അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

യേശുവിന്റെ സാക്ഷികളായി അവന്റെ സൗഖ്യവും സന്തോഷവും സമാധാനവും അനേകര്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ആഗ്രഹത്താല്‍ നാം നമ്മുടെ ജീവിതത്തിന്റെ അനുഭവമായ യേശുവിനെക്കുറിച്ച് പലരോടും പറയാറുണ്ട്. അവരൊക്കെയും യേശുവിലുള്ള നമ്മുടെ വിശ്വാസം കേട്ടിട്ടും പ്രതികരിക്കാതിരിക്കുമ്പോള്‍ സാത്താന്റെ തന്ത്രമാണെന്നു പറഞ്ഞ് നമ്മില്‍ അനേകര്‍ ആശ്വസിക്കുവാന്‍ ശ്രമിക്കും. ഒരു പക്ഷവാതരോഗിയെ ചുമന്നുകൊണ്ട് യേശു ഇരുന്ന വീടിന്റെ മേല്‍ക്കൂര പൊളിച്ച് തന്റെ മുമ്പിലെത്തിച്ച നാലു പേരുടെ വിശ്വാസം കണ്ടിട്ട് യേശു അവനെ സൗഖ്യമാക്കുന്നു. എന്താണ് നമ്മുടെ വിശ്വാസവും ആ നാലു പേരുടെ വിശ്വാസവും തമ്മിലുള്ള വ്യത്യാസം? ആരോരുമില്ലാതെ നിസ്സഹായനായി ആര്‍ക്കും സൗഖ്യം നല്‍കുവാന്‍ കഴിയാതെ, ശരീരം സ്തംഭിച്ച ആ പക്ഷവാതരോഗിയെ യേശുവിന് സൗഖ്യമാക്കുവാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ആ നാലു പേര്‍ക്കുമുണ്ടായിരുന്നു. നമ്മില്‍ അനേകരെപ്പോലെ ആ പക്ഷവാതരോഗിയോട് യേശുവിന് അവനെ സൗഖ്യമാക്കുവാന്‍ കഴിയുമെന്ന് പറഞ്ഞിട്ട് മടങ്ങിപ്പോകുകയല്ല അവര്‍ ചെയ്തത്. അനങ്ങുവാന്‍പോലും കഴിയാത്ത ആ പക്ഷവാതരോഗിയെ കിടക്കയില്‍ ചുമന്നുകൊണ്ട് കഫര്‍ന്നഹൂമില്‍ യേശുവിന്റെ അടുക്കല്‍ അവര്‍ എത്തിച്ചു. യേശുവിന്റെ അടുക്കല്‍ അവനെ എത്തിക്കുന്നതിന് അവരുടെ വിലപ്പെട്ട സമയവും ആ സമയംകൊണ്ട് നേടുവാന്‍ കഴിയുന്ന സമ്പാദ്യവും ത്യജിക്കുവാന്‍ അവര്‍ തയ്യാറായി. ആ പക്ഷവാതരോഗിയെ യേശുവിന്റെ അടുത്തേക്കു കൊണ്ടുപോകുമ്പോള്‍ വഴിനീളെ ഉണ്ടാകാവുന്ന പ്രതികരണങ്ങളെക്കുറിച്ച് അവര്‍ക്ക് ഭയമില്ലായിരുന്നു. പ്രവൃത്തിയോടുകൂടിയ അവരുടെ വലിയ വിശ്വാസത്തിനു മുമ്പില്‍ യേശു ആ പക്ഷവാതരോഗിയെ സൗഖ്യമാക്കി.
സഹോദരാ! സഹോദരീ! യേശുവിനെക്കുറിച്ചുള്ള വാചാലമായ നിന്റെ വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് ആരെയും യേശുവിന്റെ സന്നിധിയിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയാത്തത് നിന്റെ വിശ്വാസത്തെ പ്രവൃത്തികൊണ്ട് പ്രകടമാക്കുവാന്‍ കഴിയാത്തതിനാലാണെന്നു നീ മനസ്സിലാക്കുമോ? ആ നാലു പേരെപ്പോലെ യേശുവിലുള്ള നിന്റെ വിശ്വാസം പ്രവൃത്തിയിലൂടെ പ്രകടമാകുന്നത്, നിന്റെ സമയവും സമ്പത്തും ആരോഗ്യവുമെല്ലാം യേശുവിന്റെ സന്നിധിയിലേക്ക് വ്യക്തികളെ കൊണ്ടുവരുന്നതിനുവേണ്ടി ത്യാഗപുരസ്സരം വിനിയോഗിക്കുമ്പോഴാണെന്ന് നീ ഓര്‍മ്മിക്കുമോ?
കഴുകണമീ പാപിയേ എന്നേശുവേ
ശുദ്ധീകരിക്കണമേഴയേ നിന്‍ പുണ്യരക്തത്താല്‍ പാപി ഞാന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com