അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 117 ദിവസം

യേശുവിന്റെ സ്‌നേഹാര്‍ദ്രമായ വിളികേട്ട് ഉപവാസ പ്രാര്‍ത്ഥനകളിലും ധ്യാന യോഗങ്ങളിലും ആത്മീയ ശുശ്രൂഷകളിലും അനേകര്‍ പാപപങ്കിലമായ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് അനുതപിച്ച് പുതിയ സൃഷ്ടികളായി അരുമനാഥന്റെ തിരുസന്നിധിയില്‍ സ്വയം സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ അപ്രകാരം അനുതപിച്ച് കര്‍ത്താവിനോടു ക്ഷമ യാചിക്കുന്ന അനേക സഹോദരങ്ങള്‍ അവരുടെ ചെയ്തികള്‍ നിമിത്തം മറ്റുള്ളവര്‍ സഹിച്ചുകൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. കര്‍ത്താവിന്റെ വിളികേട്ട് കാട്ടത്തിയില്‍നിന്ന് ഇറങ്ങിവന്ന സക്കായി കര്‍ത്താവിനോടു പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ചുങ്കക്കാരില്‍ പ്രധാനി ആയിരുന്ന സക്കായി ധനികനായിരുന്നു. അവന്‍ വാരിക്കൂട്ടിയത് അനീതിയുടെയും അധര്‍മ്മത്തിന്റെയും സമ്പത്തായിരുന്നു. അവന്റെ വസ്തുവകയില്‍ പകുതി ദരിദ്രര്‍ക്കായി കൊടുക്കുമ്പോള്‍, അവശേഷിക്കുന്ന പകുതിയില്‍നിന്നുമാണ് ചതിവായി വാങ്ങിയിട്ടുള്ളതിന്റെ നാലിരട്ടി മടക്കിക്കൊടുക്കുവാന്‍ സക്കായി തയ്യാറാകുന്നത്. യേശുവിന്റെ സ്‌നേഹത്തില്‍ അലിഞ്ഞുചേര്‍ന്ന സക്കായിക്ക്, തന്റെ ചതികള്‍ നിമിത്തം ദു:ഖിക്കുന്നവര്‍ക്കായി തന്റെ സമ്പത്ത് വിഭജിക്കുന്നതിന് ആവേശമായിരുന്നു. കാരുണ്യസാഗരമായ കര്‍ത്താവിന്റെ ശബ്ദം അവന്‍ കേട്ടപ്പോള്‍ നിസ്സഹായരും നിരാലംബരുമായ ദരിദ്രരുടെമേല്‍ അവന്റെ കാരുണ്യം അണപൊട്ടി ഒഴുകി... 

                     സഹോദരാ! സഹോദരീ! കര്‍ത്താവ് നിന്റെ കഴിഞ്ഞകാല ജീവിതത്തിന്റെ പാപങ്ങളെല്ലാം ക്ഷമിച്ചുവെന്ന് നീ അവകാശപ്പെടുന്നുവെങ്കില്‍ സക്കായിയെപ്പോലെ പാപപങ്കിലമായ നിന്റെ കഴിഞ്ഞകാല ജീവിതത്തിലെ പ്രവൃത്തികള്‍മൂലം നഷ്ടസങ്കടങ്ങളിലായവര്‍ക്കുവേണ്ടി നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ നീ പുതിയ സൃഷ്ടിയായി എന്നു സാക്ഷിക്കുമ്പോഴും നിന്റെ കഴിഞ്ഞകാല ചെയ്തികള്‍ നിമിത്തമുള്ള അവരുടെ കണ്ണുനീര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വീണുകൊണ്ടിരിക്കുകയായിരിക്കും എന്ന് നീ ഓര്‍ക്കുമോ? കര്‍ത്താവ് നിന്നോടു കരുണ കാണിച്ചിട്ടും ഒരിറ്റു കാരുണ്യം നിന്റെ സമസൃഷ്ടികളുടെമേല്‍ ചൊരിയുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? 

പുതു സൃഷ്ടിയായി തീര്‍ന്നു നിന്‍

നിത്യ ജീവന്‍ പ്രാപിപ്പാന്‍

എന്‍ പാപങ്ങള്‍ കഴുകേണമേ                        യേശുവേ നിന്‍ സ്‌നേഹ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com