അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 121 ദിവസം

സമ്പന്നതയുടെയും സമൃദ്ധിയുടെയും ഉത്തുംഗശൃംഗങ്ങളില്‍ എത്തുന്ന മനുഷ്യന് അവിടെനിന്നു നിലംപതിക്കുവാന്‍ ഒരു നിമിഷത്തിന്റെ ഒരംശംപോലും ആവശ്യമില്ലെന്ന് ചിന്തിക്കാറില്ല. തന്നെ ഉയര്‍ത്തിയ ദൈവത്തെ മറക്കരുതെന്നതിനെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികമായ അവസ്ഥയെക്കുറിച്ചും, ദൈവം തന്റെ ദാസന്മാരിലൂടെ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അവന്‍ സ്വീകരിക്കുകയില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും പെരുപ്പംകൊണ്ട് എന്തിനെയും നേരിടാമെന്ന് അഹങ്കരിക്കുന്ന മനുഷ്യനെ അത്യുന്നതനായ ദൈവം തകര്‍ത്തുകളയുന്ന ചിത്രമാണ് നെബൂഖദ്‌നേസര്‍രാജാവിന്റെമേല്‍ ദൈവം നടത്തുന്ന ന്യായവിധിയില്‍ കാണുവാന്‍ കഴിയുന്നത്. പന്ത്രണ്ട് മാസങ്ങള്‍ക്കുമുമ്പ് ''തന്റെ ദാസനായ'' നെബൂഖദ്‌നേസരിന് ഒരു സ്വപ്‌നത്തിലൂടെ താക്കീതു നല്‍കിയെങ്കിലും അതു വകവയ്ക്കാതെ തന്റെ ബുദ്ധിയിലും ശക്തിയിലും സമ്പന്നതയിലും അഹങ്കരിച്ച് അവന്‍ മുന്നോട്ടോടി. ''എന്റെ ശക്തിയുടെ പ്രഭാവത്താല്‍ എന്റെ പ്രതാപ മഹത്ത്വത്തിനായി രാജധാനിയായി പണിത മഹതിയാം ബാബിലോണ്‍ അല്ലയോ?'' എന്ന് സമൃദ്ധിയിലും പ്രതാപത്തിലും ഊറ്റംകൊണ്ട് നെബൂഖദ്‌നേസര്‍ അഹംഭാവത്തോടെ പറഞ്ഞുതുടങ്ങുമ്പോള്‍ത്തന്നെ ദൈവത്തിന്റെ ശിക്ഷാവിധിയും അവന്റെമേല്‍ വന്നു. ആ നിമിഷംതന്നെ പ്രാചീനലോകത്തെ പ്രശസ്തനായ നെബൂഖദ്‌നേസര്‍രാജാവിന് ബുദ്ധിഭ്രമം പിടിപെട്ടു. താനൊരു മൃഗമാണെന്ന തോന്നലില്‍ കാളയെപ്പോലെ പുല്ലു തിന്നുവാനും, മൃഗങ്ങളുടെ സ്വഭാവത്തില്‍ ജീവിക്കുവാനും തുടങ്ങിയ അവന്റെ വാസം, അവന്‍ തന്റെ ശക്തിയുടെ പ്രഭാവത്താല്‍ പടുത്തുയര്‍ത്തിയ കൊട്ടാരത്തിലല്ലായിരുന്നു. പിന്നെയോ കാട്ടിലെ മൃഗങ്ങളോടൊപ്പമായിരുന്നു. 

                             സഹോദരാ! സഹോദരീ! നിനക്ക് ദൈവം തന്നിരിക്കുന്ന ധനത്തിലും പ്രതാപത്തിലും അഹങ്കരിച്ച്, ദൈവത്തെ മറന്നാണ് നീ മുമ്പോട്ടു പോകുന്നതെങ്കില്‍ നിന്റെ മനസ്സിന്റെ സമനില തകര്‍ക്കുവാന്‍ ദൈവത്തിന് ഒരു നിമിഷത്തിന്റെ നേരിയ ഒരംശംപോലും ആവശ്യമില്ലെന്ന് നീ ഓര്‍ക്കുമോ? സുബോധം നഷ്ടപ്പെടുന്ന നിന്നെ ബന്ധുമിത്രാദികള്‍ ആട്ടിക്കളയുമെന്നും അപ്പോള്‍ നിന്റെ സമ്പാദ്യങ്ങള്‍ക്ക് നിന്നെ രക്ഷിക്കുവാന്‍ കഴിയുകയില്ലെന്നും ഓര്‍മ്മിക്കുമോ? 

പണവും പ്രതാപവും കുടുംബമഹിമകളും

രക്ഷിക്കയില്ലെന്നോര്‍ത്തിടേണം

രക്ഷകനേശുവേ സ്വീകരിക്കൂ വേഗം

രക്ഷിതാവായേശു വഴിനടത്തും                     ലോകത്തെ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com