അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ജനിച്ചു വളര്‍ന്ന ജീവിത സാഹചര്യങ്ങളോട് പെട്ടെന്ന് വിടപറഞ്ഞ് അനിശ്ചിതത്വത്തിലേക്ക് മുന്നോട്ടിറങ്ങുകയെന്നത് സാഹസമാണ്. ബാല്യകാലസ്മരണകളും യൗവനത്തിന്റെ അനുഭവങ്ങളും അനുഭൂതികളും നിറഞ്ഞുനില്‍ക്കുന്ന ഭവനത്തെയും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തില്‍ യാത്ര തിരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ''ഞാന്‍ നിന്നെ കാണിക്കുവാനിരിക്കുന്ന ദേശത്തേക്കു പോകുക'' എന്ന് യഹോവയാം ദൈവം അബ്രാമിനോട് അരുളിച്ചെയ്യുമ്പോള്‍ അതിന്റെ പ്രായോഗികതയെ അബ്രാമിന് ചോദ്യം ചെയ്യാമായിരുന്നു. 75-ാം വയസ്സിലെത്തിനില്‍ക്കുന്ന തനിക്ക് എങ്ങനെ പുതിയൊരു ജീവിതം ആരംഭിക്കുവാന്‍ കഴിയുമെന്നോ, ''കാണിക്കുവാനിരിക്കുന്ന ദേശം'' എവിടെയെന്നോ, എങ്ങനെയുള്ളതെന്നോ ചോദിക്കുവാന്‍ കൂട്ടാക്കാതെ, അബ്രാം ഇറങ്ങിത്തിരിക്കുന്നത് തികഞ്ഞ അവ്യക്തതയിലേക്കാണ്. അറ്റുപോകുന്ന സ്‌നേഹബന്ധങ്ങളെയോ പ്രവര്‍ത്തനശേഷി കുറഞ്ഞിരിക്കുന്ന ശാരീരിക അവസ്ഥയെയോ വകവയ്ക്കാതെ ശൂന്യമായ ഭാവിയിലേക്കു കാലെടുത്തുകുത്തുവാന്‍ അബ്രാമിനെ പ്രേരിപ്പിക്കുന്നത് തന്നെ വിളിച്ച സര്‍വ്വശക്തനായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. തന്റെ ഭര്‍ത്താവിന്റെ തീരുമാനം പൂര്‍ണ്ണമായി അനുസരിച്ച് ഭര്‍ത്താവിനോടൊപ്പം, അവന്‍ കേട്ട ശബ്ദം സമ്പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ച സാറായി ദൈവഭയമുള്ള അനുയോജ്യമായ തുണയുടെ ആദരണീയ മാതൃകയാണ്.
സഹോദരാ! സഹോദരീ! അത്യുന്നതനായ ദൈവം അനേക സന്ദര്‍ഭങ്ങളില്‍ നിന്നെ വിളിച്ചിട്ടില്ലേ? ആ വിളികേട്ട് നിനക്കു പ്രിയമുള്ളതിനെയും പ്രിയപ്പെട്ടതിനെയും ഉപേക്ഷിച്ച്, സ്‌നേഹബന്ധങ്ങളെ മറന്ന്, ദൈവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? സ്‌നേഹവാനായ കര്‍ത്താവ് ഈ സമയത്തും നിന്നെ വിളിക്കുന്നു! യേശുവിന്റെ വിളി കേട്ട് നീ സ്‌നേഹിക്കുന്നവരെയും സ്‌നേഹിക്കുന്നതിനെയും ഉപേക്ഷിച്ച് യേശുവിന്റെ പിന്നാലെ ഇറങ്ങിത്തിരിക്കുമ്പോള്‍ അവന്‍ നിന്റെ സ്‌നേഹിതനായി, കൂട്ടാളിയായി നിന്നെ വഴിനടത്തുമെന്ന് നീ ഓര്‍മ്മിക്കുമോ?
യേശുവിന്‍ വിളിയെ കേള്‍ക്കുമോ നീ
യേശുവിന്നരികില്‍ വരുമോ?
ജീവിത ഭാരങ്ങളാല്‍ നിന്‍
പാദങ്ങളിടറുന്നുവോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com