അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ജീവിതത്തില്‍ അഹോവൃത്തിക്കു വകയില്ലാതെ വാതിലുകളോരോന്നും അടഞ്ഞടഞ്ഞുപോകുമ്പോള്‍ അനേക സഹോദരങ്ങളുടെ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും തണുത്തുപോകാറുണ്ട്. നിത്യവൃത്തിക്കുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം, പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖാന്തരങ്ങള്‍ കരിഞ്ഞുപോകുമ്പോള്‍ നിരാശയും സങ്കടവും കടന്നുവരുന്നത് സ്വാഭാവികമാണ്. മുമ്പോട്ടുള്ള ജീവിതത്തിനുള്ളതെല്ലാം നഷ്ടപ്പെട്ടിട്ടും നാളത്തെ അഹോവൃത്തി ഇരുള്‍ നിറഞ്ഞ ചോദ്യചിഹ്നമായിരിക്കുമ്പോഴും ''എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും'' എന്ന് ഉദ്‌ഘോഷിക്കുന്ന ഹബക്കൂക്കിന്റെ ''എങ്കിലും'' എന്ന വാക്ക് പ്രത്യേകം ശ്രദ്ധേയമാണ്. മനുഷ്യജീവിതത്തെ, അസാദ്ധ്യമാക്കിത്തീര്‍ക്കുന്ന വിവിധങ്ങളായ അന്നത്തെ നാശനഷ്ടങ്ങള്‍ വിവരിച്ചശേഷമാണ് ''എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും'' എന്ന് ഹബക്കൂക് പ്രഘോഷിക്കുന്നത്. ആഹാരക്രമത്തിന്റെ ഭാഗമായ അത്തിപ്പഴം ലഭ്യമാകുകയില്ല; മുന്തിരിച്ചാര്‍ ഇനിമേല്‍ ഉണ്ടാകുകയില്ല; എണ്ണയുടെ ദൗര്‍ലഭ്യത്തോടൊപ്പം നിലങ്ങള്‍ ഫലങ്ങള്‍ വിളയിക്കാത്തതിനാല്‍ ആഹാരത്തിനും ക്ഷാമമായിരിക്കും; ആട്ടിന്‍തൊഴുത്തും ഗോശാലയും ശൂന്യമാകുന്ന അവസ്ഥയില്‍ പാലും ലഭ്യമാകുകയില്ല (ഹബക്കൂക് 3 : 17). ഇങ്ങനെ നാളെയെന്നുള്ളത് മരണത്തിന്റെ കരിനിഴല്‍ വീശുന്ന, ഒരു ദു:സ്വപ്‌നമായിരിക്കെയാണ് പ്രവാചകനായ ഹബക്കൂക് തന്റെ രക്ഷയുടെ ദൈവമായ യഹോവയില്‍ ഘോഷിച്ചുല്ലസിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. എന്തെന്നാല്‍ ക്ഷാമകാലത്തും തന്റെ ജനത്തെ ക്ഷേമമായി പോറ്റുന്നവനാണ് താന്‍ ആരാധിക്കുന്ന യഹോവയാം ദൈവമെന്ന് ഹബക്കൂക്കിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.
ദൈവത്തിന്റെ പൈതലേ! നാളെയെക്കുറിച്ചുള്ള ഭയാനകമായ ഭീഷണികള്‍ നിന്നെ തളര്‍ത്തിയിരിക്കുന്നുവോ? മുമ്പോട്ടു പോകുവാന്‍ കഴിയാത്തവണ്ണം പ്രശ്‌നങ്ങള്‍ നിന്റെ പ്രത്യാശയെ തകര്‍ത്തിരിക്കുന്നുവോ? എങ്കില്‍ ഈ അവസരത്തില്‍ ഹബക്കൂക്കിന്റെ ദൈവത്തെ നീ മുറുകെ പിടിക്കുക! അവന്‍ നിന്നെ രക്ഷിക്കുവാന്‍ മതിയായവനാണെന്ന് നീ മനസ്സിലാക്കുമോ? ക്ഷാമകാലത്തും നിന്നെ ക്ഷേമമായി പോറ്റുന്നവനാണ് അവനെന്ന് നീ ഓര്‍ക്കുമോ?
ദു:ഖവും നെടുവീര്‍പ്പുമോടിപ്പോകും
ആനന്ദത്താല്‍ നിത്യാനന്ദത്താല്‍
യഹോവയിന്‍ ജനം യാത്രചെയ്യും. യഹോവയാല്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com


