അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ആധുനിക മനുഷ്യന്‍ പലവിധങ്ങളായ ഭയങ്ങള്‍ക്ക് അധീനനായാണ് മുമ്പോട്ടു പോകുന്നത്. ആത്മികരെന്ന് അഭിമാനിക്കുന്ന, ദൈവവിശ്വാസികള്‍ എന്നു സ്വയം പ്രഖ്യാപിക്കുന്ന, അനേക സഹോദരങ്ങള്‍പോലും ഭയത്തിനടിമകളായാണ് ജീവിതം തള്ളിവിടുന്നത്. ആരോഗ്യത്തെക്കുറിച്ച്, ഉദ്യോഗത്തെക്കുറിച്ച്, കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് തുടങ്ങിയ അനേകമായ ഭയങ്ങളില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന മനുഷ്യന്‍, ധൈര്യം സംഭരിക്കുവാന്‍ മദ്യത്തെയും ഉത്തേജക വസ്തുക്കളെയും മയക്കുമരുന്നുകളെയുമൊക്കെ ആശ്രയിക്കുന്നത് സാധാരണ സംഭവമായിത്തീര്‍ന്നിരിക്കുന്നു. ഇവയൊന്നുമില്ലാതെ ഭയാശങ്കകളുടെ താഴ്‌വാരങ്ങളില്‍ നിന്നുകൊണ്ട് യഹോവയോട് നിലവിളിച്ച് ''എന്റെ സകല ഭയങ്ങളില്‍നിന്നും എന്നെ വിടുവിച്ചു'' എന്ന് പ്രഖ്യാപിക്കുന്ന ദാവീദ് അവന്റെ സകല ഭയങ്ങളില്‍നിന്നും ആരാണ് വിടുവിച്ചതെന്നും എങ്ങനെയാണ് വിടുവിച്ചതെന്നും വിശദീകരിക്കുന്നത്, ഭയത്തിന് അടിമകളായി നീറി നശിക്കുന്ന ഓരോരുത്തര്‍ക്കും വിമോചനം നേടുവാനുള്ള മുഖാന്തരമാകണം. തന്നെ വേട്ടയാടുന്ന ശൗല്‍രാജാവില്‍നിന്നു രക്ഷപ്പെട്ട് ദാവീദ് ചെന്നെത്തിയത് ഗത്തില്‍ ഫെലിസ്ത്യരാജാവായ ആഖീശിന്റെ അടുത്താണ്. അവരുടെ അഭിമാനമായിരുന്ന ഗൊല്യാത്തിന്റെ തല വെട്ടിയെടുത്ത ശത്രുവാണ് തങ്ങളുടെ അടുക്കലെത്തിയിരിക്കുന്നതെന്ന് ഗത്ത്‌നിവാസികള്‍ മനസ്സിലാക്കിയപ്പോള്‍ ദാവീദിന്റെ ജീവന്‍ വീണ്ടും അപകടത്തിലായി. ഭയത്തിന്റെ ആ അഗാധമായ താഴ്‌വരയില്‍ അവന്‍ യഹോവയോട് അപേക്ഷിച്ചപ്പോള്‍ യഹോവ അവനെ അവിടെനിന്നു രക്ഷിച്ച്, അവന്റെ സകല ഭയങ്ങളില്‍നിന്നും അവനെ വിടുവിച്ചു. അതുകൊണ്ടാണ് ''യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍, അവന്റെ ഭക്തന്മാര്‍ക്ക് ഒന്നിനും മുട്ടില്ലല്ലോ'' (സങ്കീര്‍ത്തനങ്ങള്‍ 34 : 9) എന്ന് ദാവീദ് പാടുന്നത്. ഭയങ്ങളുടെ അഗാധങ്ങളില്‍നിന്നു മനുഷ്യനു രക്ഷപ്പെടുവാന്‍ കഴിയണമെങ്കില്‍ അവന്‍ ദൈവത്തെ ഭയപ്പെട്ട് അവനില്‍ ആശ്രയിക്കുകയും അവനോട് അപേക്ഷിക്കുകയും ചെയ്യണമെന്ന് ദാവീദ് നമ്മെ പഠിപ്പിക്കുന്നു.
ദൈവത്തിന്റെ പൈതലേ! സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളാല്‍, പ്രതിസന്ധികളാല്‍ നീ ഭയത്തോടെയാണോ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്? എങ്കില്‍ ദാവീദിനെപ്പോലെ ഈ സമയത്ത് നീ യഹോവയോടു നിലവിളിക്കൂ! അപ്പോള്‍ നിന്റെ സകല ഭയങ്ങളില്‍നിന്നും അവന്‍ നിന്നെ വിടുവിക്കും! ധൈര്യമായിരിക്കൂ!
ആശ്വാസപ്രദനാമെന്‍ പരിശുദ്ധാത്മാവേ നീ
ഭീതിയെല്ലാം നീക്കി നിന്‍ ധൈര്യത്തെ നല്‍കേണമേ സത്യ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com