അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 120 ദിവസം

അത്യുന്നതനായ ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങളും ആനുകൂല്യങ്ങളും പ്രാപിക്കുവാനായി ''ഉപവസിക്കുന്നു'' എന്നു പറയുന്നവര്‍ അനേകരാണ്. ഒരു നേരമോ പല നേരമോ ഭക്ഷണം വെടിയുന്നത് ഉപവാസമാണെന്ന് പലരും കരുതുന്നു. ഭക്ഷണത്തോടൊപ്പം ജീവിതത്തില്‍ ദൈവത്തിനു പ്രസാദകരമല്ലാത്ത സ്വഭാവങ്ങളും പ്രവൃത്തികളും ഉപേക്ഷിച്ച് ദൈവസന്നിധിയില്‍ അനുതാപത്തോടെ പ്രാര്‍ത്ഥിക്കുന്നതാണ് തനിക്ക് ഇഷ്ടമുള്ള ഉപവാസമെന്ന് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു. നാം ദൈവസന്നിധിയില്‍ കാരുണ്യത്തിനുവേണ്ടിയും നീതിക്കുവേണ്ടിയും ഉപവസിച്ചു യാചിക്കുമ്പോള്‍ അതേ കരുണയും നീതിയും നമുക്കായി ജോലി ചെയ്യുന്നവരുടെമേലും നാം ചൊരിഞ്ഞു കാണുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ജോലിക്കാര്‍ക്ക് നാം യജമാനന്മാരായിരിക്കുന്നതുപോലെ യഹോവയാം ദൈവം നമ്മുടെ യജമാനനാണ്. നമുക്കുള്ള ജോലികള്‍ ലാഭകരമായി പൂര്‍ത്തീകരിക്കുവാന്‍ നമുക്കായി ജോലി ചെയ്യുന്നവരെ നാം പീഡിപ്പിക്കാറുണ്ട്. ശാരീരികമായി പീഡിപ്പിക്കുന്നില്ലെങ്കിലും നമ്മുടെ ശകാരവര്‍ഷങ്ങളും നമ്മുടെ നിര്‍ദ്ദയമായ പെരുമാറ്റവും അവര്‍ക്ക് മാനസികമായ പീഡനങ്ങളേല്പിക്കുന്നുവെന്നത് പലപ്പോഴും നാം ഓര്‍ക്കാറില്ല. അവരുടെ അദ്ധ്വാനത്തിന് ന്യായമായ വേതനം നല്‍കുവാന്‍ നമുക്കു കഴിയണം. അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിച്ച്, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അവരെ പീഡിപ്പിക്കുന്ന അവസ്ഥയിലാണ് നാം ഉപവസിക്കുന്നതെങ്കില്‍ നമ്മുടെ നല്ല യജമാനനായ ദൈവത്തില്‍നിന്നു യാതൊന്നും നേടുവാന്‍ നമുക്കു സാദ്ധ്യമല്ല. എന്തെന്നാല്‍ അത് ഉപവാസമല്ല, പിന്നെയോ ''ഉണ്ണാവ്രതമാണ്''. 

                          സഹോദരാ! സഹോദരീ! നീ ഭക്ഷണം വെടിഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവത്തോട് അനുഗ്രഹങ്ങള്‍ക്കുവേണ്ടി യാചിക്കുമ്പോള്‍, നിനക്കുവേണ്ടി ജോലി ചെയ്യുന്നവരോടുള്ള നിന്റെ സമീപനം എന്താണ്? നിന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ അവരെ പീഡിപ്പിക്കുമ്പോള്‍, അവര്‍ക്ക് ന്യായമായ വേതനം നല്‍കാതിരിക്കുമ്പോള്‍, നിന്റെ ഉപവാസത്തില്‍ ദൈവത്തിനു പ്രസാദിക്കുവാന്‍ കഴിയുകയില്ലെന്ന് നീ ഓര്‍മ്മിക്കുമോ? 

യേശുവിന്‍ സ്‌നേഹത്തിന്‍ പാത്രമായ് 

പാരിതില്‍ യേശുവേ കാട്ടുവാന്‍ 

യേശുവിന്‍ ശബ്ദമായ്, യേശുവിന്‍ ശക്തിയായ് 

സാധുവേ തീര്‍ക്കുമീ സ്‌നേഹമവര്‍ണ്ണ്യമേ.                സ്‌നേഹമവര്‍ണ്ണ്യ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com