അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 107 ദിവസം

ദൈവസന്നിധിയിലേക്ക് വ്യക്തികളെ ആകര്‍ഷിക്കുവാന്‍ എത്ര പരിശ്രമിച്ചിട്ടും അതിനു കഴിയുന്നില്ലെന്ന് അനേക സഹോദരങ്ങള്‍ പരാതി പറയാറുണ്ട്. യഹോവയാം ദൈവത്തെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ചിരുന്ന ഒരു ജനതതിയെ, ഏകനായി വീണ്ടും ദൈവവിശ്വാസത്തിലുറപ്പിച്ച ഏലീയാവ് നമുക്ക് മഹത്തായ മാതൃകയാണ്. താന്‍ ആരാധിക്കുന്ന ദൈവമാണ് ദൈവമെന്നറിഞ്ഞ് ജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും യഹോവയാം ദൈവത്തിങ്കലേക്കു തിരിക്കുവാന്‍ ''യഹോവേ ഉത്തരമരുളണമേ!''എന്നാണ് ഏലീയാവ് പ്രാര്‍ത്ഥിക്കുന്നത്. മിസ്രയീം അടിമത്തത്തില്‍നിന്നും തങ്ങളെ വീണ്ടെടുത്ത് യഥാസ്ഥാനപ്പെടുത്തിയ അത്യുന്നതനായ ദൈവത്തെ പാടെ മറന്ന് വിഗ്രഹാരാധികളായിത്തീര്‍ന്ന രാജാവിനെയും പ്രജകളെയും വീണ്ടും ദൈവവിശ്വാസത്തിലേക്കു കൊണ്ടുവരുവാനുള്ള തീക്ഷ്ണതയാണ് അവരുടെ മുമ്പില്‍വച്ച് ബാലിന്റെ പ്രവാചകന്മാരുടെ നേര്‍ക്ക് അമാനുഷികമായ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഏലീയാവിനെ പ്രേരിപ്പിച്ചത്. അതുവരെ തന്റെ പ്രാര്‍ത്ഥനയ്ക്കു മുമ്പില്‍ അത്യുന്നതനായ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു തീ ഇറക്കി അത്ഭുതം പ്രവര്‍ത്തിച്ച അനുഭവമില്ലെങ്കിലും ആ ജനതയെ മുഴുവനായി ക്ഷണത്തില്‍ ദൈവത്തിനായി നേടുവാന്‍ അമാനുഷികമായ ആ അത്ഭുതം ലക്ഷ്യമാക്കി ഏലീയാവ് ഏകനായി പ്രാര്‍ത്ഥിച്ചു. യഹോവയാം ദൈവം തീയിറക്കുന്നില്ലെങ്കിലും, തീയിറക്കുവാന്‍ വൈകുകയാണെങ്കിലുമുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഏലീയാവിന് ഭയമില്ലായിരുന്നു. അതുകൊണ്ടുതന്നെ അത്യുന്നതായ ദൈവത്തിന്റെ അതിമഹത്തായ അത്ഭുതം കണ്ട തന്റെ രാജാവിനെയും അവന്റെ പ്രജകളെയും ദൈവവിശ്വാസത്തിലേക്കു നയിക്കുവാന്‍ ഏലീയാവിനു കഴിഞ്ഞു. 

                             ദൈവപൈതലേ! ദൈവത്തിനുവേണ്ടി ആത്മാക്കളെ നേടുവാന്‍ നീ അഗ്രഹിക്കുന്നുവോ? ദൈവത്തിന്റെ ശക്തിയെന്തെന്ന് നിന്റെ പ്രാര്‍ത്ഥനകളാല്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ദൈവത്തിനുവേണ്ടി വെല്ലുവിളികളുയര്‍ത്തുവാനും സ്വീകരിക്കുവാനും കഴിയുമ്പോഴാണ് ദൈവം നിനക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ബാദ്ധ്യസ്ഥനാകുന്നതെന്നു നീ ഓര്‍മ്മിക്കുമോ? ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭയത്തിനോ ആശങ്കകള്‍ക്കോ ദൈവത്തിന്റെ മഹത്ത്വത്തെ ആര്‍ക്കും കാണിച്ചുകൊടുക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? 

ശത്രുവിന്‍ പോര്‍വിളികള്‍ ചുറ്റും മുഴങ്ങിടുമ്പോള്‍ 

സൈന്യങ്ങള്‍ തന്‍ ദൈവമായ് കാത്തിടുമെന്‍ ദൈവം 

                                                         യഹോവതന്നെ ദൈവം....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com