ പാപങ്ങള്‍ അവള്‍ കര്‍ത്താവിനോടു സമ്മതിച്ചു. താന്‍ മശീഹ ആണെന്ന് യേശു അവളോട് പറഞ്ഞുവെങ്കിലും തന്നെ കണ്ടുമുട്ടിയതിനെക്കുറിച്ച് മറ്റാരോടും പറയുവാന്‍ യേശു അവളോട് ആവശ്യപ്പെട്ടില്ല. കര്‍ത്താവ് കൂടുതലെന്തെങ്കിലും പറയുവാനായി കാത്തുനില്‍ക്കാതെ അവള്‍, താന്‍ വെള്ളം കൊണ്ടുപോകുവാനായി കരുതിയിരുന്ന പാത്രം ആ കിണറ്റിനരികെ ഉപേക്ഷിച്ചിട്ട്, തന്നെ തേടിവന്ന യേശുവിനെക്കുറിച്ച് തന്റെ പട്ടണക്കാരെ അറിയിക്കുവാന്‍ അവള്‍ പട്ടണത്തിലേക്ക് ഓടി ''വന്നു കാണുവിന്‍'' അവള്‍ വിളിച്ചു പറഞ്ഞു. 

                    സഹോദരാ! സഹോദരീ! അനേക തടസ്സങ്ങളുണ്ടായിട്ടും, ശമര്യാക്കാരി സ്ത്രീയെ തേടിച്ചെന്ന കര്‍ത്താവ് ഈ സമയത്ത് നിന്റെ ചാരത്തുണ്ട്! അവന്റെ മൃദുസ്വരം നിന്റെ പാപങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നിന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് അനുതപിക്കുവാന്‍ നിനക്കു കഴിയുമോ? ശമര്യാക്കാരത്തിയെപ്പോലെ നീ കണ്ടെത്തിയ യേശുവിനെക്കുറിച്ച് മറ്റുള്ളവരോടു പറയുവാന്‍ നിനക്കു കഴിയുമോ? 

യേശുവിനെ കാണേണം നിങ്ങള്‍ 

യേശുവിനെ കാണേണം 

യേശുവിനെ കേള്‍ക്കേണം നിങ്ങള്‍ 

യേശുവിനെ കേള്‍ക്കേണം.

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com