അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സകല നന്മകളുടെയും ഉറവിടമായ, സര്‍വ്വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ സന്നിധിയില്‍ മനുഷ്യന്‍ ചെയ്യുന്ന സര്‍വ്വനന്മകളും വിലപ്പെട്ടതാണ്. നാം ചെയ്യുന്ന, ചെറുതും വലുതുമായ നന്മകളെ ലോകം ആദരിക്കാതെയും അംഗീകരിക്കാതെയും മുന്നോട്ടോടുമ്പോള്‍ അനേക സഹോദരങ്ങള്‍ മടുത്തുപോകാറുണ്ട്. പ്രതിഫലമോ പ്രതികരണമോ വകവയ്ക്കാതെ, തളര്‍ന്നുപോകാതെ, നാം നന്മയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴാണ് തക്കസമയത്ത് നമുക്കു കൊയ്യുവാന്‍ കഴിയുന്നതെന്ന് അപ്പൊസ്തലനായ പൗലൊസ് ഗലാത്യസഭയെ ഉദ്‌ബോധിപ്പിക്കുന്നു. അവസരം കിട്ടുമ്പോഴൊക്കെ നാം എല്ലാവര്‍ക്കും വിശേഷാല്‍ സഹവിശ്വാസികള്‍ക്കു നന്മ ചെയ്യുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. സാമ്പത്തികമായി ചെയ്യുന്ന സഹായം മാത്രമാണ് നന്മയെന്ന് അനേകര്‍ ധരിച്ചുപോയിട്ടുണ്ട്. ദൈവാലയങ്ങളെ ആരാധനയ്ക്കായി സജ്ജീകരിക്കുന്നവര്‍ നന്മ ചെയ്യുന്നവര്‍ ആണ്. ദൈവത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ നന്മ ചെയ്യുന്നവര്‍ ആണ്. ശുശ്രൂഷകളിലേക്കു വരുവാന്‍ വാഹന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവരെ കൊണ്ടുവരുന്നതും അവരെ ശുശ്രൂഷകള്‍ കഴിഞ്ഞ് ഭവനങ്ങളില്‍ എത്തിക്കുന്നതും നന്മയാണ്. കുഞ്ഞുങ്ങളെ ദൈവസന്നിധിയില്‍ വളരുവാന്‍ അഭ്യസനം നല്‍കുന്നവര്‍ നന്മ ചെയ്യുന്നവരാണ്. സഹവിശ്വാസികളുടെ പ്രയാസ ഘട്ടങ്ങളില്‍ ആശ്വാസമായി കടന്നുചെല്ലുന്നവര്‍ നന്മ ചെയ്യുന്നവരാണ്. കണക്കുകൂട്ടലുകളില്ലാതെ, പിറുപിറുപ്പില്ലാതെ, പ്രതിഫലേച്ഛയില്ലാതെ നന്മ ചെയ്യുവാന്‍ കഴിയണമെങ്കില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കണം. അങ്ങനെ പ്രതിഫലേച്ഛയില്ലാതെ, മടുത്തുപോകാതെ, തളര്‍ന്നുപോകാതെ നന്മ ചെയ്യുവാന്‍ കഴിയുമെങ്കില്‍ തക്കസമയത്ത് പ്രതിഫലം കൊയ്‌തെടുക്കുവാന്‍ ദൈവം നമ്മില്‍ പ്രസാദിക്കും.
സഹോദരാ! സഹോദരീ! ദൈവം നിന്നെ ആക്കിയിരിക്കുന്ന സ്ഥാനത്ത് നിനക്ക് എന്തെങ്കിലും നന്മകള്‍ മറ്റുള്ളവര്‍ക്കുവേണ്ടി, വിശേഷാല്‍ സഹവിശ്വാസികള്‍ക്കുവേണ്ടി, ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ? നിന്റെ സമ്പത്തിനും ജീവിതസാഹചര്യങ്ങള്‍ക്കും കോട്ടം വരാതെ എന്തെല്ലാം നന്മകള്‍ നിനക്കു ചെയ്യുവാന്‍ കഴിയുമെന്ന് നീ ചിന്തിക്കാറുണ്ടോ? നീ ചെയ്യുന്ന ചെറുതും വലുതുമായ നന്മകള്‍ ലോകം അംഗീകരിക്കുന്നില്ലെങ്കിലും, തളര്‍ന്നുപോകാതെ അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാവര്‍ക്കും, വിശിഷ്യാ സഹവിശ്വാസികള്‍ക്കും നന്മ ചെയ്യുമെന്ന് ഈ പ്രഭാതത്തില്‍ നീ തീരുമാനിക്കുമോ?
നിന്‍ വേല ഇഹത്തില്‍ തികച്ചീടുവാന്‍
ആത്മാവിന്‍ വരങ്ങള്‍ നല്‍കണമേ...
നല്‍കീടണമേ യേശുപരാ നിന്‍
പരിശുദ്ധാത്മാവരങ്ങള്‍... വരികയെന്നരികിലെന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com