അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വ്യഥയും വേദനയും മനസ്സിനെ മഥിക്കുമ്പോള്‍ ദൈവത്തില്‍ ആശ്രയംവയ്ക്കുകയും വിശ്വസിച്ച് മുമ്പോട്ടു പോകുകയും ചെയ്യുന്ന സഹോദരങ്ങള്‍പോലും പതറിപ്പോകാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളെ തരണം ചെയ്യേണ്ടിവരുന്ന ബലഹീനമായ സന്ദര്‍ഭങ്ങളില്‍ കൂടെയിരുന്നു പ്രാര്‍ത്ഥിക്കുവാനോ, വിശ്വാസത്തില്‍ നമ്മെ ഉറപ്പിക്കുവാനോ ആശ്വാസം പകരുവാനോ ആരെയും കണ്ടില്ലെന്നിരിക്കും! അന്തരാത്മാവില്‍ ദു:ഖവും പേറിക്കൊണ്ടു മുമ്പോട്ടു പോകുന്ന ദുര്‍ബ്ബല സാഹചര്യങ്ങളെ ദൈവത്തില്‍ പ്രത്യാശവച്ചുകൊണ്ട് നേരിടുന്ന സങ്കീര്‍ത്തനക്കാരന്‍ നമ്മുടെ ആത്മീയ യാത്രയില്‍ മാതൃകയാകണം. യെരൂശലേംദൈവാലയത്തില്‍ ആരാധിക്കുന്നവരുടെ കൂട്ടത്തില്‍ ചേരുവാന്‍ 42-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് ആഗ്രഹിച്ചുവെങ്കിലും താന്‍ വിദൂരത്തായിരുന്നതിനാലും, തന്നോടൊപ്പമുള്ളവര്‍ അതിനു താല്പര്യമില്ലാത്തവര്‍ ആയിരുന്നതിനാലും, അവന്‍ വ്യാകുലചിത്തനായി, ഏകാകിയായി പ്രാര്‍ത്ഥിക്കുന്നു. ദു:ഖഭാരത്താല്‍ വ്യാകുലപ്പെടുന്ന തന്റെ ആത്മാവിനോട് സങ്കീര്‍ത്തനക്കാരന്‍ ചോദിക്കുന്നു; ''എന്റെ ആത്മാവേ! നീ എന്തിന് ആവലാതിപ്പെടുന്നു: വിഷാദിക്കുന്നു.'' എന്നിട്ട് വിഷാദിക്കുന്ന അന്തരാത്മാവിനോട് സ്വയം കല്പിക്കുന്നു: ''ദൈവത്തെ കാത്തിരിക്കുക!'' കൂടാതെ ''ഞാന്‍ ഇനിയും എന്റെ മുഖത്തെ രക്ഷിക്കുന്നവനായ ദൈവത്തെ സ്‌തോത്രം ചെയ്യും'' എന്നു പ്രഖ്യാപിക്കുന്നു. മാത്രമല്ല, ഇവതന്നെ ആവര്‍ത്തിച്ച് (സങ്കീ 42 : 11) തന്റെ പ്രത്യാശ വര്‍ദ്ധിപ്പിക്കുന്നു. അത്യുന്നതനായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിധ്വനിയാണ് നിരാശയില്‍നിന്നു പ്രത്യാശയിലേക്ക് ഈ സങ്കീര്‍ത്തനക്കാരനെ ഉയര്‍ത്തിയത്.
സഹോദരാ! സഹോദരീ! അന്തരാത്മാവില്‍ ദു:ഖഭാരങ്ങളുമായി പ്രത്യാശ തകര്‍ന്ന അവസ്ഥയിലാണോ നീ ഈ വരികള്‍ വായിക്കുന്നത്? എങ്കില്‍ സങ്കീര്‍ത്തനക്കാരനെപ്പോലെ നീ എന്തിന് ആവലാതിപ്പെടുന്നുവെന്ന് നിന്നോടുതന്നെ ചോദിക്കൂ! എന്നിട്ട്, നിന്റെ മുഖത്തെ ആദരിക്കുന്ന, രക്ഷിക്കുന്ന ദൈവത്തിനായി കാത്തിരുന്നു സ്‌തോത്രം ചെയ്യുക - സ്‌തോത്രം - സ്‌തോത്രം - ദൈവമേ, സ്‌തോത്രം - യേശുവേ സ്‌തോത്രം - പരിശുദ്ധാത്മാവേ സ്‌തോത്രം... നിന്റെ സ്‌തോത്രയാഗത്തില്‍ നിന്നിലുള്ള വിഷാദം കത്തിക്കരിഞ്ഞുപോകും.
തന്‍ കൃപയും കരുണയും എന്‍മേല്‍ ചൊരിയും
യഹോവയെ വാഴ്ത്തുക എന്‍ മനമേ
യഹോവയെ വാഴ്ത്തുക എന്‍ മനമേ ആശിഷമാരി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com