അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 140 ദിവസം

ദൈവവിഷയങ്ങളെക്കുറിച്ചും, ദൈവദാസന്മാരെക്കുറിച്ചും ദൈവത്തിന്റെ ശുശ്രൂഷകളെക്കുറിച്ചും നാം സംസാരിക്കുന്നത് യഹോവ ശ്രദ്ധവച്ചു കേള്‍ക്കുന്നു എന്ന് നാം ഓര്‍ക്കാറില്ല. ഇന്ന് ദൈവത്തിന്റെ ശുശ്രൂഷകളെയും, ദൈവത്തിന്റെ ദാസന്മാരെയും ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുകയും ക്രൂരമായി പരിഹസിക്കുകയും ചെയ്യുന്നത് മറ്റു മതനേതാക്കന്മാരല്ല, പ്രത്യുത ക്രൈസ്തവ സഹോദരങ്ങള്‍തന്നെയാണ്. പൂര്‍വ്വപിതാക്കന്മാരുടെ വിശ്വാസത്തില്‍ പ്രകമ്പനംകൊണ്ട് പരിശുദ്ധാത്മനിറവില്‍ പ്രാര്‍ത്ഥിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും ദൈവാലയങ്ങളിലും പൊതുവേദികളിലും വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ''ഷൈന്‍'' ചെയ്യുന്നവര്‍ യഹോവയാം ദൈവം തങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നുവെന്ന് ചിന്തിക്കുന്നില്ല. ദൈവത്തിന്റെ പുരോഹിതനായ അഹരോനും, പ്രവാചികയായ മിര്യാമും സ്വന്തം സഹോദരനായ മോശെയ്‌ക്കെതിരായി സംസാരിച്ചു. ''യഹോവ അതു കേട്ടു'' (സംഖ്യാ 12 : 2). യഹോവയുടെ കോപം അവളുടെമേല്‍ ജ്വലിച്ചു. മിര്യാം കുഷ്ഠരോഗിണിയായിത്തീര്‍ന്നു. യഹോവയെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന തന്റെ ഭക്തന്മാര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നത് യഹോവ ശ്രദ്ധവച്ചു കേള്‍ക്കുന്നതായും തിരുവചനം രേഖപ്പെടുത്തുന്നു. മാത്രമല്ല, യഹോവാഭക്തന്മാര്‍ക്കുവേണ്ടിയും അവന്റെ നാമത്തെ സ്മരിക്കുന്നവര്‍ക്കുവേണ്ടിയും അവന്റെ സന്നിധിയില്‍ ഒരു സ്മരണപുസ്തകം എഴുതിവച്ചിരിക്കുന്നു (മലാഖി 3 : 16). കൂടാതെ ''തന്റെ ഭക്തന്മാരെ യഹോവ ആദരിക്കുമെന്നും അവര്‍ തനിക്ക് ഒരു നിക്ഷേപമായിരിക്കുമെന്നും യഹോവ വാഗ്ദത്തം ചെയ്യുന്നു'' (മലാഖി 3 : 17) 

                     സഹോദരാ! സഹോദരീ! മനുഷ്യരുടെ മുമ്പില്‍ നിന്റെ മിടുക്കു കാട്ടുവാന്‍ വേണ്ടി നീ ദൈവത്തിന്റെ ദാസന്മാരെയും അവരുടെ ശുശ്രൂഷകളെയും വിമര്‍ശിക്കുകയോ, പരിഹസിക്കുകയോ ചെയ്യാറുണ്ടോ? ദൈവം അതു കേള്‍ക്കുന്നുവെന്നും നിന്നെ ന്യായം വിധിക്കുമെന്നും നീ മനസ്സിലാക്കുമോ? ദൈവത്തെ സ്‌നേഹിക്കുകയും ഭയപ്പെടുകയും അവന്റെ നാമത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്തുകൊണ്ട് ഉച്ചരിക്കുന്ന ഓരോ വാക്കും നിന്റെ പേര് അവന്റെ സ്മരണപുസ്തകത്തിലെഴുതുവാന്‍ മുഖാന്തരമൊരുക്കുമെന്ന് നീ ഓര്‍ക്കുമോ? 

ലോകക്കാര്‍ തള്ളിയാലും സ്‌നേഹിതര്‍ മാറിയാലും

കൂട്ടായി വന്നെന്‍ കൂടെ വസിച്ചീടും

യേശു മഹോന്നതന്‍                                 ആശ്രയമേശു...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com