അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് മനുഷ്യന്‍ പ്രവേശിച്ചിരിക്കുന്നത് പ്രപഞ്ചത്തിന്റെ പല രഹസ്യങ്ങളും മനസ്സിലാക്കിക്കൊണ്ടാണ്. ഇത്രയധികം പ്രാഗത്ഭ്യമുള്ള മനുഷ്യനെക്കുറിച്ച് പാസ്‌ക്കല്‍ എന്ന മഹാന്‍ പറയുന്നത് ''ഒരു തുള്ളി വെള്ളത്തിനോ ഒരു ശ്വാസം വായുവിനോ കൊല്ലുവാന്‍ കഴിയുന്നവന്‍'' എന്നാണ്. ലോകം ബുദ്ധിമാന്മാരും പ്രഗത്ഭരുമായ മനുഷ്യരെ വിലയിരുത്തുന്നത് ഇപ്രകാരമാണെങ്കില്‍ പരിശുദ്ധാത്മശക്തി പ്രാപിച്ച് സുവിശേഷഘോഷണങ്ങളാല്‍ ആയിരങ്ങളെ നേടുന്നവരും കര്‍ത്താവിനായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരുമെല്ലാം കേവലം മണ്‍പാത്രങ്ങള്‍ മാത്രമാണെന്ന് കൊരിന്തിലെ വിശ്വാസികളെ അപ്പൊസ്തലനായ പൗലൊസ് ഓര്‍മ്മിപ്പിക്കുന്നു. പരിശുദ്ധാത്മശക്തി പ്രാപിക്കുന്ന അനേക സഹോദരങ്ങളുടെ ധാരണ, ഈ അത്യന്തശക്തി തങ്ങളുടെ ഭക്തികൊണ്ടും യോഗ്യതകൊണ്ടും നേടിയെടുക്കുന്നതാണെന്നാണ്. മറ്റു ചിലര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ലോകപ്രകാരമുള്ള ആത്മിക അധികാരംകൊണ്ടു മാത്രമേ പരിശുദ്ധാത്മശക്തി പകരുവാന്‍ കഴിയുകയുള്ളു എന്നു പഠിപ്പിക്കുമ്പോള്‍ ഈ അത്യന്തശക്തി ദൈവത്തിന്റെ ദാനം ആണെന്ന് അപ്പൊസ്തലന്‍ അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു. മാത്രമല്ല മഹത്തായ ഈ നിക്ഷേപം മണ്‍പാത്രങ്ങളിലാകുന്നു പകര്‍ന്നിരിക്കുന്നതെന്നും അപ്പൊസ്തലന്‍ വ്യക്തമാക്കുന്നു. അതീവ ശ്രദ്ധയോടും സൂക്ഷ്മതയോടും മണ്‍പാത്രം കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ ചെറിയ ആഘാതത്തില്‍പോലും അത് ഉടഞ്ഞുപോകുകയും പാത്രത്തോടൊപ്പം അതിലുള്ള നിക്ഷേപവും എന്നെന്നേക്കുമായി നഷ്ടമായിത്തീരുകയും ചെയ്യും. എന്തെന്നാല്‍ മണ്‍പാത്രം ഉടഞ്ഞുപോയാല്‍ പിന്നീടൊരിക്കലും അതിനെ പൂര്‍വ്വരൂപത്തില്‍ മെനഞ്ഞെടുക്കുവാന്‍ കഴിയുകയില്ല. പാത്രമുടഞ്ഞുപോകുമ്പോള്‍ നഷ്ടമാകുന്നത് ദൈവം ദാനമായി തന്ന പരിശുദ്ധാത്മാവും!
ദൈവത്തിന്റെ പൈതലേ! നിനക്കു ലഭിച്ചിരിക്കുന്ന പരിശുദ്ധാത്മനിറവിനെക്കുറിച്ചും നല്‍വരങ്ങളെക്കുറിച്ചും നീ അഭിമാനിക്കുമ്പോള്‍ അവ പകര്‍ന്നിരിക്കുന്നത് കേവലം മണ്‍പാത്രങ്ങളിലാണെന്ന് നീ ഓര്‍ക്കുമോ? ഈ അത്യന്തശക്തി പ്രാപിച്ച അനേക പ്രവാചകന്മാരും പരിശുദ്ധന്മാരും വീണ വഴിത്താരയിലൂടെയാണ് നീയും ഓടുന്നതെന്ന് എപ്പോഴും ഓര്‍മ്മിക്കണം. നീയാകുന്ന മണ്‍പാത്രത്തില്‍ സ്‌നേഹവാനായ ദൈവം പകര്‍ന്നിരിക്കുന്ന ഈ വലിയ ദാനത്തെ, സ്‌തോത്രത്തോടും ഭക്തിയോടും ഭയത്തോടും നീ കൈകാര്യം ചെയ്യുമോ?
ശക്തി പകരൂ ശക്തി പകരൂ
പരിശുദ്ധാത്മാവേ ശക്തി പകരൂ
ശക്തിയാല്‍ നിന്‍ ശക്തിയാല്‍ നിറയ്‌ക്കേണം ഏഴയെ
യേശുവേ നിന്‍ സാക്ഷ്യമായ് പാരിതില്‍ പോകുവാന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com