അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 142 ദിവസം

സന്തോഷത്തിനുവേണ്ടി മനുഷ്യന്‍ പരക്കംപായുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. സന്തോഷത്തിനായി ചിലര്‍ മദ്യത്തെ അഭയം തേടുന്നു; യുവ തലമുറ മയക്കുമരുന്നിനെയും മദിരാക്ഷിയെയും പുല്‍കുന്നു. ഇവയൊക്കെയും നല്‍കുന്ന ക്ഷണിക സുഖങ്ങളും സന്തോഷങ്ങളും ആരോഗ്യത്തെ മാത്രമല്ല, കുടുംബജീവിതത്തെപ്പോലും ഛിന്നഭിന്നമാക്കിക്കളയുന്നു. ഫിലിപ്പിയസഭയിലെ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന പൗലൊസിന്റെ ഈ വാക്കുകള്‍ ഇന്നത്തെ ജീവിതസാഹചര്യങ്ങളിലും ശ്രദ്ധേയമാണ്. കര്‍ത്താവിന്റെ വിളികേട്ട് ഇറങ്ങിത്തിരിച്ച് നിര്‍ദ്ദയ മര്‍ദ്ദനങ്ങളും, മാനസിക പീഡനങ്ങളും, കരയിലെയും കടലിലെയും ഭീകരമായ ദുരന്തങ്ങളും, കൂട്ടുവിശ്വാസികളുടെ കാലുവാരലുകളുമെല്ലാം അനുഭവിച്ച പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നത് കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവാനാണ്. ഫിലിപ്പിയയിലെ കാരാഗൃഹത്തില്‍ അധികൃതരുടെ മര്‍ദ്ദനംകൊണ്ട് മുറിവേറ്റ ശരീരവുമായി, കാലുകള്‍ ആമത്തിലും കൈകള്‍ ഇരുവശത്തേക്കും ചങ്ങലകളാല്‍ വലിച്ചുനീട്ടി ബന്ധിക്കപ്പെട്ട അവസ്ഥയിലുമായ അപ്പൊസ്തലന്‍, അതിവേദനയുടെ നടുവിലും അര്‍ദ്ധരാത്രിയില്‍ പാടി സ്തുതിച്ച് കര്‍ത്താവില്‍ സന്തോഷിക്കുകയാണ്. കര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസവും പ്രത്യാശയുമാണ് കഷ്ടങ്ങളുടെയും ദു:ഖങ്ങളുടെയും നടുവില്‍ കര്‍ത്താവില്‍ ആനന്ദിക്കുവാന്‍ പൗലൊസിനെ സഹായിക്കുന്നത്. ''അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനുവേണ്ടി സഹിക്കുന്ന ബലഹീനതകള്‍, അപമാനങ്ങള്‍, ബുദ്ധിമുട്ടുകള്‍, പീഡനങ്ങള്‍, പ്രയാസങ്ങള്‍ എന്നിവയില്‍ അതിയായി സന്തോഷിക്കുന്നു'' (2 കൊരിന്ത്യര്‍ 12 : 10) എന്നാണ് പൗലൊസ് പ്രഖ്യാപിക്കുന്നത്. അതിസന്തോഷത്തോടെ പൗലൊസ് ബലഹീനതകള്‍ കൈയേല്‍ക്കുമ്പോള്‍ ക്രിസ്തുവിന്റെ ശക്തി അവനില്‍ ആവസിക്കുന്നു. അതുകൊണ്ട് കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവാന്‍ പൗലൊസിന് കഴിയുന്നു. 

                  ദൈവത്തിന്റെ പൈതലേ! കഷ്ടങ്ങളുടെയും കണ്ണുനീരിന്റെയും വേദനയുടെയും നടുവിലും കര്‍ത്താവില്‍ സന്തോഷിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? നിന്റെ കഷ്ടത്തിന്റെ കയത്തിലും, നഷ്ടത്തിന്റെ കടലിലും കര്‍ത്താവില്‍ സന്തോഷിക്കുവാന്‍ കഴിയണമെങ്കില്‍ കര്‍ത്താവില്‍ നീ സമ്പൂര്‍ണ്ണമായി നിന്നെ സമര്‍പ്പിക്കണം. യേശുവിനായി ജീവിക്കുമ്പോള്‍ അവന്‍ നിന്റെ സകല വഴികളിലും നിന്നെ പുലര്‍ത്തുമെന്ന് നീ മനസ്സിലാക്കുമോ? 

സന്തോഷിക്കാം സന്തോഷിക്കാം 

കര്‍ത്താവില്‍ സന്തോഷിക്കാം 

അവന്‍ കരുണയില്‍ സന്തോഷിക്കാം 

അവന്‍ കൃപകളില്‍ സന്തോഷിക്കാം.                     സന്തോഷിക്കാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com