അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 123 ദിവസം

തിരക്കേറിയ ജീവിതചര്യയില്‍ ക്ഷീണിതമാകുന്ന ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുവാനാണ് നാം കിടക്കകളെ അഭയം തേടാറുള്ളത്. പകലിലെ അദ്ധ്വാനത്തിന്റെ തളര്‍ച്ചയില്‍ ആ പകല്‍ മുഴുവന്‍ തങ്ങളെ കാത്തുപരിപാലിച്ച കര്‍ത്താവിനെ സ്‌തോത്രം ചെയ്യുവാനോ സ്തുതിക്കുവാനോ കഴിയാതെയാണ് ക്ഷീണിതരായ അനേക സഹോദരങ്ങള്‍ തങ്ങളുടെ കിടക്കയെ പുല്‍കുന്നത്. ഇരുളിന്റെ നിഗൂഢത നിറഞ്ഞ രാത്രിയില്‍ എല്ലാം മറന്ന് പരിസരബോധമില്ലാതെ ഉറങ്ങുമ്പോള്‍ കര്‍ത്താവിന്റെ കരങ്ങള്‍ക്കു മാത്രമേ സുരക്ഷിതമായി അടുത്ത പ്രഭാതത്തില്‍ തങ്ങളെ ഉണര്‍ത്തുവാന്‍ കഴിയുകയുള്ളുവെന്ന് അധികമാരും ചിന്തിക്കാറില്ല. തന്റെ കിടക്കയില്‍പ്പോലും അത്യുന്നതനായ ദൈവത്തെ ധ്യാനിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്ത ഭക്തനായിരുന്നു യിസ്രായേലിന്റെ രാജാവായ ദാവീദ്. ''നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൗനമായിരിക്കുവിന്‍'' (സങ്കീര്‍ത്തനങ്ങള്‍ 4 : 4) എന്ന് ആഹ്വാനം ചെയ്യുന്ന ദാവീദ് അതു നിമിത്തമുണ്ടാകുന്ന അനുഗ്രഹങ്ങളും വിവരിക്കുന്നുണ്ട് ''എന്റെ പ്രാണനു മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തി വരുന്നു: എന്റെ വായ് സന്തോഷമുള്ള അധരങ്ങളാല്‍ നിന്നെ സ്തുതിക്കുന്നു. എന്റെ കിടക്കയില്‍ ഞാന്‍ നിന്നെ ഓര്‍ക്കുകയും രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കുകയും ചെയ്യുന്നു'' (സങ്കീര്‍ത്തനങ്ങള്‍ 63 : 5, 6). ദൈവം നമുക്ക് നല്‍കുന്നതായ അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍ക്കുവാനും ദൈവത്തെ സന്തോഷത്തോടെ പാടി സ്തുതിക്കുവാനുമുളള ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് ശാന്തമായ ശരീരമനസ്സുകളോടെ നാം കിടക്കയില്‍ വിശ്രമിക്കുമ്പോഴാണ്. 

                             സഹോദരാ! സഹോദരീ! നീ കിടക്കയില്‍ വിശ്രമിക്കുമ്പോള്‍, ആ നിമിഷംവരെയും നിന്നെ സൂക്ഷിച്ച ദൈവത്തെ മഹത്ത്വപ്പെടുത്തുവാനോ, കിടക്കുമ്പോഴും നിന്റെമേല്‍ ദൃഷ്ടിവച്ചു പരിപാലിക്കുന്ന ദൈവത്തെ ധ്യാനിച്ചു സ്‌തോത്രം ചെയ്യുവാനോ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ക്ഷീണിച്ച നിന്റെ ശരീരത്തിനും മനസ്സിനും, പ്രാര്‍ത്ഥനയില്ലാതെയുള്ള നിദ്രയ്ക്കു തരുവാന്‍ കഴിയുന്ന സുഖത്തിനും സമാധാനത്തിനും ഉപരിയായ ആനന്ദവും ആശ്വാസവും കിടക്കയില്‍നിന്നുമുയരുന്ന നിന്റെ പ്രാര്‍ത്ഥനകള്‍ക്കു തരുവാന്‍ കഴിയുമെന്നത് നിന്റെ അനുഭവമാക്കുമോ? 

എന്റെ കിടക്കയില്‍ നിന്നെ ഓര്‍ത്തിടുന്നു

രാത്രി യാമങ്ങളില്‍ നിന്നെ ധ്യാനിക്കുന്നു

നിന്റെ ചിറകിന്‍ നിഴലിന്‍ ആനന്ദിക്കും

നീ എന്‍ സഹായമായിത്തീര്‍ന്നുവല്ലോ

നിന്നോടെന്നുള്ളം ചേര്‍ന്നിരിക്കും            ദൈവമേ നീ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com