അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 131 ദിവസം

കര്‍ത്താവിനായി സ്വയം സമര്‍പ്പിച്ച്, തങ്ങളുടെ എളിയ കഴിവുകള്‍ക്കൊത്തവണ്ണമോ അതിലുപരിയായോ കര്‍ത്താവിനായി വേലചെയ്തു ക്ഷീണിതരായി തളരുമ്പോള്‍, ആശ്വസിപ്പിക്കുവാനോ ശുശ്രൂഷിക്കുവാനോ ആരുമില്ലാത്ത സാഹചര്യങ്ങള്‍ അനേക സഹോദരങ്ങളെ സങ്കടപ്പെടുത്താറുണ്ട്. കര്‍ത്താവിന്റെ സ്‌നേഹവും ആശ്വാസവും പകര്‍ന്നു നാം കഷ്ടനഷ്ടങ്ങളില്‍നിന്നു കോരിയെടുത്ത സഹോദരങ്ങള്‍ക്കും, നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്ന കൂട്ടുവേലക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും, നമ്മുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെക്കുറിച്ചു ചിന്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. എന്നാല്‍ തന്റെ ശിഷ്യന്മാരോട് അല്പം വിശ്രമിക്കുവിന്‍ എന്നു കല്പിക്കുന്ന കര്‍ത്താവ്, തന്റെ വേലക്കാരുടെ ക്ഷീണിതമായ ശരീരമനസ്സുകളെക്കുറിച്ച് അവര്‍ പറയാതെ മനസ്സിലാക്കി അവര്‍ക്കുവേണ്ടി കരുതുന്ന സ്‌നേഹവാനായ കര്‍ത്താവാകുന്നു എന്നത് നമ്മുടെ ആശ്വാസവും പ്രത്യാശയുമാകണം. ജീവിതഭാരങ്ങളാല്‍ മുമ്പോട്ടു പോകുവാനാവാതെ കര്‍ത്താവിന്റെ അടുത്തേക്കു വളരെയേറെപ്പേര്‍ വന്നുകൊണ്ടിരുന്നുവെങ്കിലും കര്‍ത്താവും ശിഷ്യന്മാരും ഭക്ഷിച്ചിട്ടില്ലെന്ന് അവരില്‍ ആരുംതന്നെ ചിന്തിച്ചിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചെടുക്കുവാനുള്ള തത്രപ്പാടില്‍ കര്‍ത്താവിന്റെയും ശിഷ്യന്മാരുടെയും ശാരീരികമായ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല, പക്ഷേ, തനിക്കുവേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്ന തന്റെ ശിഷ്യന്മാരുടെ ക്ഷീണിച്ച ശരീരങ്ങളെക്കുറിച്ച് കരുതലുള്ളവനായ കര്‍ത്താവ്, വിജനസ്ഥലത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി അവരോടു വിശ്രമിക്കുവാന്‍ ആവശ്യപ്പെടുന്നു. 

                         സഹോദരാ! സഹോദരീ! കര്‍ത്താവിനുവേണ്ടിയുള്ള നിന്റെ എളിയ പ്രവര്‍ത്തനങ്ങളില്‍ ബദ്ധപ്പെട്ട്, ക്ഷീണിച്ച അവസ്ഥയില്‍, നിന്നെ ഒന്നാശ്വസിപ്പിക്കുവാനോ മനസ്സിലാക്കുവാനോ ആരുമില്ലെന്നോര്‍ത്ത് നീ ഭാരപ്പെടുന്നുവോ? എങ്കില്‍ തന്റെ ശിഷ്യന്മാരുടെ ശാരീരികമായ ക്ഷീണവും വിശപ്പും മനസ്സിലാക്കി അവര്‍ക്കു ഭക്ഷിക്കുവാനും വിശ്രമം നല്‍കുവാനും അവരെ വിജനസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയ കര്‍ത്താവിനുവേണ്ടിയാണ് നീയും പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍ക്കുമോ? നീ ആരാധിക്കുന്ന കര്‍ത്താവ് ഈ സമയത്ത് നിന്റെ ചാരത്തുണ്ട്! അവന്‍ നിന്നെ തന്റെ മാറോടു ചേര്‍ത്ത് ആശ്വസിപ്പിക്കുമെന്ന് നീ ഓര്‍ക്കുമോ? 

ഉറവയാണവന്‍ നീരുറവയാണവന്‍ 

ജീവിതയാത്രയിലെന്നുറവയാണവന്‍ 

ജീവജലം നല്‍കിയെന്‍ ദാഹം തീര്‍ത്തീടുമെന്‍ 

ജീവന്റെ ഉറവയാണവന്‍.                                 മാറാത്തവന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com