അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 134 ദിവസം

വൃദ്ധരായ അനേക മാതാപിതാക്കന്മാര്‍ ദൈവമില്ലാതെ ജീവിക്കുന്ന തങ്ങളുടെ സന്താനങ്ങള്‍ക്കുവേണ്ടി വാര്‍ദ്ധക്യത്തിന്റെ വൈകല്യങ്ങള്‍പോലും വകവയ്ക്കാതെ നോമ്പുനോക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. ഈ പശ്ചാത്തലത്തില്‍ അപ്പൊസ്തലനായ പൗലൊസ് തന്റെ ആത്മീയമകനും യൗവനക്കാരനുമായ തിമൊഥെയൊസിന് നല്‍കുന്ന ഉപദേശം ശ്രദ്ധേയമാണ്. യൗവനത്തില്‍ പൊടുന്നനവേ അപ്പൊസ്തലനെ കണ്ടപ്പോള്‍ അങ്കുരിച്ച വിശ്വാസമല്ലായിരുന്നു തിമൊഥെയൊസിന്റേത്. ദൈവത്തില്‍ വിശ്വസിച്ച്, ദൈവത്തിന്റെ വഴിയില്‍ ജീവിച്ചിരുന്ന അവന്റെ അമ്മ യൂനീക്ക അവനെ ബാല്യംമുതല്‍ തിരുവെഴുത്തുകള്‍ പഠിപ്പിക്കുകയും ദൈവഭയത്തില്‍ വളര്‍ത്തുകയും ചെയ്തതുകൊണ്ടാണ് അവന്‍ അപ്പൊസ്തലനാല്‍ ആകര്‍ഷിക്കപ്പെടുവാനും അവന്റെ ആത്മീയമകനായി വളരുവാനും ഇടയായത്. രാപ്പകലില്ലാതെ മക്കളുടെ പഠനകാര്യങ്ങളില്‍ മാത്രം ശ്രദ്ധവയ്ക്കുന്ന ഇന്നത്തെ മാതാപിതാക്കളുടെ ലക്ഷ്യം തങ്ങളുടെ മക്കള്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ ജയിച്ച് ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ നേടണമെന്നുള്ളതാണ്. ബാല്യംമുതല്‍ ദൈവീക ശുശ്രൂഷകളില്‍ പങ്കെടുക്കുവാനോ, തിരുവചനം പഠിക്കുവാനോ, പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ രുചിച്ചറിയുവാനോ പരിശീലനം ലഭിക്കാതെ, സദാസമയവും ട്യൂഷനുകള്‍, കായിക പരിശീലനങ്ങള്‍ തുടങ്ങി ഭൗതികമായ ഉന്നമനത്തിനുവേണ്ടി വളര്‍ത്തപ്പെടുന്ന മക്കള്‍ യൗവനത്തിലെത്തുമ്പോള്‍ ദൈവമില്ലാത്തവരായിത്തീരുന്നു. കാരണം തങ്ങളുടെ ബാല്യത്തില്‍ മാതാപിതാക്കള്‍ തങ്ങളെ ദൈവിക കാര്യങ്ങള്‍ അഭ്യസിപ്പിക്കുകയോ അവര്‍ ദൈവത്തെ ആശ്രയിക്കുകയോ ചെയ്യുന്നത് മക്കള്‍ കണ്ടിട്ടില്ല എന്നതുതന്നെ! 

              സഹോദരാ! സഹോദരീ! നിന്റെ മക്കളെ ദൈവഭയത്തിലും ദൈവാശ്രയത്തിലും വളര്‍ത്തുവാന്‍ നീ ശ്രദ്ധിച്ചിട്ടുണ്ടോ? ദൈവമില്ലാതെയുള്ള അവരുടെ ഒരു നേട്ടവും നിലനില്‍ക്കുകയില്ലെന്ന് നീ ഇനിയുമെങ്കിലും മനസ്സിലാക്കുമോ? ബാലന്‍ നടക്കേണ്ട വഴിയില്‍ അവനെ അഭ്യസിപ്പിച്ചാല്‍ തിമൊഥെയൊസിനെപ്പോലെ ഏതു പ്രായത്തിലും അവന്‍ അതു മറക്കുകയില്ലെന്നു മാത്രമല്ല, അത്യുന്നതായ ദൈവം അവനെ തിരഞ്ഞെടുക്കുന്നതിന് നീ മുഖാന്തരം ഒരുക്കുകയാണെന്ന്കൂടി ഓര്‍ക്കുമോ? 

തിരക്കുകളേറും ജീവിതയാനമിതില്‍ പ്രിയ സോദരരേ

ഒരിറ്റു സമയം നല്കിടുവിന്‍

യേശുവിനായ് നിങ്ങള്‍                      യേശു സൗഖ്യദായകന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com