അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 137 ദിവസം

ദൈവത്തിനായി പ്രവര്‍ത്തിക്കാതിരിക്കുന്ന അനേക സഹോദരങ്ങള്‍ അതിനു കാരണമായി പറയുന്നത് തങ്ങള്‍ക്ക് അതിനുള്ള വിദ്യാഭ്യാസയോഗ്യതകളോ മറ്റു കഴിവുകളോ ഇല്ലെന്നാണ്. യെഹൂദാസഭയിലെ വേദശാസ്ത്രനിപുണന്മാരായ മഹാപുരോഹിതന്മാരും, ഉന്നതസ്ഥാനീയരായ സന്നിദ്രിസംഘാംഗങ്ങളും പരീശന്മാരും ശാസ്ത്രിമാരും മറ്റും അടങ്ങിയ വിചാരണസംഘമാണ് യെഹൂദാസമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍പ്പെട്ട, വിദ്യാഭ്യാസ യോഗ്യതകള്‍ പരിമിതമായ, മുക്കുവരായ പത്രൊസിനെയും യോഹന്നാനെയും വിചാരണ ചെയ്യുമ്പോള്‍ അവരുടെ മറുപടി കേട്ട് ആശ്ചര്യപ്പെടുന്നത്. സുന്ദരം എന്ന ഗോപുരത്തില്‍ ഇരുന്നു ഭിക്ഷ യാചിച്ചിരുന്ന നാല്പതു വയസ്സുകാരനായ മുടന്തനെ സൗഖ്യമാക്കിയതായിരുന്നു അവരുടെമേല്‍ ആരോപിക്കപ്പെട്ട കുറ്റം. പരിശുദ്ധാത്മശക്തിയില്‍ നിറഞ്ഞ അവരുടെ വാദമുഖങ്ങള്‍ വിചാരണസംഘത്തെ ആശ്ചര്യപ്പെടുത്തുവാന്‍ മൂന്നു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി മരണശിക്ഷയിലേക്കുപോലും അവരെ അയയ്ക്കുവാന്‍ കഴിയുന്ന ആ ന്യായാധിപസംഘത്തെ അവര്‍ സധൈര്യം നേരിട്ടു. രണ്ടാമതായി, അവര്‍ പഠിപ്പില്ലാത്തവരെങ്കിലും അവരുടെ വാദമുഖങ്ങള്‍ക്കു മറുപടി നല്‍കുവാന്‍ കഴിയാതെ വിചാരണസംഘം കുഴങ്ങി. മൂന്നാമതായി, അവര്‍ തങ്ങളെപ്പോലെ സമൂഹത്തിലെ ഉന്നതശ്രേണിയില്‍പ്പെട്ടവരോ, ഉന്നതകുലജാതന്മാരോ, യെഹൂദാസഭയുടെ സമുന്നതന്മാരോ ആയിരുന്നില്ല. പിന്നെയോ സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു. പക്ഷേ, അവരെ വിചാരണ ചെയ്ത സംഘാംഗങ്ങള്‍ക്കില്ലാത്ത പരിശുദ്ധാത്മനിറവ് എന്ന സ്വര്‍ഗ്ഗീയ യോഗ്യത പത്രൊസും യോഹന്നാനും നേടിയിരുന്നു. 

                 സഹോദരാ! സഹോദരീ! വിദ്യാഭ്യാസയോഗ്യതയോ, പ്രസംഗപാടവമോ ഒന്നും ഇല്ലെന്നു പറഞ്ഞുകൊണ്ടു നീ കര്‍ത്താവിന്റെ വേല ചെയ്യുവാന്‍ കൂട്ടാക്കാതെ ഒഴിഞ്ഞു മാറുകയാണോ? പാമരന്മാരായ മുക്കുവന്മാരെക്കൊണ്ട് ആയിരം പതിനായിരങ്ങളെ നേടുവാന്‍ കര്‍ത്താവിന് കഴിയുമെങ്കില്‍ അവന് നിന്നെയും ഉപയോഗിക്കുവാന്‍ കഴിയുകയില്ലേ? വിവിധ ന്യായീകരണങ്ങള്‍ ഉന്നയിച്ച് ഒഴിഞ്ഞുമാറാതെ കര്‍ത്താവിനായി പ്രവര്‍ത്തിക്കുവാന്‍ ഈ സമയത്തെങ്കിലും നീ സ്വയം സമര്‍പ്പിക്കുമോ? 

യഹോവയെന്‍ വെളിച്ചമാം 

എന്‍ രക്ഷയും യഹോവയാം 

യഹോവയെന്‍ ജീവന്‍ ബലം 

ആരെയും ഭയപ്പെടില്ല ഞാന്‍.           ആരെയും ഭയപ്പെടില്ല...

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com