അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വിശുദ്ധനായ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഇറങ്ങിത്തിരിക്കുന്ന അനേക സഹോദരങ്ങള്‍ തങ്ങളുടെ ജീവിത വിശുദ്ധി നഷ്ടപ്പെടുത്തി ദൈവകോപവും ശാപവും നേടി ജീവിതം ദു:ഖപര്യവസായിയാക്കിത്തീര്‍ക്കാറുണ്ട്. ദൈവത്തിനുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചവര്‍, ജനലക്ഷങ്ങളുടെ ഇടയിലേക്ക് യേശുവിന്റെ ശക്തിയും സ്‌നേഹവുമായി ഇറങ്ങിച്ചെന്നവര്‍, അജപാലകന്മാര്‍ തുടങ്ങി അജഗണങ്ങള്‍വരെയും, വിശുദ്ധിയില്‍നിന്നു വീണുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ അപ്പൊസ്തലന്റെ വാക്കുകള്‍ക്കു പ്രസക്തിയേറുന്നു. നാം മറ്റുള്ളവരുടെ അസാന്മാര്‍ഗ്ഗികതകളിലേക്കു വിരല്‍ ചൂണ്ടുമ്പോള്‍ നമ്മുടെമേലും സാത്താന്‍ തന്ത്രപൂര്‍വ്വം ഈ അമ്പെയ്യുമെന്ന് ഓര്‍ത്തുകൊള്ളണം. നമ്മില്‍ അങ്കുരിക്കുന്ന കൊച്ചുകൊച്ചു മോഹങ്ങളെയാണ് സാത്താന്‍ വളര്‍ത്തുന്നത്. ആ മോഹങ്ങളെ താലോലിച്ച് വീണ്ടും വീണ്ടും അവ വളരുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതു നമ്മുടെ വിശുദ്ധിയെ ദ്രവിപ്പിക്കുകയാണെന്ന് നാം ഓര്‍ക്കാറില്ല. ''സ്ത്രീയെ കാമാസക്തിയോടെ നോക്കുന്ന ഓരോരുത്തനും ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തിരിക്കുന്നു'' (മത്തായി 5 : 28) എന്ന കര്‍ത്താവിന്റെ വാക്കുകള്‍ നോട്ടത്തിലൂടെ ഉടലെടുക്കുന്ന കാമാസക്തിയുടെ ഭയങ്കരമായ ആത്മീയ ദുരന്തത്തെ വിളിച്ചറിയിക്കുന്നു. ഒരു നോട്ടത്തിലൂടെ ഉടലെടുത്ത മോഹമാണ് ദാവീദിനെ വ്യഭിചാരിയും വഞ്ചകനും കൊലപാതകിയുമാക്കിത്തീര്‍ത്ത് അവന്റെ തലമുറകളെ തകര്‍ക്കുന്ന വാള്‍ വരുത്തിവച്ചത്. അതുകൊണ്ടാണ് നമ്മുടെ വിശുദ്ധി ഉറപ്പാക്കേണ്ടതിന് എല്ലാവിധ ലൈംഗിക ദുര്‍ന്നടപ്പില്‍നിന്നും അകന്നിരിക്കുവാന്‍ അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നത്.
ദൈവത്തിന്റെ പൈതലേ! നിന്റെ വായനയും സംസാരവും കേള്‍വിയും നോട്ടവും നിന്നില്‍ അശുദ്ധ മോഹങ്ങളെ, വികാരങ്ങളെ ജനിപ്പിക്കുന്നുവെങ്കില്‍ അവ ആദ്യം നിന്റെ ഹൃദയത്തെയും തുടര്‍ന്നു നിന്റെ ശരീരത്തെയും ലൈംഗീക ദുര്‍ന്നടപ്പിലേക്ക് നയിക്കുമെന്ന് നീ മനസ്സിലാക്കുമോ? നീ താലോലിക്കുന്ന പാപത്തിന്റെ കൊച്ചു കൊച്ചു ജഡിക സുഖങ്ങള്‍ നിന്നിലുള്ള പരിശുദ്ധാത്മാവിനെ നിന്നില്‍നിന്ന് അകറ്റുകയാണെന്ന് നീ ഓര്‍മ്മിക്കുമോ?
ക്രൂശിന്മേല്‍ ചിന്തിയ തങ്കനിണത്താല്‍
ശുദ്ധനാക്കിയേഴയേത്തന്‍ നിത്യസ്‌നേഹത്താല്‍ വാഴ്ത്തിടാം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com