അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ഉടനടി ദൈവം ഉത്തരമരുളുന്നില്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനകളുടെ തീക്ഷ്ണതയും ദൈര്‍ഘ്യവും തവണകളുമൊക്കെ കുറഞ്ഞുപോകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മൂന്നു വര്‍ഷവും ആറു മാസവും നീണ്ടുനിന്ന വരള്‍ച്ചയ്ക്ക് അറുതിവരുത്തുവാന്‍ മടുത്തു പോകാതെ കര്‍മ്മേലില്‍ പ്രാര്‍ത്ഥിച്ച ഏലീയാവ് നമുക്കു മാതൃകയാകണം. കടലിനെ ഉറ്റുനോക്കുന്ന കര്‍മ്മേല്‍പര്‍വ്വതത്തിന്റെ മുകളില്‍ കയറി, കുനിഞ്ഞിരുന്ന്, മുഖം മുഴങ്കാലുകളുടെ നടുവില്‍വച്ച് മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചശേഷം ബാല്യക്കാരനോട് ''നീ ചെന്ന് കടലിലേക്കു നോക്കുക'' എന്ന് ഏലീയാവ് പറയുന്നത്, മണിക്കൂറുകള്‍ക്ക് മുമ്പ് താന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ക്ഷണത്തില്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് തീ ഇറക്കിയ ദൈവം ഉടനടി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. താന്‍ ഒന്നും കാണുന്നില്ലെന്ന മറുപടിയുമായി ബാല്യക്കാരന്‍ വീണ്ടും വീണ്ടും മടങ്ങിവന്നപ്പോള്‍ മടുത്തുപോകാതെ വീണ്ടും വീണ്ടും ഏലീയാവ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നമുക്കു സമസ്വഭാവമുള്ള അഥവാ നമ്മെപ്പോലെയുള്ള ഒരു മനുഷ്യനായ ഏലീയാവ് എങ്ങനെയായിരുന്നു പ്രാര്‍ത്ഥിച്ചത്? മുഴങ്കാലുകളുടെ ഇടയില്‍ മുഖം അമര്‍ത്തി കുനിഞ്ഞിരിക്കുന്ന ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നടക്കുന്ന യാതൊന്നും കാണുവാനോ കേള്‍ക്കുവാനോ കഴിയുകയില്ല. തന്റെ ചുറ്റുമുള്ള കാഴ്ചകളെയും ശബ്ദങ്ങളെയും ശ്രദ്ധിക്കാതെ, മഴ പെയ്യുവാന്‍ സാദ്ധ്യതയുണ്ടോയെന്ന് ആകാശവിതാനത്തിലേക്ക് നോക്കാതെ ഏലീയാവ് പ്രാര്‍ത്ഥിച്ചു. മഴയുടെ യാതൊരു ലക്ഷണവും കടലില്‍ കാണുന്നില്ലെന്ന് ബാല്യക്കാരന്‍ അറിയിച്ചിട്ടും വീണ്ടും പ്രാര്‍ത്ഥിച്ചശേഷം കടലിലേക്ക് നോക്കുവാന്‍ തന്റെ ബാല്യക്കാരനോട് ആവശ്യപ്പെടുന്ന ഏലീയാവിന്റെ പ്രാര്‍ത്ഥന നിരസിക്കുവാന്‍ ദൈവത്തിന് കഴിയുകയില്ലായിരുന്നു. മടുത്തുപോകാതെയുള്ള ഏലീയാവിന്റെ പ്രാര്‍ത്ഥനയ്ക്ക് ഏഴാം പ്രാവശ്യം ദൈവം ഉത്തരമരുളി!
സഹോദരാ! സഹോദരീ! ടെലിഫോണ്‍ബെല്‍ മുഴങ്ങുമ്പോഴും സന്ദര്‍ശകര്‍ വാതിലില്‍ മുട്ടുമ്പോഴും മുറിഞ്ഞുപോകുന്നതാണ് നിന്റെ പ്രാര്‍ത്ഥനകളെങ്കില്‍ അവയ്ക്കു മറുപടി ലഭിക്കുകയില്ലെന്ന് നീ ഓര്‍ക്കുമോ? ഏലീയാവിനെപ്പോലെ ചുറ്റുപാടുമുള്ള സാഹചര്യങ്ങളെയും ശബ്ദങ്ങളെയും പാടെ വിസ്മരിച്ച്, നിന്റെ ഹൃദയത്തെ ദൈവത്തില്‍ സമര്‍പ്പിച്ച് വീണ്ടും വീണ്ടും വീണ്ടും.. മറുപടി ലഭിക്കുന്നതുവരെയും പ്രത്യാശയോടെ നിനക്കു പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ? അപ്പോള്‍ ഏലീയാവിന്റെ ദൈവം നിനക്കും ഉത്തരമരുളും!
ഏഴയിന്‍ പന്ഥാവിലെ... യോര്‍ദ്ദാന്‍ പിളര്‍ന്നീടുവാന്‍
യോശുവാ യേലീയാ...വേലിശയെപ്പോല്‍ തവ കൃപ ചൊരിയണമേ.
ഏഴയെ നയിക്കേണമേ... ഏഴയെ നയിക്കേണമേ. യഹോവയാം ദൈവമേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com