അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വൈദ്യശാസ്ത്രം കൈയൊഴിയുമ്പോള്‍ മറ്റു ലൗകിക സ്വാധീനങ്ങള്‍ പരാജയപ്പെടുമ്പോള്‍, നിസ്സഹായരായി പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥത തേടുന്നവരും ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നവരും ദൈവദാസന്മാരുടെ പ്രാര്‍ത്ഥന യാചിക്കുന്നവരും അനേകരാണ്. ഇവയൊക്കെ ചെയ്തിട്ടും മരണം ജീവനെ അപഹരിക്കുമ്പോള്‍ അനേക സഹോദരങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലും ദൈവത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടാറുണ്ട്. യഹോവയാം ദൈവം തന്റെ പ്രവാചകനായ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ച് അവന്റെ വ്യഭിചാരവും വഞ്ചനയും കൊലപാതകവും ചൂണ്ടിക്കാട്ടിയപ്പോള്‍ ദാവീദ് ഹൃദയനുറുക്കത്തോടെ നിലവിളിച്ച് അനുതപിച്ചു. ബത്ത്-ശേബയുമായി തന്റെ അവിഹിതവേഴ്ചയിലുണ്ടായ പിഞ്ചു മകനെ ഗുരുതരമായ രോഗം ബാധിച്ചപ്പോള്‍, തന്നെ ശിക്ഷിക്കുമെന്ന് പ്രവാചകനിലൂടെ അരുളിച്ചെയ്ത യഹോവയാം ദൈവത്തിന്റെ സന്നിധിയില്‍ അവന്‍ നിലംപാടെ വീണ് ഉപവസിച്ചു നിലവിളിച്ചു. സിംഹത്തിന്റെയും കരടിയുടെയും മല്ലനായ ഗൊല്യാത്തിന്റെയും ശൗലിന്റെയും കൈയില്‍നിന്നു തന്നെ വിടുവിച്ച ദൈവത്തോട് തന്റെ പിഞ്ചോമനയുടെ ജീവനുവേണ്ടി ഏഴു ദിനരാത്രങ്ങള്‍ ദാവീദ് തകര്‍ന്ന ഹൃദയത്തോടെ ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. അതിന്റെ അന്ത്യത്തില്‍, കുഞ്ഞു മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ അവന്‍ നിലത്തുനിന്നെഴുന്നേറ്റ് കുളിച്ചു, തൈലം പൂശി, വസ്ത്രം മാറി, ദൈവത്തിന്റെ ആലയത്തിലേക്ക് കടന്നുചെന്ന് ദൈവത്തെ നമസ്‌കരിച്ചു. ഏഴു ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിച്ചിട്ടും കുഞ്ഞു മരിച്ചുപോയെങ്കിലും, ആ കണ്ണുനീര്‍താഴ്‌വരയിലും ദൈവത്തിലുള്ള അഗാധമായ സ്‌നേഹവും മാറ്റമില്ലാത്ത വിശ്വാസവും വിശ്വസ്തതയും പ്രകടമാക്കിയ ദാവീദ് നമുക്കു മഹത്തായ മാതൃകയാണ്.
സഹോദരാ! സഹോദരീ! ജീവിതത്തിലെ നിര്‍ണ്ണായകമായ പ്രശ്‌നങ്ങള്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടും അനുകൂലമായ മറുപടികള്‍ ലഭിക്കാതിരിക്കുമ്പോഴും, നിനക്ക് ദാവീദിനെപ്പോലെ ദൈവത്തെ സ്‌നേഹിക്കുവാനും വിശ്വസിക്കുവാനും കഴിയുമോ? ആ സ്‌നേഹവും അചഞ്ചലമായ വിശ്വാസവുമാണ് ദാവീദിന് ദൈവം വിശ്വവിഖ്യാതനായ മറ്റൊരു മകനെ, ശലോമോനെ നല്‍കുവാന്‍ മുഖാന്തമൊരുക്കിയതെന്ന് നീ ഈ അവസരത്തില്‍ ഓര്‍മ്മിക്കുമോ?
പ്രിയമായവര്‍ പിരിഞ്ഞാലും
തളരാതെയെന്‍ മനമേ
പിരിയാ സഖി യേശുവേ സ്തുതി
ദിനവും എന്‍ മനമേ. സ്തുതി സ്തുതിയാല്‍.......
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com