അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കഴിഞ്ഞ കാലങ്ങളില്‍ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും കീഴടക്കുവാന്‍ ദൈവം നല്‍കിയ അഭ്യാസങ്ങള്‍, അപ്രതീക്ഷിതമായി കടന്നുവരുന്ന പുത്തന്‍ വെല്ലുവിളികളെ നേരിട്ടു വിജയിക്കുവാന്‍ ദൈവം നല്‍കിയ പരിശീലനങ്ങളാണെന്ന് അധികമാരും ചിന്തിക്കാറില്ല. വെല്ലുവിളികള്‍ ഉയരുമ്പോള്‍, ദൈവത്തില്‍ അചഞ്ചലമായ വിശ്വാസവും ഉറപ്പും ധൈര്യവുമുള്ളവര്‍ക്കു മാത്രമേ ദൈവത്തിന്റെ ബലവും ശക്തിയും സവിശേഷതകളും തെളിയിക്കുവാന്‍, അവയെ നേരിടുവാനും വിജയം വരിക്കുവാനും കഴിയുകയുള്ളു. ഏലാതാഴ്‌വരയില്‍ നാല്പതു ദിനരാത്രങ്ങള്‍ ഫെലിസ്ത്യമല്ലനായ ഗൊല്യാത്ത് രാവിലെയും വൈകിട്ടും വെല്ലുവിളിച്ചിട്ടും, ശൗല്‍രാജാവിനോ അവന്റെ പടയാളികളില്‍ ആര്‍ക്കെങ്കിലുമോ, ആ മല്ലന്റെ വെല്ലുവിളിയെ നേരിടുവാന്‍ കഴിഞ്ഞില്ല. തന്റെ ജ്യേഷ്ഠ സഹോദരന്മാര്‍ക്കു ഭക്ഷണവുമായി ചെന്ന ദാവീദ് ഗൊല്യാത്തിന്റെ വെല്ലുവിളി കേട്ട് ഭയവിഹ്വലരായി പിന്തിരിഞ്ഞോടുന്ന യിസ്രായേല്‍സൈന്യത്തെ കണ്ടപ്പോള്‍, തന്റെ ദൈവത്തെ നിന്ദിക്കുന്ന ആ ഫെലിസ്ത്യമല്ലനുനേരേ അവന്റെ കോപം കത്തിജ്വലിച്ചു. മല്ലനായ ഗൊല്യാത്തിനെ ഉടനേ നേരിടുവാന്‍ ഒരുമ്പെട്ട ദാവീദ്, രാജാവായ ശൗലിനോട് തന്റെ യോഗ്യതയായി വിവരിക്കുന്നത് ''സിംഹത്തിന്റെ കൈയില്‍നിന്നും കരടിയുടെ കൈയില്‍നിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും'' എന്നതു മാത്രമാണ്. സര്‍വ്വശക്തനായ ദൈവത്തിന്റെ ശക്തിയും മഹത്ത്വവും വെളിപ്പെടുത്തുവാനുള്ള അവസരം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട് ശമൂവേല്‍പ്രവാചകനാല്‍ അഭിഷേകം ചെയ്യപ്പെട്ട ശൗല്‍ നഷ്ടപ്പെടുത്തിയപ്പോള്‍, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട് അതേ പ്രവാചകനാല്‍ അഭിഷേകം ചെയ്യപ്പെട്ട ദാവീദ് മല്ലനായ ഗൊല്യാത്തിനെ നേരിട്ട്, കൊന്ന് ദൈവത്തിനു മാത്രമല്ല, യിസ്രായേല്‍മക്കള്‍ക്കും പ്രിയങ്കരനായിത്തീര്‍ന്നു.
ദൈവത്തിന്റെ പൈതലേ! ഗൊല്യാത്തിനെപ്പോലെ ഭീമാകാരമായ പ്രശ്‌നങ്ങള്‍ നിന്നെ വെല്ലുവിളിക്കുമ്പോള്‍ ദാവീദിനെപ്പോലെ കഴിഞ്ഞ കാലങ്ങളില്‍ നിന്നെ വഴിനടത്തിയ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് അവയെ നേരിടുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ദൈവത്തോടുള്ള നിന്റെ തീക്ഷ്ണതയും ദൈവത്തിലുള്ള നിന്റെ വിശ്വാസവും തെളിയിക്കുവാനുള്ള സന്ദര്‍ഭങ്ങള്‍ ദാവീദിനെപ്പോല തക്കത്തിലുപയോഗിക്കുവാന്‍ നീ ശ്രദ്ധിക്കുമോ?
എന്‍ വൈരികള്‍ ദുഷ്‌കര്‍മ്മികള്‍
എന്‍ മാംസം തിന്നുവാന്‍
സൈന്യമായ് വന്നീടിലും
ഭയപ്പെടില്ലെന്‍ ഹൃത്തൊരിക്കലും. ആരെയും ഭയപ്പെടില്ല...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com