അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 115 ദിവസം

ദൈവസന്നിധിയില്‍ സ്വയം സമര്‍പ്പിച്ച് പുതിയ സൃഷ്ടികളായി ജീവിതം ആരംഭിക്കുമ്പോള്‍ പലപ്പോഴും അനേക സഹോദരങ്ങളെ എതിരേല്‍ക്കുന്നത് കഷ്ടങ്ങളുടെയും വേദനകളുടെയും മന:ക്ലേശങ്ങളുടെയും ഘോഷയാത്രകളായിരിക്കും. ദൈവഹിതമനുസരിച്ചു ജീവിക്കുന്നതിനുമുമ്പ് ഇങ്ങനെയുള്ള പ്രയാസങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലല്ലോ എന്നു തോന്നിപ്പോകുന്ന ആ സാഹചര്യങ്ങളില്‍ പല സഹോദരങ്ങളും നിരാശപ്പെട്ടുപോകാറുണ്ട്. ദൈവത്തെ കൂടുതലായി സ്‌നേഹിക്കുമ്പോള്‍, ദൈവത്തിനുവേണ്ടി കൂടുതലായി പ്രവര്‍ത്തിക്കുമ്പോള്‍ എന്തിനീ കഷ്ടങ്ങളും നഷ്ടങ്ങളുമെന്ന് അനേക സഹോദരങ്ങള്‍ ചിന്തിച്ചുപോകാറുണ്ട്. യിസ്രായേല്‍രാജാവിനെയും അവന്റെ പതിനായിരക്കണക്കിന് പടയാളികളെയും ഞെട്ടിവിറപ്പിച്ച മല്ലനായ ഗൊല്യാത്തിനെ തകര്‍ത്തത് ദാവീദിന്റെ കവണയില്‍ നിന്നു പാഞ്ഞുചെന്ന ഒരു മിനുസമുള്ള കല്ലായിരുന്നു. അത് തോട്ടില്‍ ഉണ്ടായിരുന്ന അനേക കല്ലുകളില്‍നിന്നും ദാവീദ് തിരഞ്ഞെടുത്ത മിനുസമുള്ള അഞ്ചു കല്ലുകളില്‍ ഒന്നായിരുന്നു. പല ആകൃതിയിലും പ്രകൃതിയിലുമുള്ള നിരവധി കല്ലുകളുടെ ഇടയില്‍ ഇവ എങ്ങനെ മിനുസമുള്ളതായിത്തീര്‍ന്നു? അവയുടെമേല്‍ ഉണ്ടായിക്കൊണ്ടിരുന്ന നിരന്തരമായ മര്‍ദ്ദനങ്ങളും ഹേമങ്ങളും ഉരച്ചിലുകളുമെല്ലാം ആ കല്ലിന്റെ മൂര്‍ച്ചയേറിയ കോണുകളെയും മൂലകളെയും പരുപരുത്ത ഉപരിതലത്തെയും മിനുസമുള്ളതാക്കിത്തീര്‍ത്തു. ആ മിനുസമുള്ള കല്ലിനെയാണ് ആര്‍ക്കും കീഴടക്കുവാന്‍ കഴിയാത്ത ഗൊല്യാത്തിനെ നിലംപരിചാക്കുവാന്‍ ദാവീദിന്റെ കരങ്ങളിലൂടെ ദൈവം ഉപയോഗിച്ചത്. 

                    ദൈവത്തിന്റെ പൈതലേ! ദൈവത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ച നാള്‍മുതല്‍ നീ നേരിടുന്ന കഷ്ടങ്ങളെയും നഷ്ടങ്ങളെയുംകുറിച്ച് നീ ഭാരപ്പെടുന്നുവോ? അന്നുമുതല്‍ നിന്റെ ഔദ്യോഗിക ജീവിതത്തിലും സഭയിലും സമൂഹത്തിലുമെല്ലാം നീ നേരിടുന്ന നിരന്തരമായ സമ്മര്‍ദ്ദങ്ങളും ക്ലേശങ്ങളും നിന്റെ പഴയ മനുഷ്യന്റെ സ്വഭാവങ്ങളാകുന്ന കോണുകളും മൂലകളും ഉരച്ചുകളഞ്ഞ് നിന്നെ ഒരു മിനുസമുള്ള കല്ലാക്കിത്തീര്‍ക്കുവാനുള്ള മുഖാന്തരങ്ങളാണെന്ന് നീ മനസ്സിലാക്കുമോ? അതേ! ദൈവം തന്റെ കരങ്ങളില്‍ ഉപയോഗിക്കുവാന്‍ നിന്നെ ഒരു മിനുസമുള്ള കല്ലാക്കിത്തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു! നീ നിന്നെത്തന്നെ സ്‌തോത്രങ്ങളോടെ അവന്റെ കരങ്ങളില്‍ സമര്‍പ്പിക്കുമോ? 

വൈരിയിന്‍ നടുവില്‍ ഘോരവൈരിയിന്‍ നടുവില്‍ 

മേശയെനിക്കൊരുക്കിടും യഹോവ എന്നിടയന്‍...             യഹോവ....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com