അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 124 ദിവസം

ജീവിതയാത്രയില്‍ ഔന്നത്യത്തിന്റെ കൊടുമുടികള്‍ ദൈവകൃപയാല്‍ കീഴടക്കി മുന്നേറുമ്പോള്‍ പല സഹോദരങ്ങളും തങ്ങള്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാകുന്നു എന്നതു മറക്കുകയും, തങ്ങളുടെ ബുദ്ധിയുടെയും യുക്തിയുടെയും വിദ്യാഭ്യാസയോഗ്യതയുടെയും പ്രാഗത്ഭ്യംകൊണ്ടാണ് അവിടെ എത്തിയിരിക്കുന്നതെന്ന് വീമ്പടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ സര്‍വ്വസാധാരണമാണ്. ദൈവത്തോടു കരഞ്ഞു നിലവിളിച്ച്, അനുഗ്രഹങ്ങള്‍ വാരിക്കൂട്ടി ദൈവത്തെ മറക്കുന്ന സഹോദരങ്ങള്‍ക്ക് അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകള്‍ മാതൃകയാകണം. മറ്റ് അപ്പൊസ്തലന്മാരെക്കാള്‍ ലൗകികമായി വളരെയേറെ ശ്രേഷ്ഠതകള്‍ ഉണ്ടായിരുന്നിട്ടും അവയൊന്നും തന്റെ കഴിവുകളാണെന്ന് പൊലൊസ് അവകാശപ്പെടുന്നില്ല. എബ്രായന്‍, റോമാപൗരന്‍, പരീശന്‍, ഗമാലീയേലിന്റെ പാദപീഠത്തിലിരുന്നു പഠിച്ചവന്‍, തുടങ്ങി അനേക ഭൗതിക ബഹുമതികളോടൊപ്പം, സ്വര്‍ഗ്ഗാരോഹണം ചെയ്ത യേശുവിന്റെ ശബ്ദം കേട്ടവന്‍, അവനെ കണ്ടവന്‍, മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടവന്‍, ജാതികളെ നേടിയവന്‍ തുടങ്ങി അനേകമായ അതിവിശിഷ്ട പദവികള്‍ അലങ്കരിക്കുന്ന പൗലൊസിന് ഇതിന്റെയൊക്കെയും മുഖാന്തരമായി പറയുവാനുള്ളത് ''ദൈവം തന്റെമേല്‍ അത്രമാത്രം കരുണയും കൃപയും ഒഴുക്കി'' എന്നതു മാത്രമാണ്. തന്റെ അനുയായികളെ ക്രൂരമായി പീഡിപ്പിച്ച കഴിഞ്ഞകാല പ്രവൃത്തികള്‍ ഓര്‍ക്കാതെ കര്‍ത്താവ്, തന്റെമേല്‍ കൃപ ചൊരിഞ്ഞതുകൊണ്ടാണ് താന്‍ ഈ പദവികളൊക്കെയും അലങ്കരിക്കുന്നതെന്ന് പൗലൊസിന് എപ്പോഴും ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ താന്‍ ആയിരിക്കുന്നത് ദൈവകൃപയാലാകുന്നു എന്ന് ലോകത്തോടു പ്രഖ്യാപിക്കുവാന്‍ പൗലൊസിന് ആവേശമായിരുന്നു. 

                        ദൈവത്തിന്റെ പൈതലേ! നീ കൈവരിച്ചിരിക്കുന്ന എല്ലാ ലൗകികവും ആത്മീയവുമായ നേട്ടങ്ങളും ''ദൈവകൃപയാലാകുന്നു'' എന്ന് ഉറക്കെ പ്രഖ്യാപിക്കുവാന്‍ നിനക്കിന്നുവരെയും കഴിഞ്ഞിട്ടുണ്ടോ? ദൈവകൃപയാല്‍ നിനക്കു ലഭിച്ച മഹത്ത്വം നിന്റെ ബുദ്ധിയാലും പരിജ്ഞാനത്താലും നേടിയതാണെന്നു നീ ഭാവിച്ച് നിന്നെ കുപ്പയില്‍നിന്നു കോരിയെടുത്ത് കൃപയാല്‍ വളര്‍ത്തിയ ദൈവത്തെ നീ മറന്നാല്‍ നിന്റെ നേട്ടങ്ങളെല്ലാം നഷ്ടവും നാശവുമാകുമെന്ന് നീ ഓര്‍മ്മിക്കുമോ? 

എന്റെ കൃപ നിനക്കു മതി

എന്റെ ശക്തി ബലം നല്‍കി വഴിനടത്തും

എന്നരുളിയ നിന്റെ വാഗ്ദത്തത്താല്‍

യേശുവേ നിന്റെ കൃപ എനിക്കു മതി                    നിന്റെ കൃപ എനിക്കു...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com