സെഖര്യാവ് 6
6
നാലു രഥങ്ങൾ
1ഞാൻ വീണ്ടും തല ഉയർത്തിനോക്കി, അതാ, എന്റെമുമ്പിൽ രണ്ടു പർവതങ്ങളുടെ മധ്യത്തിൽനിന്നു പുറപ്പെടുന്ന നാലു രഥങ്ങൾ. ആ പർവതങ്ങൾ വെള്ളോടുപർവതങ്ങൾ ആയിരുന്നു. 2ഒന്നാമത്തെ രഥത്തിനു ചെമന്ന കുതിരകളും രണ്ടാമത്തേതിനു കറുത്ത കുതിരകളും 3മൂന്നാമത്തേതിനു വെള്ളക്കുതിരകളും നാലാമത്തേതിനു പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെയും പൂട്ടിയിരുന്നു—ഇവയെല്ലാം ബലമേറിയവ ആയിരുന്നു. 4എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ ചോദിച്ചു, “എന്റെ യജമാനനേ, ഇവ എന്താകുന്നു?”
5ദൂതൻ എന്നോടു മറുപടി പറഞ്ഞു: “സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്നവരും അവിടത്തെ ദൗത്യനിർവഹണത്തിനായി പുറപ്പെട്ടുപോകുന്നവരുമായ സ്വർഗത്തിലെ നാല് ആത്മാക്കളാകുന്നു. 6കറുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം വടക്കേരാജ്യത്തിലേക്കുപോയി, വെളുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം പടിഞ്ഞാറോട്ടുപോയി, പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെ പൂട്ടിയിരുന്ന രഥം തെക്കോട്ടുപോയി.”
7ആ ബലമേറിയ കുതിരകൾ പുറപ്പെട്ടശേഷം അവ ഭൂമിയിലെങ്ങും പോകാൻ ബദ്ധപ്പെട്ടു. അപ്പോൾ യഹോവ, “ഭൂമിയിലെങ്ങും പോകുവിൻ!” എന്നു കൽപ്പിച്ചു. അങ്ങനെ അവ ഭൂമിയിലെങ്ങും പോയി.
8അപ്പോൾ യഹോവ എന്നോടു വിളിച്ചുപറഞ്ഞു: “നോക്കുക, വടക്കേദേശത്തേക്കു പോകുന്നവ വടക്കേദേശത്തെ എന്റെ ക്രോധം ശമിപ്പിച്ചിരിക്കുന്നു.”
യോശുവയ്ക്കു കിരീടം
9യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 10“ബാബേലിൽനിന്നു വന്ന ഹെൽദായ്, തോബിയാവ്, യെദായാവ് എന്നീ പ്രവാസികളുടെ പക്കൽനിന്നു വെള്ളിയും സ്വർണവും വാങ്ങുക. അന്നുതന്നെ, സെഫന്യാവിന്റെ മകനായ യോശിയാവിന്റെ വീട്ടിൽ പോകണം. 11വെള്ളിയും സ്വർണവും എടുത്ത് ഒരു കിരീടം ഉണ്ടാക്കി യെഹോസാദാക്കിന്റെ മകൻ യോശുവ എന്ന മഹാപുരോഹിതന്റെ തലയിൽ വെക്കുക. 12അദ്ദേഹത്തോട്, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക: ‘ശാഖാ എന്നു പേരുള്ള പുരുഷൻ ഇവിടെയുണ്ട്. അദ്ദേഹം തന്റെ സ്ഥാനത്തുനിന്നു ശാഖകൾ നീട്ടുകയും യഹോവയുടെ ആലയം പണിയുകയും ചെയ്യും. 13അദ്ദേഹംതന്നെയാണ് യഹോവയുടെ ആലയം പണിയുന്നത്. അദ്ദേഹം തേജസ്സു ധരിച്ചു തന്റെ സിംഹാസനത്തിലിരുന്ന് ഭരണംനടത്തും. അദ്ദേഹം തന്റെ സിംഹാസനത്തിൽ ഒരു പുരോഹിതൻ ആയിരിക്കും; ഇരുവർക്കുംതമ്മിൽ ഐക്യമുണ്ടാകും.’ 14ഹേലം,#6:14 ഹൽദായി, ഹേലം എന്നതിന്റെ മറ്റൊരുരൂപം. തോബിയാവ്, യെദായാവ്, സെഫന്യാവിന്റെ മകൻ ഹേൻ എന്നിവരുടെ സ്മാരകമായി യഹോവയുടെ ആലയത്തിൽ ആ കിരീടം നൽകപ്പെടും. 15വിദൂരത്തുനിന്നുള്ളവർ വരികയും യഹോവയുടെ ആലയം പണിയാൻ സഹായിക്കുകയും ചെയ്യും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ജാഗ്രതയോടെ അനുസരിക്കുമെങ്കിൽ ഇപ്രകാരം സംഭവിക്കും.”
Currently Selected:
സെഖര്യാവ് 6: MCV
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.