അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ബുദ്ധികൊണ്ടോ യുക്തികൊണ്ടോ ശക്തികൊണ്ടോ നേരിടുവാന്‍ കഴിയാത്ത ഭയാനകമായ പ്രതിസന്ധികള്‍ അപ്രതീക്ഷിതമായി കടന്നുവരുമ്പോള്‍ ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍പോലും പതറിപ്പോകാറുണ്ട്. പ്രതികരണശേഷി നഷ്ടപ്പെട്ട്, ആ ദുര്‍ബ്ബലനിമിഷങ്ങളില്‍ പകച്ചുനില്‍ക്കുമ്പോള്‍ ശത്രുവിന് ആഞ്ഞടിക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കപ്പെടുകയാണെന്ന് നാം ഓര്‍ക്കാറില്ല. തങ്ങളെ വിഴുങ്ങുവാന്‍ പാഞ്ഞടുക്കുന്ന പ്രയാസപ്രതിസന്ധികളെ ദൈവമക്കള്‍ എങ്ങനെ നേരിടണമെന്ന് യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പ്രതികരണത്തില്‍നിന്നു പഠിക്കേണ്ടതാണ്. കടലിനക്കരെനിന്ന് ഒരു വലിയ അരാമ്യസൈന്യം തന്റെ കൊച്ചുരാജ്യമായ യെഹൂദായെ ആക്രമിക്കുവാനായി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നുവെന്ന അറിവുകിട്ടിയ ഉടന്‍ യെഹോശാഫാത്ത് യെഹൂദായില്‍ എല്ലായിടത്തും ആളയച്ചു ജനത്തെ യഹോവയാം ദൈവത്തിന്റെ ആലയത്തിലേക്കു കൂട്ടിവരുത്തി, ഒരു ഉപവാസം പ്രഖ്യാപിച്ചു. അവന്‍ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ നിന്നുകൊണ്ട് തങ്ങള്‍ക്കുനേരേ വരുന്ന ഈ വലിയ സമൂഹത്തെ എതിര്‍ക്കുവാന്‍ കഴിയാത്ത നിസ്സഹായതയെക്കുറിച്ച് ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ യഹോവയുടെ ആത്മാവ് യഹസീയേല്‍ എന്ന ലേവ്യന്റെമേല്‍ വന്ന് അവരോട് ''യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതത്രേ! നാളെ അവര്‍ക്കെതിരേ ചെല്ലുവിന്‍'' എന്നു കല്പിച്ചു. അടുത്ത ദിവസം ''യഹോവയ്ക്ക് സ്‌തോത്രം ചെയ്യുവിന്‍; അവന്റെ ദയ എന്നേക്കുമുള്ളത്'' എന്ന് ദൈവത്തെ പാടി സ്തുതിച്ചുകൊണ്ട് അവര്‍ ശത്രുപാളയത്തിനുനേരേ കടന്നു ചെന്നു. അപ്പോള്‍ യഹോവയാം ദൈവം യെഹൂദായുടെ ശത്രുക്കളെ പൂര്‍ണ്ണമായി നശിപ്പിച്ചുകളഞ്ഞു.
സഹോദരാ! സഹോദരീ! നിന്റെ ബുദ്ധികൊണ്ടോ ശക്തികൊണ്ടോ ധനം കൊണ്ടോ നേരിടുവാനും പരിഹരിക്കുവാനും കഴിയാത്ത വലിയ പ്രതിബന്ധങ്ങള്‍ നിന്നെ ചുറ്റിവളഞ്ഞിരിക്കുന്നുവോ? എങ്കില്‍ യെഹോശാഫാത്തിനെപ്പോലെ നിന്റെ നിസ്സഹായമായ അവസ്ഥയില്‍, ''ദൈവമേ! എന്തു ചെയ്യണമെന്നറിയാതെ എന്റെ കണ്ണു നിങ്കലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു'' എന്നു നിലവിളിക്കുക. അപ്പോള്‍ യെഹോശാഫാത്തിന് ഉത്തരമരുളിയ ദൈവം നിനക്കും ഉത്തരമരുളുമെന്ന് നീ മനസ്സിലാക്കുമോ?
ശത്രുവിന്‍ സൈന്യത്തിന്‍ പോരാട്ടങ്ങള്‍
ഏഴയാമെന്നെ ചുറ്റുമ്പോള്‍
യേശുവേ എന്നേശുവേ നിന്റെ പുണ്യരക്തത്താല്‍
ജയം നല്‍കി കാക്ക ഞങ്ങളെ. യേശുവേ എന്നേശുവേ.....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com