അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 133 ദിവസം

തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബജീവിതങ്ങളുടെ കദനകഥകള്‍ നിറഞ്ഞ ഒരു കാലയളവിലൂടെയാണ് നാം കടന്നുപോകുന്നത്. ഭക്തിയുടെ വേഷം ധരിക്കുന്ന അനേക സഹോദരങ്ങള്‍ തങ്ങളുടെ ഇണയായി ദൈവം നല്‍കിയിരിക്കുന്ന തുണയെ വെറുപ്പോടും വിദ്വേഷത്തോടുമാണ് കാണുന്നത്. അസമാധാനവും അസന്തുഷ്ടിയും നിറഞ്ഞ ദാമ്പത്യജീവിതം നയിക്കുന്ന സഹോദരങ്ങള്‍ക്ക് യേശുവിനുവേണ്ടി ഫലപ്രദമായി പരിശുദ്ധാത്മനിറവില്‍ പ്രവര്‍ത്തിക്കുവാന്‍ സാദ്ധ്യമല്ല. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലൊസ്, പരസ്പര സ്‌നേഹത്തിലലിഞ്ഞുചേരുന്ന കുടുംബജീവിതം നയിക്കുവാന്‍ തന്റെ ആത്മീയമക്കളെ ഉദ്‌ബോധിപ്പിക്കുന്നത്. കുടുംബജീവിതത്തിന്റെ സന്തോഷവും സമാധാനവും ഭര്‍ത്താവിന്റെയും ഭാര്യയുടെയും പരസ്പര സമീപനത്തില്‍ അധിഷ്ഠിതമായിരിക്കുന്നുവെന്ന് അപ്പൊസ്തലന്‍ വ്യക്തമാക്കുന്നു. ഭാര്യയെ തന്റെ ശരീരത്തിന്റെ ഒരു ഭാഗമായി കരുതി ഭര്‍ത്താവ് അവളെ സ്‌നേഹിക്കണം. ആ സ്‌നേഹത്തിന്റെ അഗാധത വളരെ വലുതാണ്. നമ്മുടെ ചെറുവിരല്‍ ശരീരത്തിലെ ഏറ്റവും ചെറിയ അവയവങ്ങളില്‍ ഒന്നാണെങ്കിലും അതിന്റെ നഖത്തിനേല്‍ക്കുന്ന ക്ഷതംപോലും ശരീരത്തില്‍ അതിയായ വേദന സൃഷ്ടിക്കുന്നതുകൊണ്ട് നാം ആ ചെറിയ അവയവത്തെപ്പോലും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നു. അങ്ങനെയെങ്കില്‍ ശരീരത്തിന്റെ ഒരു ഭാഗമായി കരുതേണ്ട ഭാര്യയെ എത്രയധികം സ്‌നേഹിക്കണമെന്ന് ഇവിടെ പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ഇപ്രകാരം ഭര്‍ത്താവിനാല്‍ സ്‌നേഹിക്കപ്പെടുന്ന ഭാര്യ തന്റെ ഭര്‍ത്താവിനെ അനുസരണത്തോടും ആദരവോടും സ്‌നേഹിക്കണം. അവന്റെ ബലഹീനതകളെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകളല്ല, പ്രത്യുത അവന്റെ കഴിവുകള്‍ അവ എത്ര ചെറുതായാലും അവയെക്കുറിച്ചുള്ള  പുകഴ്ചയായിരിക്കണം അവളുടെ നാവിന്‍തുമ്പിലുണ്ടാകേണ്ടത്. എന്തെന്നാല്‍ അവന് തക്ക തുണയായാണ് അവള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 

                     ദൈവത്തിന്റെ പൈതലേ! പരിശുദ്ധാത്മനിറവില്‍ ജീവിക്കുന്നു എന്ന് അഭിമാനിക്കുന്ന നിന്റെ കുടുംബജീവിതം ആത്മീയ സന്തോഷം തുളുമ്പുന്നതാണോ? യേശുവിന്റെ സ്‌നേഹവും കരുതലും നിന്റെ തുണയ്ക്ക് നല്‍കുവാന്‍ കഴിയുന്നില്ലെങ്കില്‍ യേശുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്കു കൊടുക്കുവാന്‍ നിനക്ക് എങ്ങനെ കഴിയും? ,

സന്തുഷ്ട കുടുംബം സന്തോഷ ഭവനം 

സ്വപ്‌നം കാണും സോദരരേ, 

വരുവിന്‍... വരുവിന്‍... 

യേശുവിന്‍ ചാരെ വരുവിന്‍.                    സമാധാനത്തിന്‍ പ്രഭുവാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com