അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മഹാകാരുണ്യവാനായ ദൈവത്തിന്റെ ആര്‍ദ്രത ഉണര്‍ത്തുവാന്‍ ഭക്ഷണം വെടിഞ്ഞ് ദൈവസന്നിധിയില്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നത് പ്രാചീനകാലംമുതല്‍ പല മതങ്ങളുടെയും പതിവായിരുന്നു. ബാബിലോണിയന്‍പ്രവാസകാലത്ത് യിസ്രായേല്‍മക്കള്‍ വര്‍ഷംതോറും നാലു ഉപവാസങ്ങള്‍ അനുഷ്ഠിച്ചിരുന്നു. അവരുടെ ഉപവാസപ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തില്‍നിന്നു മറുപടി ലഭിക്കാതെ വന്നപ്പോള്‍ ''ഞങ്ങള്‍ ഉപവസിക്കുന്നത് നീ കാണാതിരിക്കുന്നതെന്ത്? ഞങ്ങള്‍ ആത്മതപനം ചെയ്യുന്നത് നീ അറിയാതിരിക്കുന്നതെന്ത്?'' (യെശയ്യാവ് 58 : 3) എന്ന് അവര്‍ യഹോവയോടു ചോദിച്ചു. അതിന് ദൈവം നല്‍കിയ മുകളിലുദ്ധരിച്ചിരിക്കുന്ന മറുപടി ഉപവാസികളെന്നഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും മാര്‍ഗ്ഗദീപമാകണം. നാം ഭക്ഷണം വെടിഞ്ഞ് വിശപ്പോടെ ദൈവസന്നിധിയില്‍ ഇരിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനുപോലും മാര്‍ഗ്ഗമില്ലാതെ വിശന്നു പൊരിയുന്ന സഹോദരങ്ങള്‍ക്ക് നമ്മുടെ കഴിവുകള്‍ക്കൊത്തവണ്ണം സഹായം എത്തിക്കുവാന്‍ തീരുമാനിക്കണം. ദാരിദ്ര്യത്തിലും നിസ്സഹായതയിലും വലയുന്ന സഹോദരങ്ങള്‍ക്ക് നമ്മുടെ വാതില്‍ അടച്ചുകളയരുത്. നമ്മുടെമേല്‍ കാരുണ്യം ചൊരിയുവാന്‍ നീതിമാനായ ദൈവത്തോട് നാം ഉപവസിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം സ്വര്‍ഗ്ഗീയ കാരുണ്യത്തിന്റെ ശ്രീഭണ്ഡാരം നമുക്കായി തുറക്കണമെങ്കില്‍ നാം നമ്മെക്കാള്‍ ഹതഭാഗ്യരായവരുടെമേല്‍ കാരുണ്യം ചൊരിയണം. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവപോലുമില്ലാതെ വലയുന്ന സഹോദരങ്ങളെ സഹായിക്കാതെ ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ടുള്ള ഉപവാസത്തില്‍ ദൈവത്തിന് പ്രസാദമില്ലെന്ന് ദൈവം അരുളിച്ചെയ്യുന്നു.
സഹോദരാ! സഹോദരീ! അന്നവസ്ത്രാദികള്‍ക്കുവേണ്ടിയും അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും നീ ദൈവസന്നിധിയില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ദാരിദ്ര്യത്തിലും ദു:ഖത്തിലും കഴിയുന്നവരെക്കുറിച്ച്, മാറിയുടുക്കുവാന്‍ ഒരു തുണ്ടു തുണിയില്ലാതെ സങ്കടപ്പെടുന്നവരെക്കുറിച്ച്, ഒരു നേരം വയറുനിറച്ച് ആഹാരം കഴിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്തവരെക്കുറിച്ച് നിനക്ക് ചിന്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇങ്ങനെയുള്ളവരുടെമേല്‍ നിനക്കു കാരുണ്യം ചൊരിയുവാന്‍ കഴിയുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന് നിന്റെമേലും കാരുണ്യം ചൊരിയുവാന്‍ കഴിയുകയില്ലെന്ന് നീ ഓര്‍ക്കുമോ?
സ്‌നേഹമാം നിന്‍ നിത്യസ്‌നേഹത്താല്‍
ഏഴ നിന്‍ സാക്ഷിയാകുവാന്‍
ദൈവമേ നിന്‍ ദിവ്യസ്‌നേഹത്താല്‍
ഏഴയെ നിറച്ചീടുക. എന്‍ ദൈവമേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com