അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അത്യുന്നതനായ ദൈവത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന പല സഹോദരങ്ങളും ആപത്തുകളുടെയും അനര്‍ത്ഥങ്ങളുടെയും മുമ്പില്‍ പതറിപ്പോകാറുണ്ട്. അതുവരെയും തങ്ങളെ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ ആ ദുര്‍ഘടനിമിഷങ്ങളില്‍ അവര്‍ ഓര്‍ക്കാറില്ല. യഹോവയാം ദൈവത്തെ വിശ്വസിച്ച് ആരാധിച്ചിരുന്ന ദൈവജനം വൈരികളാല്‍ ചുറ്റപ്പെട്ട്, നിരാശയുടെ നീര്‍ച്ചുഴിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുമ്പോള്‍, ആ വലിയ വൈതരണിയുടെ നടുവിലും, അവരെ അതുവരെ വഴിനടത്തിയ സര്‍വ്വശക്തനായ ദൈവത്തെ ആശ്രയിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന സങ്കീര്‍ത്തനമാണ് 115-ാം സങ്കീര്‍ത്തനം. തങ്ങളെ ചുറ്റിവളഞ്ഞിരിക്കുന്ന ശത്രുക്കള്‍ ''അവരുടെ ദൈവം ഇപ്പോള്‍ എവിടെ?'' (സങ്കീര്‍ത്തനങ്ങള്‍ 115 : 2) എന്നു ചോദിക്കുമ്പോള്‍, ദൈവജനത്തോടു തളര്‍ന്നുപോകാതെ ''യഹോവയില്‍ ആശ്രയിക്കുവിന്‍, അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു'' എന്ന് മൂന്നു പ്രാവശ്യം സങ്കീര്‍ത്തനക്കാരന്‍ ആവര്‍ത്തിച്ച് (സങ്കീര്‍ത്തനങ്ങള്‍ 115 : 9, 10, 11) ഉദ്‌ബോധിപ്പിക്കുന്നു. ശത്രുവിനോടു പടപൊരുതുമ്പോള്‍ ദൈവം തന്റെ ജനത്തോടൊപ്പം പടപൊരുതി ശത്രുവിനെ കീഴടക്കും. പ്രാചീനകാലത്തെ യുദ്ധങ്ങളില്‍ ആക്രമണങ്ങളോടൊപ്പം പ്രതിരോധവും വളരെ പ്രധാനപ്പെട്ടതായിരുന്നു. ആ യുദ്ധമുറയില്‍ ശത്രുവിന്റെ കുന്തംകൊണ്ടും വാളുകൊണ്ടും അമ്പുകൊണ്ടുമുള്ള ആക്രമണത്തെ പരിചകൊണ്ടാണ് ചെറുത്തിരുന്നത്. ആത്മീയ യാത്രയില്‍ തന്നെ ആശ്രയിക്കുന്ന തന്റെ ഭക്തന്മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ യഹോവയാം ദൈവം അവര്‍ക്കു പരിചയായി നിന്ന് ശത്രുവിന്റെ ആക്രമണങ്ങളില്‍നിന്ന് അവരെ രക്ഷിക്കുമെന്ന് സങ്കീര്‍ത്തനക്കാരന്‍ ഉറപ്പു നല്‍കുന്നു.
ദൈവത്തിന്റെ പൈതലേ! ഭയാനകങ്ങളായ പ്രതിസന്ധികള്‍ നിന്നെ ചുറ്റി വളഞ്ഞിരിക്കുന്നുവെങ്കില്‍ നിരാശയില്‍ നിലംപതിക്കാതെ നിന്നെ ഇതുവരെയും വഴിനടത്തിയ ദൈവത്തില്‍ നീ ആശ്രയിക്കുമോ? അവന്‍ നിന്റെ സഹായവും പരിചയുമായി നിന്നെ ശത്രുവിന്റെ കൈയില്‍നിന്നു രക്ഷിക്കുമെന്നു നീ ഓര്‍മ്മിക്കുമോ? സമ്പൂര്‍ണ്ണമായി സമ്പൂര്‍ണ്ണമായി ഈ നിമിഷം ദൈവത്തില്‍ സമര്‍പ്പിക്കൂ! അവന്‍ നിന്നെ രക്ഷിക്കും!
എന്‍ പാറയും എന്‍കോട്ടയും
എന്‍ ശരണവും സങ്കേതവും
എന്‍ ശക്തിയുമെന്‍ രക്ഷയും
യഹോവയെന്നു സാക്ഷിക്കാം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com