അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

രോഗങ്ങളുടെയും പ്രതിസന്ധികളുടെയും ആര്‍ത്തിരമ്പുന്ന തിരമാലകളില്‍ ജീവിതപടകു മുങ്ങിത്താണുകൊണ്ടിരിക്കുമ്പോള്‍പ്പോലും യേശുവിനെ തേടുവാനോ, യേശുവിന്റെ സന്നിധിയിലേക്കു കടന്നുവരുവാനോ അനേക സഹോദരങ്ങള്‍ക്കു കഴിയാറില്ല. യേശുവിനു തങ്ങളെ രക്ഷിക്കുവാന്‍ കഴിയുമെന്നറിഞ്ഞിട്ടും പ്രത്യാഘാതങ്ങളെ ഭയപ്പെട്ട് യേശുവിന്റെ അരികിലേക്കു കടന്നുചെല്ലുവാന്‍ കഴിയാതെ നാശത്തിലേക്കു താണുപോകുന്ന സഹോദരങ്ങള്‍ക്ക്, മരണക്കിടക്കയില്‍ കിടന്നിരുന്ന തന്റെ ഓമനപ്പുത്രന്റെ സൗഖ്യം തേടി യേശുവിന്റെ അരികിലെത്തിയ രാജഭൃത്യന്‍ മാതൃകയാകണം. രാജഭൃത്യനെന്നുള്ള പദവിയില്‍ വിദഗ്ദ്ധമായ ചികിത്സകള്‍ തന്റെ മകനു ലഭ്യമായിരുന്നിട്ടും മരണത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരുന്ന തന്റെ ഓമനപ്പുത്രനെ രക്ഷിക്കുവാന്‍ യേശുവിനു മാത്രമേ കഴിയുകയുള്ളുവെന്നു മനസ്സിലാക്കിയ രാജഭൃത്യന്‍ കഫര്‍ന്നഹൂമില്‍നിന്ന് 20 മൈല്‍ ദൂരെയുള്ള കാനാവില്‍ ചെന്ന് യേശുവിനെ കണ്ടു. ഹെരോദാവ് അവന്റെ യാത്രയെക്കുറിച്ചറിയുകയാണെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ വകവയ്ക്കാതെയാണ് അവന്‍ പോയത്. യേശു തന്നോടൊപ്പം തന്റെ വീട്ടിലേക്കു വന്ന് തന്റെ മകനെ സൗഖ്യമാക്കുമെന്ന് ആ പിതാവ് കരുതിയിരുന്നു. തന്റെ മകന്റെ രോഗമെന്തെന്നാരായുകയോ, അവന്റെ ഭവനം എവിടെയെന്നന്വേഷിക്കുകയോ ചെയ്യാതെ ''പൊയ്‌ക്കൊള്ളുക; നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു'' എന്നു മാത്രമാണ് കര്‍ത്താവ് അരുളിച്ചെയ്തത്. കര്‍ത്താവിന്റെ വാക്കുകള്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ടു മടങ്ങിപ്പോയ രാജഭൃത്യനെ എതിരേറ്റത് മകന്റെ സൗഖ്യം തന്നെ അറിയിക്കുവാന്‍ പുറപ്പെട്ട ദാസന്മാരായിരുന്നു.
സഹോദരങ്ങളേ! ആ രാജഭൃത്യനെപ്പോലെ പ്രത്യാഘാതങ്ങള്‍ വകവയ്ക്കാതെ യേശുവിനെ തേടിയിറങ്ങുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോ? യേശുവിനെ സമ്പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് ഭവിഷ്യത്തുകള്‍ വകവയ്ക്കാതെ യേശുവിനായി ഇറങ്ങിത്തിരിക്കുമ്പോഴാണ് യേശു നിങ്ങള്‍ക്കുവേണ്ടി വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഈ അവസരത്തില്‍ നിങ്ങള്‍ മനസ്സിലാക്കുമോ? യേശുവിനു മാത്രമേ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാനും നിങ്ങളെ രക്ഷിക്കുവാനും കഴിയുകയുള്ളുവെന്ന് നിങ്ങള്‍ ഓര്‍മ്മിക്കുമോ?
കരയുമ്പോഴെന്‍ ചാരത്തണയും
പൊന്‍ കരങ്ങളാലെന്‍ കണ്ണീര്‍ തുടയ്ക്കും
മാറോടണച്ചെന്നെ ആശ്വസിപ്പിക്കും
യേശുമാത്രം യേശു എന്നേശുമാത്രം എന്തൊരത്ഭുതം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com