അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

യേശുവില്‍നിന്നു സൗഖ്യങ്ങള്‍ പ്രാപിക്കുവാന്‍ അനേകായിരങ്ങള്‍ സൗഖ്യദായക ശുശ്രൂഷകളില്‍ തടിച്ചുകൂടാറുണ്ട്. എന്നാല്‍ യേശുവിന്റെ സൗഖ്യം പ്രാപിക്കുവാനുള്ള ഉപാധികള്‍ എന്തെന്ന് അനേകര്‍ ചിന്തിക്കാറില്ല. തന്നെ സമ്പൂര്‍ണ്ണമായി അനുസരിക്കുന്നവരെ യേശു സൗഖ്യമാക്കിയ അനേക അത്ഭുതങ്ങളില്‍ ഒന്നാണ് പിറവിക്കുരുടന് കാഴ്ച നല്‍കിയ സംഭവം. കര്‍ത്താവ് നിലത്തു തുപ്പി, മണ്ണു കുഴച്ച് ചെളിയുണ്ടാക്കി, ഒരു അന്ധന്റെ കണ്ണില്‍ പൂശിയശേഷം, അവനോട് ഏഴു കിലോമീറ്ററോളം ദൂരമുള്ള ശിലോഹാംകുളത്തില്‍ പോയി കഴുകുവാന്‍ കല്പിച്ചു. ആ ദിവസം ശബ്ബത്തായിരുന്നതിനാല്‍ യാത്രയില്‍ ആരും അവനെ സഹായിക്കുകയില്ലെന്ന് കര്‍ത്താവിന് അറിയാമായിരുന്നു. തപ്പിത്തടഞ്ഞ് ഏഴു കിലോമീറ്റര്‍ ദൂരം താണ്ടി ശിലോഹാംകുളത്തിനരികെ എത്തിയാല്‍പോലും പാറയില്‍ വെട്ടിയിറക്കിയ ഏതാണ്ട് മുപ്പത്തിമൂന്ന് പടവുകള്‍ താഴേക്കിറങ്ങിയാല്‍ മാത്രമേ കുളത്തില്‍നിന്ന് അവന്റെ കൈക്കുമ്പിളില്‍ വെള്ളം കോരിയെടുക്കുവാന്‍ കഴിയുമായിരുന്നുള്ളു. ആ പടവുകള്‍ ഇറങ്ങുമ്പോള്‍ കാഴ്ചയില്ലാത്ത ആ പാവത്തിന്റെ കാലുകള്‍ തെറ്റിയാല്‍, ആഴത്തിലേക്കുള്ള വീഴ്ചയില്‍ പാറയില്‍ തട്ടി അവന്‍ നാമാവശേഷമാകും. യേശുവിന്റെ വാക്കുകള്‍ കേട്ടവര്‍ക്ക് ഇത്രയധികം അപകടം നിറഞ്ഞ കാര്യം ഒരു പൊട്ടക്കണ്ണനോടു പറഞ്ഞത് വിരോധാഭാസമായി തോന്നിയിരിക്കും. താന്‍ കാഴ്ചയില്ലാത്തവനെങ്കിലും തന്നെ പറഞ്ഞയയ്ക്കുന്ന യേശുവിനെ സംശയം കൂടാതെ അനുസരിക്കുമ്പോള്‍, യേശു ദൃഷ്ടിവച്ച് തന്നെ പരിപാലിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തോടെ ആ കുരുടന്‍ പുറപ്പെട്ടു അവന്‍ ശിലോഹാംകുളത്തിലെത്തി, തപ്പിത്തടഞ്ഞ് പടവുകള്‍ ഇറങ്ങി; അവന്റെ കണ്ണുകള്‍ കഴുകി, കാഴ്ച പ്രാപിച്ചവനായി മടങ്ങി.
സഹോദരാ! സഹോദരീ! കര്‍ത്താവില്‍നിന്നു സൗഖ്യവും സമാധാനവും ആഗ്രഹിക്കുന്ന നിനക്ക്, പാരമ്പര്യത്തിന്റെയും കുടുംബമഹിമയുടെയും കൊടുമുടിയില്‍നിന്നു താഴേക്ക്, കണ്ണുനീരോടെ അനുതാപത്തിന്റെ പടവുകള്‍ ഇറങ്ങി, ജീവജലത്തിന്റെ ഉറവയില്‍നിന്നു കുടിച്ച് കാഴ്ച പ്രാപിക്കുവാന്‍ മനസ്സുണ്ടോ? നിന്റെ യാത്രയെ പലരും വിരോധാഭാസമായി ചിത്രീകരിക്കും.. പരിഹസിക്കും! പക്ഷേ, ജീവജലം നീ കുടിക്കുമ്പോള്‍ അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയില്‍ അന്ധനായി കടന്നുപോകുന്ന നിന്റെ കണ്ണുകള്‍ക്ക് കര്‍ത്താവിന്റെ അത്ഭുതപ്രകാശത്താല്‍ കാഴ്ച ലഭിക്കുമെന്നും അതു നിനക്ക് സൗഖ്യവും സമാധാനവും നല്‍കുമെന്നും നീ ഓര്‍ക്കുമോ?
അന്ധകാരം തിങ്ങുമീ അന്ധമാം ലോകത്തില്‍
ഇരുളിന്‍ ആകുലത്തില്‍ ഏകനായി ഞാന്‍ മാറുമ്പോള്‍.... യേശു എന്റെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com