അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 139 ദിവസം

ദൈവഭയം നഷ്ടപ്പെട്ട് മനുഷ്യഹൃദയം കഠിനമായിക്കൊണ്ടിരിക്കുന്ന ഒരു കാലയളവിലൂടെയാണ് നാം മുമ്പോട്ടുപോകുന്നത്. മറ്റുള്ളവരുടെ വേദനകളിലും, യാതനകളിലും, കഷ്ടങ്ങളിലും, നഷ്ടങ്ങളിലും കര്‍ത്താവിന്റെ മനസ്സലിവു കാട്ടുവാന്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്കു കഴിയാറില്ല. കര്‍ത്താവിന്റെ ഇഹലോക ജീവിതത്തില്‍ അവന്റെ മനസ്സലിവില്‍ ആയിരങ്ങള്‍ അഭയം തേടി സൗഖ്യവും സമാധാനവും കണ്ടെത്തിയതായി തിരുവചനം പഠിപ്പിക്കുന്നു. ആ മനസ്സലിവിന്റെ അഗാധത നയിന്‍പട്ടണത്തിന്റെ പടിവാതിലില്‍വച്ച് ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു വിധവയ്ക്ക് രുചിച്ചറിയുവാന്‍ കഴിഞ്ഞു. കര്‍ത്താവും ശിഷ്യന്മാരും കഫര്‍ന്നഹൂമില്‍നിന്ന് നയിന്‍പട്ടണത്തിന്റെ കവാടത്തിലെത്തിയപ്പോള്‍ ഒരു വിലാപയാത്ര പട്ടണകവാടത്തിനു പുറത്തേക്കു വരുകയായിരുന്നു. തന്റെ ഓമനപ്പുത്രനെ കുഴിമാടത്തിലേക്ക് അയയ്ക്കുവാന്‍ ആ മഞ്ചത്തിന്റെ പിന്നിലായി ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട വിധവയായ അവന്റെ അമ്മ കണ്ണുനീരൊഴുക്കിക്കൊണ്ട് നടന്നിരുന്നു. ഭര്‍ത്താവു നഷ്ടപ്പെട്ട ആ സാധുസ്ത്രീയുടെ ആലംബമായ ഏകജാതനായ മകനും നഷ്ടപ്പെട്ട ദു:ഖത്തില്‍ എല്ലാ പ്രതീക്ഷകളും തകര്‍ന്നുടഞ്ഞ് ശവമഞ്ചത്തെ പിന്തുടര്‍ന്ന ആ അമ്മയുടെ കണ്ണുനീരില്‍ കുതിര്‍ന്ന അവസ്ഥ കര്‍ത്താവ് കണ്ടു. ആ കാഴ്ച കര്‍ത്താവിന്റെ ഹൃദയത്തെ തകര്‍ത്തു. തന്റെ മകനെ ഉയിര്‍പ്പിക്കണമെന്ന് ആ വിധവ കര്‍ത്താവിനോട് അപേക്ഷിച്ചില്ലെങ്കിലും കര്‍ത്താവ് അവളോട് ''കരയേണ്ട'' എന്നു പറഞ്ഞിട്ട് മഞ്ചത്തിന്റെ അടുത്തേക്കു നടന്നു ചെന്നു. മഞ്ചം തൊട്ടു, ''യുവാവേ, എഴുന്നേല്ക്കുക എന്നു ഞാന്‍ നിന്നോടു പറയുന്നു'' എന്നു പറഞ്ഞു. മരിച്ചവന്‍ എഴുന്നേറ്റിരുന്നു സംസാരിക്കുവാന്‍ തുടങ്ങി. കര്‍ത്താവ് അവനെ അവന്റെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. 

                        സഹോദരാ! സഹോദരീ! ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ആ സാധുവിധവയെപ്പോലെ നഷ്ടബോധങ്ങളുടെ സങ്കടത്തോടെയാണോ നീ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത്? നിന്റെ കണ്ണുനീര്‍ കാണുന്ന മനസ്സലിവുള്ള കര്‍ത്താവ് നിന്റെ ചാരത്തുണ്ട് എന്ന് നീ ഓര്‍ക്കുമോ? ആര് ഉപേക്ഷിച്ചിരുന്നാലും കര്‍ത്താവിന് നിന്നെ രക്ഷിക്കുവാന്‍ കഴിയുമെന്ന് നീ മനസ്സിലാക്കുമോ? ഇപ്പോള്‍ത്തന്നെ നിന്റെ ഭാരങ്ങള്‍ അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഇറക്കി വയ്ക്കൂ! സ്‌നേഹസാഗരമായ കര്‍ത്താവ് നിന്റെ കണ്ണുനീര്‍ തുടയ്ക്കും! നിന്നെ ആശ്വസിപ്പിക്കും! 

കരയുമ്പോള്‍ മനസ്സലിയുംനിന്‍

സ്‌നേഹത്താലെന്നേശുവേ

മാറോടണച്ചേഴയേ

സൗഖ്യമാക്കിടേണമേ                            യേശുവേ എന്നേശുവേ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com