അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 145 ദിവസം

പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളില്‍ അത്യുന്നതനായ ദൈവത്തെക്കുറിച്ച് ഒരു നിമിഷം ഓര്‍ക്കുവാന്‍ കഴിയാതെ, മരിക്കുവാന്‍ ആഗ്രഹിക്കുന്നവരും, അവയെ തരണം ചെയ്യുവാന്‍ കഴിയുകയില്ലെന്നു കരുതി മരണത്തെ പുല്‍കുന്നവരും അനേകരാണ്. അങ്ങനെയൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോള്‍ മാനസികമായി തളര്‍ന്ന് മരിക്കുവാനാഗ്രഹിച്ച് യഹോവയോടു പ്രാര്‍ത്ഥിച്ച ദൈവത്തിന്റെ പ്രവാചകനായ ഏലീയാവ്, ദൈവത്തിന്റെ പൈതലിനെ വെട്ടിക്കളയുന്ന നിരാശ എന്ന പാപത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആഹാബ് രാജാവിനെയും ബാലിന്റെയും അശേരയുടെയും എണ്ണൂറ്റി അമ്പത് പ്രവാചകന്മാരെയും സര്‍വ്വശക്തനായ ദൈവത്തിന്റെ നാമത്തില്‍ വെല്ലുവിളിച്ച് സ്വര്‍ഗ്ഗത്തില്‍നിന്നു തീ ഇറക്കിയ ധീരനായ പ്രവാചകനായിരുന്നു ഏലീയാവ്. അതു കഴിഞ്ഞയുടന്‍, മൂന്നരവര്‍ഷത്തെ വരള്‍ച്ചയ്ക്കു അറുതിവരുത്തുവാന്‍ മഴ പെയ്യുവാനായി പ്രാര്‍ത്ഥിച്ചിട്ടും ഉടന്‍ മഴ പെയ്യാതിരുന്നപ്പോള്‍, നിരാശനാകാതെ വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ച് മഴ പെയ്യിച്ച പ്രാര്‍ത്ഥനാവീരനായിരുന്നു ഏലീയാവ്. പക്ഷേ ഈ രണ്ടു വലിയ അത്ഭുതങ്ങള്‍ നടന്ന് മണിക്കൂറുകള്‍ കഴിയുന്നതിനുമുമ്പ് ഈസേബെല്‍ മുഴക്കിയ മരണഭീഷണിയില്‍ നിരാശനായി മരിക്കുവാന്‍ ആഗ്രഹിച്ചുവെങ്കിലും സ്വയം ജീവന്‍ ഒടുക്കുവാന്‍ ശ്രമിക്കാതെ ജീവന്റെ ഉടയവനായ ദൈവത്തോട് തന്റെ ജീവനെ എടുത്തുകൊള്ളണമേ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് ഏലീയാവ് ചെയ്യുന്നത്! അതുകൊണ്ടുതന്നെയാണ് തനിക്കുവേണ്ടി വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിച്ച് ക്ഷീണിതനായ ഏലീയാവിന്റെ അടുത്തേക്ക് അത്യുന്നതനായ ദൈവം തന്റെ ദൂതനെ ഭക്ഷണവുമായി അയയ്ക്കുന്നത്. അത് അവന് ദൈവത്തിന്റെ സന്നിധിയിലേക്ക് ഹോരേബോളം ചെല്ലുവാന്‍ ശക്തി നല്‍കുകയും ദൈവത്തിന്റെ മധുരശബ്ദം കേള്‍ക്കുവാന്‍ മുഖാന്തരമൊരുക്കുകയും ചെയ്തു. 

                  ദൈവത്തിന്റെ പൈതലേ! ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങളും അത്ഭുതങ്ങളും അനുഭവിച്ചിട്ടുള്ള നീ ഇന്ന് ഭീഷണികളുടെ മുമ്പില്‍ നിരാശയാകുന്ന ചൂരച്ചെടിയുടെ തണലില്‍ കിടക്കുകയാണോ? എങ്കില്‍ ഈ സമയത്ത് ഏലീയാവിനെപ്പോലെ അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിലേക്കു കടന്നുവരൂ! സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു നിന്റെ കണ്ണുകള്‍ ഉയര്‍ത്തൂ! അവന്‍ നിന്റെ നിരാശയെ പ്രത്യാശയാക്കി മാറ്റും! 

ആശങ്ക നിന്നെ ചുറ്റുമ്പോള്‍

നിരാശയില്‍ നീറുമ്പോള്‍

പ്രത്യാശയാല്‍ നിറയ്ക്കും

യേശു പ്രത്യാശയാല്‍ നിറയ്ക്കും                 യേശുവിന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com