അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തോട് അനേകമായ ദാനങ്ങള്‍ നാം യാചിക്കുന്നു. സകല നന്മകളുടെയും ദാതാവായ കാരുണ്യവാനായ ദൈവത്തിന് നാം എന്തു നല്‍കിയിട്ടുണ്ടെന്നും നല്‍കുന്നുണ്ടെന്നും ചിന്തിക്കാതെയാണ് നാം പലപ്പോഴും ദൈവത്തോട് ഭൗതിക സൗഭാഗ്യങ്ങള്‍ക്കായി കേഴുന്നത്. ദൈവം നല്‍കുന്ന അനുഗ്രഹങ്ങളില്‍നിന്ന് ദൈവത്തിനായി കൊടുക്കുമ്പോഴാണ് നമ്മുടെ ആവശ്യങ്ങളില്‍ നാം അറിയാത്ത ഉറവകള്‍ ദൈവം തുറന്നുതരുന്നത്. അതാണ് അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയസഭയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിലേക്കു വരുന്ന സഹോദരങ്ങള്‍ക്ക് പലവിധമായ ക്രൂരപീഡനങ്ങള്‍ സഹിക്കേണ്ട സാഹചര്യമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. സമൂഹത്തില്‍ നിന്നു പുറന്തള്ളപ്പെട്ട ക്രിസ്ത്യാനികള്‍ ഏറിയകൂറും ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. അവരെ സഹായിക്കുന്നതിനായി അപ്പൊസ്തലന്‍ തന്റെ ആത്മീയമക്കളുടെ ഇടയില്‍ ധര്‍മ്മശേഖരണം നടത്തിയിരുന്നു. അപ്രകാരമുള്ള ധര്‍മ്മശേഖരണത്തില്‍ ഫിലിപ്പിയസഭ രണ്ടുവട്ടം തന്നെ സഹായിച്ചത് അനുസ്മരിച്ചുകൊണ്ട് അവര്‍ ദാനം ചെയ്യേണ്ടത് തന്റെ സമ്പാദനത്തിനുവേണ്ടിയല്ല, പ്രത്യുത അതിലൂടെ ദൈവസന്നിധിയിലുള്ള അവരുടെ കണക്കു വര്‍ദ്ധിപ്പിച്ച്, ദൈവസന്നിധിയില്‍നിന്ന് അവര്‍ക്കുള്ള പ്രതിഫലം അധികമാക്കുവാനാണെന്ന് പൗലൊസ് വ്യക്തമാക്കുന്നു. നാം ദൈവത്തിന്റെ ശുശ്രൂഷക്കാരായി വിവിധ നിലകളിലും തലങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇടയന്മാരുടെയും കൂട്ടുവേലക്കാരുടെയും ആവശ്യങ്ങള്‍ക്കായി, ദൈവവേലയുടെ വളര്‍ച്ചയ്ക്കായി, ദൈവനാമമഹത്ത്വത്തിനായി ക്രൈസ്തവ സഭകള്‍ക്കും ശുശ്രൂഷകള്‍ക്കും ദാനം ചെയ്യുമ്പോള്‍ നമ്മുടെ കണക്ക് സ്വര്‍ഗ്ഗത്തില്‍ വളരുകയാണെന്നും അത് ദൈവത്തില്‍നിന്നു നമുക്കായി അനേകമടങ്ങ് ഫലം പുറപ്പെടുവിക്കുമെന്നും അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! ദൈവത്തില്‍നിന്ന് അനേകമായ ദാനങ്ങള്‍ പ്രതീക്ഷിക്കുകയും ദൈവത്തോട് അനേക ദാനങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നീ ദൈവത്തിനുവേണ്ടി എന്തെങ്കിലും ദാനമായി നല്‍കിയിട്ടുണ്ടോ? ദൈവസന്നിധിയിലുള്ള നിന്റെ ദാനത്തിന്റെ കണക്ക് വട്ടപൂജ്യമെങ്കില്‍ നീ എത്ര പ്രാര്‍ത്ഥിച്ചിരുന്നാലും നിനക്കു ലഭിക്കുന്ന ദാനങ്ങളും അതിനൊത്തവണ്ണമായിരിക്കും എന്നു നീ ഓര്‍ക്കുമോ?
എന്തു ഞാന്‍ നിനക്കു നല്‍കുമെന്‍ ദൈവമേ
സര്‍വ്വലോകം സൃഷ്ടിച്ച നിന്‍ സന്നിധേ
സാധുവിന്‍ കാഴ്ചയും ദശാംശവും
സുഗന്ധമായി തീര്‍ന്നിടേണമേ സര്‍വ്വശക്തനായ ദൈവമേ....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com