അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട് ലോകത്തിന്റെ ഔന്നത്യങ്ങളില്‍ അവരോധിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ അഭിഷിക്തന്മാര്‍ക്ക് ദാരുണങ്ങളായ അന്ത്യങ്ങള്‍ സംഭവിക്കുമ്പോള്‍ നാം വിലപിക്കാറുണ്ട്. അവരുടെ അപദാനങ്ങള്‍ വാഴ്ത്താറുണ്ട്. എന്നാല്‍ അവയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മുടെ ആത്മീയ ജീവിതത്തെ പരിശോധിക്കുവാനോ, തിരുത്തുവാനോ അനേക സഹോദരങ്ങള്‍ക്കു കഴിയുന്നില്ല. യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട് പ്രവാചകനാല്‍ അഭിഷേകം ചെയ്യപ്പെട്ട ശൗലിന്റെ ദാരുണമായ മരണത്തില്‍ വിലപിക്കുന്ന ദാവീദ് ആ ദുരന്തത്തിന്റെ കാരണം ആരായുന്നത് ശ്രദ്ധേയമാണ്. തന്റെ പിതാവിന്റെ കാണാതെപോയ കഴുതകളെ തേടിയിറങ്ങിയ ശൗല്‍ എന്ന ചെറുപ്പക്കാരന്‍ ഭവനത്തിലേക്കു മടങ്ങുന്നത് യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായി തിരഞ്ഞെടുക്കപ്പട്ടവനായാണ്. രാജാവായി അഭിഷിക്തനായ ശൗല്‍ അമാലേക്യരെ ഉന്മൂലനാശം ചെയ്യണമെന്നുള്ള ദൈവത്തിന്റെ കല്പന അനുസരിക്കാഞ്ഞതിനാല്‍, അവനെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നതായി ദൈവം അവനോട് അരുളിച്ചെയ്തു. ദൈവസന്നിധിയില്‍ തന്റെ വീഴ്ചയെക്കുറിച്ച് അനുതപിക്കാതെ, ദൈവം അവനു നല്‍കിയ സിംഹാസനം നിലനിര്‍ത്തുവാനുള്ള പാപപങ്കിലമായ പരിശ്രമങ്ങള്‍ അവസാനം അവനെ വെളിച്ചപ്പാടത്തിയുടെ അടുക്കലെത്തിച്ചപ്പോഴും ദൈവം മൗനമായിരുന്നു. എന്നാല്‍ ഫെലിസ്ത്യരുമായുള്ള യുദ്ധത്തില്‍ അവന്റെ മൂന്ന് ആണ്‍മക്കള്‍ അതിദാരുണമായി കൊല്ലപ്പെട്ടു; എല്ലാം തകര്‍ന്ന ശൗല്‍ വാളിന്മേല്‍ വീണ് ആത്മഹത്യ ചെയ്തു. അങ്ങനെ ദൈവത്തെ മറന്ന ശൗല്‍ തന്റെ മാത്രം അന്ത്യമല്ല, പിന്നെയോ അവന്റെ തലമുറയുടെ എന്നെന്നേക്കുമായുള്ള അന്ത്യംകൂടിയാണ് വരുത്തിവച്ചത്.
സഹോദരാ! സഹോദരീ! ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട്, ഉയര്‍ന്ന നിലയില്‍ അവരോധിക്കപ്പെട്ട നീ ആ നല്ല ദൈവത്തെ മറന്നാണോ ഇന്നു ജീവിക്കുന്നത്? എങ്കില്‍ ശൗലിന്റെമേല്‍ ദൈവം നടത്തിയ ന്യായവിധി നീ മനസ്സിലാക്കുമോ? ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ നീ മറന്നാല്‍ അവന്‍ നിന്നെ മാത്രമല്ല നിന്റെ തലമുറയെയും തകര്‍ത്തുകളയുമെന്ന് നീ ഓര്‍ക്കുമോ?
രാജാക്കന്മാരുടെ രാജാവാണെന്റെ ദൈവം
എല്ലാ സൈന്യങ്ങള്‍ക്കും അധിപനാം ദൈവം
തന്‍ ജനത്തിന്‍ നിലവിളി കേട്ടു വീണ്ടെടുക്കും
ദൈവത്തിന്റെ ജയക്കൊടി ഉയര്‍ത്തുന്നു ഞാന്‍, കൊടി ഉയര്‍ത്തുന്നു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com