അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 128 ദിവസം

യഹോവയാം ദൈവം മനുഷ്യനെ സൃഷ്ടിച്ച നാള്‍മുതല്‍ ''പ്രധാനി'' ആകുവാനുള്ള അഭിവാഞ്ഛ അവനില്‍ പ്രകടമായിരുന്നുവെന്ന് ഏദെന്‍തോട്ടംമുതലുള്ള പ്രതികരണങ്ങളില്‍നിന്നു മനസ്സിലാക്കാം. പ്രധാനിയാകുവാനുള്ള അത്യാഗ്രഹമാണ് ലൂസിഫര്‍ സ്വര്‍ഗ്ഗത്തില്‍നിന്നു പുറന്തള്ളപ്പെടുവാന്‍ കാരണമായത്. സ്‌നേഹത്തിന്റെയും സൗമ്യതയുടെയും കാരുണ്യത്തിന്റെയും ഉറവിടമായ കര്‍ത്താവില്‍നിന്നു പഠിച്ചിട്ടും ''തങ്ങളില്‍ ആരാണ് വലിയവന്‍'' എന്ന വാഗ്വാദം തന്റെ ശിഷ്യന്മാരുടെ ഇടയിലുണ്ടായതായി തിരുവചനം സാക്ഷിക്കുന്നു. തന്റെ രണ്ടു മക്കളെയും കര്‍ത്താവിന്റെ രാജ്യത്തില്‍ ഇടത്തും വലത്തും ഇരുത്തണമെന്നുള്ള യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയുടെ അപേക്ഷ, പ്രധാനികളാകുവാനുള്ള അവരുടെ ആഗ്രഹത്തിന്റെ പ്രദര്‍ശനമാണ്. ''നിങ്ങളില്‍ പ്രധാനിയാകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദാസനാകട്ടെ'' എന്നാണ് കര്‍ത്താവ് അവരെ ഉപദേശിക്കുന്നത്. ക്രൈസ്തവ സഭകളെയും സമൂഹങ്ങളെയും ഇന്നുവരെയും ഛിന്നഭിന്നമാക്കിയിരിക്കുന്നത് പ്രധാനികളാകുവാനുള്ള വ്യക്തികളുടെ മോഹങ്ങളാണ്. ഈ മോഹം പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു വ്യക്തിയില്‍ ഉടലെടുക്കുകയില്ല. കര്‍ത്താവിന്റെ വാത്സല്യശിഷ്യനായിരുന്ന യോഹന്നാന്‍ശ്ലീഹായെ, പ്രധാനി ആകുവാന്‍ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് കൂട്ടാക്കുന്നില്ല എന്ന് ശ്ലീഹാ സങ്കടത്തോടെ ഗായൊസിന് എഴുതുന്നു. പരിശുദ്ധാത്മനിറവില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ആരുടെയും പ്രേരണയോ സമ്മര്‍ദ്ദമോ ശുപാര്‍ശയോ ഇല്ലാതെ അത്യുന്നതനായവന്‍തന്നെ പ്രധാന പദവി നല്‍കി വഴിനടത്തും. 

              ദൈവപൈതലേ! നിന്റെ ഇടവകയിലും, ശുശ്രൂഷയിലും മറ്റും പ്രധാനിയാകുവാന്‍ നീ ഇച്ഛിക്കുന്നുവോ? ദൈവത്തിന്റെ വേലയില്‍ പ്രവര്‍ത്തിക്കുവാനുള്ള നിന്റെ ആഗ്രഹം പരമാര്‍ത്ഥമാണെങ്കില്‍ ചരടുവലികളിലൂടെയും വടംവലികളിലൂടെയും പ്രധാനിയാകുകയല്ല, പിന്നെയോ പരിശുദ്ധാത്മാവില്‍ നിറയുകയാണ് വേണ്ടതെന്ന് ഈ സമയത്ത് നീ മനസ്സിലാക്കുമോ? പരിശുദ്ധാത്മാവില്ലാതെ, പ്രധാനിയായി നീ നേടുന്നതെല്ലാം നിന്നെ നരകത്തിലാണ് കൊണ്ടെത്തിക്കുന്നതെന്ന് നീ ഓര്‍മ്മിക്കുമോ? 

അഹന്തയാല്‍ ഞാനെന്‍ താതനെ

മറന്നു ഞാന്‍ ഓടിയെന്‍ പാതയില്‍ 

അനുസരിക്കാത്ത എന്‍  ചെയ്തികള്‍

ക്ഷമിക്കേണം എന്‍ കര്‍ത്തനേ

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com