അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 146 ദിവസം

ദൈവത്തിനുവേണ്ടി കൂട്ടുവേലക്കാരായി ഒരുമനസ്സോടെ, ഒരേ ഹൃദയത്തോടെ ഒരാത്മാവില്‍ തങ്ങളുടെ ഇടയനോടൊപ്പം വേല ചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാരായ അക്വിലയും പ്രിസ്‌കില്ലയും ദൈവത്തിന്റെ വയലില്‍ വേല ചെയ്യുവാനാഗ്രഹിക്കുന്ന ദമ്പതിമാര്‍ക്ക് ഉത്തമ മാതൃകയാണ്. എന്തെന്നാല്‍ അന്നത്തെപോലെ ഇന്നും ദൈവത്തിന്റെ വയലില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ ചുരുക്കമാണ്. അതുകൊണ്ടുതന്നെ അക്വിലയുടെയും പ്രിസ്‌കില്ലയുടെയും മഹത്തായ മാതൃക അനുകരണീയമാണ്. അവര്‍ തനിക്കുവേണ്ടി അവരുടെ കഴുത്തു വച്ചുകൊടുക്കുവാന്‍ തയ്യാറായതായി പൗലൊസ് റോമിലെ വിശ്വാസികള്‍ക്കെഴുതുന്നു. തന്നോടൊപ്പം എഫെസോസിലെത്തിയ അവര്‍ റോമിലെന്നപോലെ അവിടെയും തങ്ങളുടെ ഭവനം കര്‍ത്താവിന്റെ അനുയായികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തു (1 കൊരിന്ത്യര്‍ 16 : 19). കര്‍ത്താവിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നവരെ പീഡിപ്പിക്കുകയും സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തങ്ങള്‍ക്കു ദൈവം നല്‍കിയിരുന്ന പാര്‍പ്പിടങ്ങള്‍ അങ്ങനെയുള്ളവര്‍ക്ക് ആരാധിക്കുവാനും സമ്മേളിക്കുവാനുമായി അക്വിലയും പ്രിസ്‌കില്ലയും തുറന്നു കൊടുക്കുന്നത്! ഏതു സാഹചര്യത്തിലും കര്‍ത്താവിന്റെ വേലയുടെ വളര്‍ച്ച മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതോടൊപ്പം അവര്‍ അപ്പൊസ്തലന് സ്‌നേഹവും സഹായവും പകര്‍ന്ന കൂട്ടുവേലക്കാരായിരുന്നു. അതുകൊണ്ടാണ് തന്റെ മരണത്തിനുമുമ്പ് റോമന്‍കാരാഗൃഹത്തില്‍നിന്ന് തിമൊഥെയൊസിന് അവസാനമായി എഴുതിയതിന്റെ അന്ത്യത്തിലും പൗലൊസ് അക്വിലയ്ക്കും പ്രിസ്‌കില്ലയ്ക്കും വന്ദനം ചൊല്ലുന്നത്! 

                     സഹോദരാ! സഹോദരീ! കര്‍ത്താവിനുവേണ്ടി കൂട്ടുവേലക്കാരനായി, കൂട്ടുവേലക്കാരിയായി പ്രവര്‍ത്തിക്കുവാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ആരംഭിക്കേണ്ടത് നിന്റെ ഭവനത്തില്‍, നിനക്ക് തന്നിരിക്കുന്ന തുണയുമായിട്ടാകണം എന്നു നീ മനസ്സിലാക്കുമോ? അക്വിലയെയും പ്രിസ്‌കില്ലയെയുംപോലെ കര്‍ത്താവിന്റെ വയലില്‍ കൂട്ടുവേലക്കാരായി കഷ്ടവും ത്യാഗവും സഹിക്കുവാന്‍ നിനക്കും നിന്റെ തുണയായി തന്നിരിക്കുന്ന ഇണയ്ക്കും കഴിയുമോ? നിനക്ക് കര്‍ത്താവ് നല്‍കിയിരിക്കുന്ന ഭവനം ദൈവജനത്തിന് സമ്മേളിക്കുവാനും ആരാധിക്കുവാനുമായി തുറന്നുകൊടുക്കുവാന്‍ നിനക്കു കഴിയുമോ? 

യേശുവിന്‍ സാക്ഷിയായ് യേശുവിന്‍ ശബ്ദമായ്

യേശുവിനായ് പോയിടും യേശുവിനെ ഘോഷിക്കും

യേശുവിനായ് ജീവിച്ചിടും                                          രാവിലും..

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com