അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താധികര്‍ത്താവും രാജാധിരാജാവുമായ അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍ ധാരാളമാണ്. ആഴ്ചതോറും മുടങ്ങാതെ ദൈവാലയാരാധനകളില്‍ വിശുദ്ധ കുര്‍ബ്ബാന ''കാണുന്നതും'' കൂട്ടായ്മകളിലും കണ്‍വെന്‍ഷന്‍ പന്തലുകളിലും പോയിരുന്ന് പ്രസംഗങ്ങള്‍ ''കേള്‍ക്കുന്നതും'' ദൈവത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണെന്ന് ധരിച്ചിരിക്കുന്നവര്‍ അനേകരാണ്. ഇങ്ങനെ ''കാണലും'' ''കേള്‍ക്കലും'' നടത്തുന്നതിനെക്കാളുപരി ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഏവര്‍ക്കും ദൈവത്തിനുവേണ്ടിയുള്ള അന്തര്‍ദാഹം ഉണ്ടാകണമെന്ന് മുകളിലുദ്ധരിച്ചിരിക്കുന്ന സങ്കീര്‍ത്തനക്കാരന്റെ പ്രാര്‍ത്ഥന വ്യക്തമാക്കുന്നു. മാനിന് ദാഹമുണ്ടാകുമ്പോള്‍ നീരുറവ തേടി അത് ഓടുന്നു. അതിന്റെ ജീവനെ അപായപ്പെടുത്തുവാന്‍ കഴിയുന്ന മറ്റു വന്യമൃഗങ്ങള്‍ ആ വനത്തിലുണ്ടെന്നുള്ളത് അതിനു പ്രശ്‌നമല്ല. അതിന്റെ കുതിപ്പില്‍ കൊമ്പുകള്‍ കാട്ടുവള്ളികളില്‍ കുരുങ്ങിയേക്കുമെന്ന ഭയവും അതിനില്ല. നായാട്ടുകാര്‍ അതിനെ വേട്ടയാടുമെന്ന ഭീതിയില്ലാതെ ദാഹം തീര്‍ക്കുവാനായി മാന്‍ ഓടുന്നു. ഭവിഷ്യത്തുകള്‍ വകവയ്ക്കാതെ ഓടുന്ന മാനിന് നീര്‍ത്തോടുകള്‍ മാത്രമാണ് ലക്ഷ്യം. ദൈവത്തിനായി പ്രവര്‍ത്തിക്കുവാന്‍ അന്തര്‍ദാഹമുള്ളവര്‍, ഭവിഷ്യത്തുകള്‍ വകവയ്ക്കാതെ നീര്‍ത്തോടുകളിലേക്കു കുതിച്ചുപായുന്ന മാനിനെപ്പോലെ, ഭവനത്തില്‍നിന്നും സഹോദരങ്ങളില്‍നിന്നും സ്‌നേഹിതരില്‍നിന്നും സമൂഹത്തില്‍നിന്നും ആയിരിക്കുന്ന ചുറ്റുപാടുകളില്‍നിന്നും പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ മുമ്പോട്ടിറങ്ങണം. ആ അന്തര്‍ദാഹവുമായി കര്‍ത്താവിന്റെ സന്നിധിയിലേക്കു ചെല്ലുന്നവനു മാത്രമേ ജീവജലം സൗജന്യമായി ലഭിക്കുകയുള്ളു.
സഹോദരാ! സഹോദരീ! ദൈവത്തിനുവേണ്ടി ജീവിക്കുവാന്‍, ദൈവത്തിനായി പ്രവര്‍ത്തിക്കുവാന്‍ നീ ആഗ്രഹിക്കുന്നുവോ? എങ്കില്‍ പ്രതിബന്ധങ്ങളെ വകവയ്ക്കാതെ നീര്‍ത്തോടുകളിലേക്ക് ഓടുന്ന മാനിനെപ്പോലെ പ്രത്യാഘാതങ്ങളെ വകവയ്ക്കാതെ കര്‍ത്താവിനുവേണ്ടി മുന്നോട്ടിറങ്ങുവാന്‍ നിനക്കു കഴിയുമോ? ''ദാഹിക്കുന്നവരെല്ലാം എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ'' എന്നരുളിച്ചെയ്ത കര്‍ത്താവ് ഈ അവസരത്തിലും നിന്നെ വിളിക്കുന്നു.
ദാഹിപ്പോര്‍ വന്നെന്നരികില്‍
ജീവജലം കുടിക്കയെന്നോതിയ
യേശുവേ നാം ഘോഷിക്കാം ഘോഷിക്കാം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com