അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ജീവിതയാത്രയില്‍ മുന്നോട്ടു പോകുമ്പോള്‍ പ്രശ്‌നങ്ങളും പ്രതികൂലങ്ങളുമാകുന്ന മതില്‍ക്കെട്ടുകള്‍ നമ്മുടെ മുന്നേറ്റത്തെ അസാദ്ധ്യമാക്കിത്തീര്‍ക്കാറുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അത്യുന്നതനായ ദൈവം നല്‍കുന്ന മറുപടികള്‍ ചിലപ്പോള്‍ നമ്മുടെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതായിരിക്കും. അതിനാല്‍ അനേക സഹോദരങ്ങള്‍ അവയെ അനുസരിക്കുവാന്‍ കൂട്ടാക്കാതെ തിരസ്‌കരിക്കാറുണ്ട്. മോശെയുടെ മരണശേഷം യോശുവയുടെ നേതൃത്വത്തില്‍ പ്രയാണം തുടര്‍ന്ന യിസ്രായേല്‍മക്കള്‍ യെരീഹോമതില്‍ ഭേദിച്ചു മുമ്പോട്ടു പോകുവാന്‍ കഴിയാതെ യെരീഹോസമഭൂമിയില്‍ പാളയമടിച്ചു. അപ്പോള്‍ യഹോവയുടെ സൈന്യത്തിന്റെ അധിപതി കൈയില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ട് യോശുവയുടെ അടുക്കല്‍ ചെന്ന് യെരീഹോമതില്‍ തകര്‍ക്കുവാനുള്ള യുദ്ധതന്ത്രമല്ല പ്രത്യുത, വിരോധാഭാസമെന്നു തോന്നുന്ന ഉപദേശമാണ് അവനു നല്‍കിയത്. ''നിങ്ങളില്‍ യോദ്ധാക്കളായ എല്ലാവരും ദിവസേന ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണം ചുറ്റിനടക്കണം. ഏഴാം ദിവസം ഏഴു പ്രാവശ്യം ചുറ്റണം. ഏഴാമത്തെ പ്രാവശ്യം പുരോഹിതന്മാര്‍ കാഹളം ഊതുകയും ജനമെല്ലാം ഉച്ചത്തില്‍ ആര്‍പ്പിടുകയും വേണം. അപ്പോള്‍ പട്ടണമതില്‍ വീഴും.'' ഇങ്ങനെ ചുറ്റിനടന്ന് ആര്‍പ്പിടുമ്പോള്‍ ഒരു വന്‍മതില്‍ വീഴുന്നത് അന്നുവരെയും കേട്ടിട്ടില്ലാത്ത കാര്യമായിരുന്നു. പക്ഷേ യോശുവയ്ക്ക് യഹോവയുടെ വഴികളെക്കുറിച്ചു യാതൊരു സംശയവുമില്ലായിരുന്നു. യഹോവ കല്പിച്ചപ്രകാരം അവര്‍ മതില്‍ ചുറ്റിനടന്ന് ഏഴാം ദിവസം ആര്‍പ്പിട്ടപ്പോള്‍ ആര്‍ക്കും ഭേദിക്കുവാന്‍ കഴിയാതിരുന്ന യെരീഹോമതില്‍ വീണു.
ദൈവപൈതലേ! ദൈവത്തിന്റെ വിളികേട്ട് ഇറങ്ങിത്തിരിച്ച നിന്റെ പ്രയാണത്തെ, പ്രയാസ പ്രതിസന്ധികളാകുന്ന യെരീഹോമതില്‍ക്കെട്ടുകള്‍ തടഞ്ഞിരിക്കുന്നുവോ? ദൈവം തരുന്ന ആലോചനകള്‍ അപ്രായോഗികമെന്ന് നിനക്കു തോന്നിയിട്ടില്ലേ? അതുകൊണ്ടുതന്നെ ഇന്നും മുമ്പോട്ടു പോകുവാന്‍ കഴിയാതെ മതിലിനു പുറത്തല്ലേ നീ നില്‍ക്കുന്നത്? സ്‌നേഹവാനായ ദൈവത്തെ സമ്പൂര്‍ണ്ണമായി അനുസരിച്ച് നിന്റെ മുമ്പിലുള്ള യെരീഹോമതിലുകള്‍ തകര്‍ത്തു മുന്നേറുവാന്‍ ഇപ്പോള്‍ തീരുമാനിക്കുമോ?
യഹോവ വഴിനടത്തും യഹോവ വഴിനടത്തും
മേഘസ്തംഭമായ് അഗ്‌നിസ്തംഭമായ്
യഹോവ നമ്മെ വഴിനടത്തും. മതിലുകള്‍ തകര്‍ത്തിടും...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com