അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

നാം സ്‌നേഹിക്കുന്നവരുടെ വ്യഥകളുടെയും വേദനകളുടെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാം സങ്കടപ്പെടാറുണ്ട്. എന്നാല്‍ ദൈവം നമ്മെ ആക്കിയിരിക്കുന്ന സ്ഥാനങ്ങളുടെ പരിമിതികളില്‍നിന്നുകൊണ്ട് അവര്‍ക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ചിന്തിക്കുവാനോ, ദൈവസന്നിധിയില്‍ അതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനോ, ഉപവസിക്കുവാനോ നമുക്കു കഴിയാറില്ല. പ്രവാസത്തില്‍നിന്നു രക്ഷപ്പെട്ട് യെരൂശലേമില്‍ എത്തിയ തന്റെ ജനമായ യെഹൂദാജനത യെരൂശലേമിന്റെ മതിലുകള്‍ ഇടിഞ്ഞുതകര്‍ന്ന അവസ്ഥയില്‍ അവിടെ കഷ്ടത്തിലും അപമാനത്തിലുമാണ് ജീവിക്കുന്നതെന്ന വാര്‍ത്ത അര്‍ത്ഥഹ്ശഷ്ടാരാജാവിന്റെ പാനപാത്രവാഹകനായിരുന്ന നെഹെമ്യാവ് കേട്ടപ്പോള്‍ അവന്‍ അല്പസമയം കരഞ്ഞ് ആ അദ്ധ്യായം അവസാനിപ്പിക്കുകയല്ലായിരുന്നു. പ്രത്യുത ദു:ഖത്തോടെ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ സന്നിധിയില്‍ തന്റെ ജനത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച് അവരുടെ ഉദ്ധാരണത്തിന് മുഖാന്തരങ്ങളൊരുക്കുവാനായി ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. അതു കടപ്പാടുകളുടെ പൂര്‍ത്തീകരണത്തിനായുള്ള പ്രാര്‍ത്ഥനകളോ ഉപവാസമോ അല്ലായിരുന്നു. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാന്‍ അല്ലായിരുന്നു നെഹെമ്യാവ് ഉപവസിച്ചത്. അവന്റെ കഴിവുകൊണ്ട് യാതൊന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്ന് നെഹെമ്യാവിന് അറിയാമായിരുന്നു. അത്യുന്നതനായ ദൈവത്തിന് അസാദ്ധ്യമായ ഒന്നുമില്ലെന്ന് നെഹെമ്യാവിന് ബോദ്ധ്യവുമുണ്ടായിരുന്നു. അതുകൊണ്ട് മറുപടി ലഭിക്കുന്നതുവരെ ''കുറച്ചുനാള്‍'' തന്റെ ഉപവാസപ്രാര്‍ത്ഥനകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ആത്മാര്‍ത്ഥത നിറഞ്ഞ ആ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ വിലപ്പെട്ടതായിരുന്നു. അവന്റെ സങ്കടത്തിന്റെ കാരണം ആരായുവാനും ആവശ്യമായ സഹായം ചെയ്യുവാനും രാജാവിന്റെ ഹൃദയത്തില്‍ പരിവര്‍ത്തിച്ച അത്യുന്നതനായ ദൈവം യെരൂശലേമിന്റെ മതിലുകള്‍ അമ്പത്തിരണ്ട് ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ നെഹെമ്യാവിന് കൃപ നല്‍കി.
സഹോദരാ! സഹോദരീ! നിന്റെ സഹോദരങ്ങളുടെ കഷ്ടങ്ങളെക്കുറിച്ച് വാക്കുകള്‍കൊണ്ട് സഹതാപം പ്രകടിപ്പിക്കുന്ന നിനക്ക് അവയുടെ പരിഹാരം കാണുവാന്‍ നിന്നെ ഉപയുക്തമാക്കണമേ എന്ന് മറുപടി ലഭിക്കുന്നതുവരെ പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? നെഹെമ്യാവിനെപ്പോലെ ഭവിഷ്യത്തുകളെ ഭയപ്പെടാതെ ദൈവത്തിനുവേണ്ടി, നിന്റെ സഹോദരങ്ങള്‍ക്കുവേണ്ടി ദൈവം നിന്നെ ആക്കിയിരിക്കുന്ന സ്ഥാനങ്ങളില്‍ ശബ്ദമുയര്‍ത്തുമ്പോഴാണ് ദൈവം നിന്നെ ഉപയോഗിക്കുന്നതെന്ന് നീ മനസ്സിലാക്കുമോ?
ഉത്തരമരുളണമേ താതാ പാപങ്ങള്‍ പൊറുക്കണമേ
അങ്ങല്ലാതില്ലാരുമേ എഴയെ രക്ഷിക്കുവാന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com