അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 125 ദിവസം

കര്‍ത്താവിനുവേണ്ടി സ്വയം സമര്‍പ്പിച്ച് കര്‍ത്താവിനായി ജീവിതം ആരംഭിച്ച് മുമ്പോട്ടു പോകുന്ന ഓരോരുത്തരും ആ തീരുമാനത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കണം. കര്‍ത്താവിനുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചുവെന്നും കര്‍ത്താവിനെ തങ്ങളുടെ രക്ഷിതാവായി സ്വീകരിച്ചുവെന്നും മറ്റും തീയതിയും മാസവും വര്‍ഷവും ഉദ്ധരിച്ച് സാക്ഷ്യങ്ങള്‍ പറയുവാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാല്‍ തുടര്‍ന്നുള്ള തങ്ങളുടെ ജീവിതം എങ്ങനെയാകുന്നുവെന്ന് അധികമാരും പറയാറുമില്ല. കര്‍ത്താവിനായി ജീവിക്കാമെന്ന് തീരുമാനിക്കുന്നവര്‍ എങ്ങനെ ആയിത്തീരണമെന്ന് അപ്പൊസ്തലനായ പൗലൊസ് കൊലൊസ്സ്യവിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു. കര്‍ത്താവിന്റെ വഴിയില്‍ ജീവിക്കാമെന്ന് തീരുമാനിച്ച് കര്‍ത്താവിനെ ജീവിതത്തിന്റെ നായകനും നടത്തിപ്പുകാരനുമായി അവരോധിക്കുന്ന നിമിഷംമുതല്‍ നമ്മുടെ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടെ ഉരിഞ്ഞുകളയണം. അതായത് കര്‍ത്താവിനെ നമ്മില്‍നിന്നകറ്റുന്ന നമ്മുടെ പഴയ സ്വഭാവങ്ങള്‍ ഉപേക്ഷിച്ച് ഒരു പുതിയ മനുഷ്യനായിത്തീരണം. കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍നിന്നു വരുന്ന ദൂഷണം, ദുര്‍ഭാഷണം തുടങ്ങിയ പഴയ സ്വഭാവങ്ങളുടെ അവശിഷ്ടങ്ങള്‍ പുതിയ മനുഷ്യനില്‍ ഉണ്ടാകുവാന്‍ പാടില്ല. നമ്മുടെ വാക്കും പ്രവൃത്തിയും പെരുമാറ്റവുമെല്ലാം നമ്മുടെ കര്‍ത്താവിന്റെ സ്വഭാവത്തിനോട് അനുരൂപമായിത്തീരണം. അപ്പോള്‍ നാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരങ്ങളാകുന്ന പുതിയ മനുഷ്യരായി രൂപാന്തരപ്പെടും. നമ്മുടെ രൂപാന്തരം വാക്കുകളിലൂടെ ലോകം മനസ്സിലാക്കുന്നതിനെക്കാളുപരി നാം ആയിത്തീര്‍ന്നിരിക്കുന്ന പുതിയ മനുഷ്യനെ പ്രവൃത്തികളിലൂടെ മനസ്സിലാക്കി യേശുവിനെ കണ്ടെത്തുവാന്‍ കഴിയണം. 

                     ദൈവത്തിന്റെ പൈതലേ! നീ കര്‍ത്താവിനായി സ്വയം സമര്‍പ്പിച്ചുവെന്നും, കര്‍ത്താവിന്റെ പൈതലായ പുതിയ സൃഷ്ടിയായിത്തീര്‍ന്നുവെന്നും അനേകരോടു സാക്ഷിക്കുമ്പോള്‍, കോപം, ക്രോധം, ദൂഷണം, ദുര്‍ഭാഷണം തുടങ്ങിയ പഴയ മനുഷ്യന്റെ സ്വഭാവങ്ങള്‍ നിന്നിലുണ്ടോ എന്ന് പരിശോധിക്കുമോ? അവയുടെ അവശിഷ്ടങ്ങള്‍ക്കുപോലും നിന്റെ പ്രതിഷ്ഠയെയും, നീയാകുന്ന പുതിയ മനുഷ്യനെയും, നിന്റെ സാക്ഷ്യത്തെയും, തകര്‍ത്തുകളയുവാന്‍ കഴിയും എന്നു നീ ഓര്‍മ്മിക്കുമോ? 

പുതുക്കണം നിറയ്ക്കണം പരിശുദ്ധാത്മാവേ

യേശുവിന്റെ നാമത്തെ വിളംബരം ചെയ്യുവാന്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com