അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 127 ദിവസം

മഹാകാരുണ്യവാനും സ്‌നേഹവാനുമായ ദൈവത്തിന്റെ തിരുസന്നിധിയില്‍ ആവശ്യഭാരങ്ങളുമായി കേഴുമ്പോള്‍, ശീഘ്രത്തില്‍ ദൈവം നമ്മുടെ പ്രശ്‌നങ്ങള്‍ക്കു മറുപടി നല്‍കുമെന്ന് നാം പ്രതീക്ഷിക്കാറുണ്ട്. നാം പ്രതീക്ഷിക്കുന്ന സമയത്ത് മറുപടി ലഭിക്കാതിരിക്കുമ്പോള്‍ ക്രമേണ നമ്മില്‍ കടന്നുവരുന്ന നിരാശ നമ്മുടെ പ്രാര്‍ത്ഥനകളുടെ ദൈര്‍ഘ്യത്തെയും മൂര്‍ച്ചയെയും തവണകളെയും കുറച്ചുകളയുന്നു. ആരോരുമില്ലാത്ത ഒരു വിധവയ്ക്ക് ന്യായം പാലിച്ചു കൊടുക്കുവാന്‍ ''ദൈവത്തെ ഭയമോ മനുഷ്യനെ ശങ്കയോ'' ഇല്ലാത്ത, അനീതി നിറഞ്ഞ ന്യായാധിപന്‍ കൂട്ടാക്കുന്നില്ല. നിരാശപ്പെട്ടു പിന്മാറാതെ അവള്‍ വീണ്ടും വീണ്ടും അന്യായക്കാരനായ ആ ന്യായാധിപതിയെ പിന്തുടരുന്നു. ന്യായത്തിനുവേണ്ടിയുള്ള അവളുടെ നിരന്തരമായ സമ്മര്‍ദ്ദം സഹിക്കാനാവാതെ, നീതിയില്ലാത്ത ആ ന്യായാധിപതി അവള്‍ക്കു ന്യായം പാലിച്ചുകൊടുക്കുവാന്‍ നിര്‍ബ്ബന്ധിതനായി. വിധവമാരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്ന ആ സമൂഹത്തില്‍ അവള്‍ക്കുവേണ്ടി വാദിക്കുവാന്‍ അവള്‍ മാത്രമാണുണ്ടായിരുന്നത്. തന്റെ അപേക്ഷകള്‍ നിരസിക്കപ്പെടുമ്പോള്‍ നിരാശപ്പെടാതെ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെയും പ്രത്യാശയോടെയുമുള്ള നിരന്തരമായ അവളുടെ പരിശ്രമങ്ങളാണ് പ്രാര്‍ത്ഥനാജീവിതത്തിന് മാതൃകയായി കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നത്. മടുത്തുപോകാതെയുള്ള നിരന്തരമായ അവളുടെ അപേക്ഷകള്‍ക്ക് ദുഷ്ടനായ ആ ന്യായാധിപതിയില്‍ പരിവര്‍ത്തനം ഉണ്ടാക്കുവാനും മറുപടി ലഭ്യമാക്കുവാനും കഴിയുമെങ്കില്‍, നീതിയുടെ ന്യായാധിപതിയും കരുണയുടെ മഹാസാഗരവുമായ ദൈവം, പ്രത്യാശയോടെ നിരന്തരമായി തന്നോടു പ്രാര്‍ത്ഥിക്കുന്ന തന്റെ മക്കള്‍ക്ക് മറുപടി നല്‍കാതിരിക്കുമോ എന്ന് കര്‍ത്താവ് ചോദിക്കുന്നു. 

                       ദൈവത്തിന്റെ പൈതലേ! പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കാത്തതിനാല്‍ നിനക്കു പ്രാര്‍ത്ഥിക്കുവാനുള്ള തീക്ഷ്ണത കുറഞ്ഞിരിക്കുന്നുവോ? മറുപടി താമസിക്കുന്നതുകൊണ്ട് നിന്റെ പ്രാര്‍ത്ഥനയുടെ തവണകള്‍ കുറഞ്ഞുപോയിട്ടുണ്ടോ? ഈ അവസരംമുതല്‍, നിന്റെ നിരാശ മാറ്റി, നീതിമാനും മഹാകാരുണ്യവാനുമായ കര്‍ത്താവിനോട് നിനക്കു മടുത്തുപോകാതെ നിരന്തരമായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ? 

മടുത്തുപോകാതെ തളര്‍ന്നുപോകാതെ

പ്രാര്‍ത്ഥിക്കാം പ്രാര്‍ത്ഥിക്കാം 

നിരന്തരമായ്  പ്രാര്‍ത്ഥിക്കാം

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com